ലഖ്നൗ: ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ മീററ്റ് കോടതി. രവിത, അയൽവാസിയായ കാമുകൻ അമർദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നു നിരീക്ഷിച്ച കോടതി, ഇരുവർക്കും പരമാവധി ശിക്ഷവിധിക്കുകയായിരുന്നു. ഒക്ടോബർ ഏഴിനാണ് ഇരുവരെയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
അക്ബർപുർ സാദത്ത് ഗ്രാമത്തിൽ താമസിച്ചിരുന്ന അമിത് കശ്യപ് എന്ന മിക്കിയെ 2025 ഏപ്രിൽ 12-നാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടിയിൽ പാമ്പിനെ കുടുങ്ങിയ നിലയിൽ കണ്ടെത്തിയതോടെ കടിയേറ്റുള്ള മരണമാണെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാൽ കഴുത്തിലെ പരിക്കുകളും ശരീരത്തിലെ പോറലുകളും മരണത്തിൽ സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കഴുത്തുഞെരിച്ചതിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
പ്രണയത്തിലായിരുന്ന രവിതയും അമർദീപും ചേർന്ന് കശ്യപിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. മരണം പാമ്പുകടിയേറ്റാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിനടിയിൽ പാമ്പിനെ വയ്ക്കുകയായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു. പാമ്പിനെ പിടികൂടി ഒരു പാത്രത്തിൽ സൂക്ഷിച്ചിരുന്നു. പിന്നീട് പാമ്പിനെ പരിശോധിച്ച പാമ്പാട്ടികൾ അതിന്റെ വിഷസഞ്ചി നീക്കംചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതോടെ പാമ്പുകടിയേറ്റല്ല മരണമെന്നുറപ്പായി. പിന്നീട് പാമ്പിനെ എത്തിച്ചുനൽകിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയും ചോദ്യം ചെയ്തശേഷമാണ് രവിതയെയും അമർദീപിനെയും അറസ്റ്റുചെയ്തത്.
അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ഫോൺ രേഖകളും കേസിൽ നിർണായക തെളിവായെന്ന് അധികൃതർ അറിയിച്ചു. കശ്യപിന്റെ മരണശേഷം നാലുദിവസത്തിനിടെ രവിതയും അമർദീപും എഴുപതിലധികം തവണയാണ് ഫോണിൽ സംസാരിച്ചത്. ഈ ഒരു നമ്പറിലൂടെ ഇരുവരും ആകെ അഞ്ഞൂറിലധികം ഫോൺവിളികൾ നടത്തിയതായും കണ്ടെത്തി.
Content Highlights: A Meerut court sentenced a woman named Ravita and her lover Amardeep to death for strangling her husband, Amit Kashyap.
Published: 16 Oct 2026, 05:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented