ആറ്റിങ്ങൽ: വീട്ടിൽവച്ച് പരിക്കേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കേരള കോൺഗ്രസ് സ്‌കറിയാവിഭാഗം നേതാവ് കോരാണി സനിൽ(65) മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ മകൻ ബാലഗോപാലിനെ (35) ആറ്റിങ്ങൽ പോലീസ് അറസ്റ്റുചെയ്തു.

To advertise here,

ഒരാഴ്ച മുൻപാണ് കോരാണി സനിലിനെ വീടിനുള്ളിൽ പരിക്കേറ്റനിലയിൽ കണ്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സനിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ മുൻ സെക്രട്ടറിയാണ് കോരാണി സനിൽ. പരിക്കേറ്റത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എച്ച്.ആർ.എ. ഭാരവാഹികൾ ആറ്റിങ്ങൽ പോലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സനിലിന് പരിക്കേറ്റതിനുപിന്നിൽ ബാലഗോപാലാണെന്ന് പോലീസിന് സംശയമുണ്ടായത്.

സനിലിന്റെ മൊഴിയെടുക്കാൻ കഴിയാതിരുന്നതോടെ വീട്ടുജോലിക്കാരിയുടെ മൊഴിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. ആശുപത്രിയിൽ സനിലിനെ പരിചരിക്കാൻ ഒപ്പമുണ്ടായിരുന്നത് ബാലഗോപാലായിരുന്നു.
സനിൽ മരിച്ചതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിൽ ബാലഗോപാൽ കുറ്റംസമ്മതിച്ചതായി ഇൻസ്‌പെക്ടർ വി.കെ. ശ്രീജേഷ് പറഞ്ഞു. ഫോൺ ചാർജ് ചെയ്തുനൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അച്ഛനെ ആക്രമിക്കാനിടയാക്കിയതെന്നാണ് ബാലഗോപാൽ പോലീസിന് മൊഴിനൽകിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.