തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിയ കൂടത്തിൽ കൊലപാതക പരമ്പരയിൽ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോഴും, പ്രധാന പ്രതി രവീന്ദ്രൻ നായരുടെ അറസ്റ്റ് ഇത്രയും വൈകിയതിൽ ദുരൂഹതയേറുന്നു. ശാസ്ത്രീയ തെളിവുകളും കൃത്യമായ സൂചനകളും ലഭിച്ചിട്ടും മാസങ്ങളോളം പ്രതിയെ സ്വതന്ത്രനായി വിഹരിക്കാൻ അനുവദിച്ചത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന ആരോപണം ശക്തമാണ്.
കൊലപാതകത്തിനുശേഷം തികച്ചും സാധാരണക്കാരനെപ്പോലെ നാട്ടിൽ സജീവമായി നടന്നിരുന്ന രവീന്ദ്രൻ നായർ, കേസിൽ നിന്ന് രക്ഷപ്പെടാൻ അതിസങ്കീർണ്ണമായ പദ്ധതികളാണ് ആവിഷ്കരിച്ചത്. അന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ 1.30 കോടിയോളം രൂപയാണ് ഇയാൾ സാക്ഷികളെ സ്വാധീനിക്കാനായിമാത്രം ചെലവഴിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അറിയാമായിരുന്ന വീട്ടുജോലിക്കാരിക്ക് 25 ലക്ഷം രൂപ വിലമതിക്കുന്ന വീടും സ്ഥലവുമാണ് പ്രതി നൽകിയത്. ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചു എന്ന് പ്രതി അവകാശപ്പെട്ട ഓട്ടോ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ നൽകാമെന്ന് രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇയാൾ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ പോലീസിനോട് യഥാർത്ഥ വിവരങ്ങൾ തുറന്നു പറഞ്ഞതോടെ പ്രതി ഈ തുക നൽകിയില്ല.
ബ്രെയിൻ മാപ്പിങ് ഫലം വന്നിട്ടും വൈകിയ അറസ്റ്റ്
കഴിഞ്ഞ ജനുവരിയിലാണ് കേസിൽ നിർണ്ണായക വഴിത്തിരിവായ രവീന്ദ്രൻ നായരുടെ ബ്രെയിൻ മാപ്പിങ് പരിശോധന നടന്നതും അതിന്റെ ഫലം പുറത്തുവന്നതും. കൊലപാതകത്തിൽ ഇയാളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടും മാസങ്ങളോളം ഇയാളെ അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നുണ്ട്.
കൂട്ടാളിയെ പൂട്ടാൻ അന്വേഷണ സംഘം
ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചത് സജു എന്നയാളുടെ കാറായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ കണ്ടെത്തിയ കാറിന്റെ ഉടമയും കൂട്ടുപ്രതിയുമായ സജു നിലവിൽ യു.എ.ഇയിലാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഒൻപത് വർഷത്തെ ഒളിച്ചുകളി അവസാനിപ്പിച്ച ഒരൊറ്റ ഫോൺകോൾ
കേസ് ഫയലുകളിലെ തെളിവുകളുടെ ഘോഷയാത്ര കണ്ടിട്ടും ഒൻപത് വർഷമായി തൊടാൻ ഭയന്ന പ്രതിയെ, ഒരൊറ്റ മാസത്തെ നിശ്ചയദാർഢ്യം കൊണ്ടാണ് തിരുവനന്തപുരം പോലീസ് കൂട്ടിലടച്ചത്. തലസ്ഥാനത്തെ നടുക്കിയ കൂടത്തിൽ കൊലപാതക പരമ്പരയിൽ ഒന്നാം പ്രതി രവീന്ദ്രൻ നായർ അറസ്റ്റിലായതിന് പിന്നിൽ, കേസ് അന്വേഷണ ചുമതലയിലേക്ക് പുതുതായി എത്തിയ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എം.ഐ. ഷാജിയുടെ അപാരമായ ആത്മവിശ്വാസവും ധൈര്യവുമാണ്. ഷെർലക് ഹോംസിനെപ്പോലും വെല്ലുന്ന തരത്തിൽ ആസൂത്രണം നടത്തി, നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ചു എന്ന് അഹങ്കരിച്ചിരുന്ന രവീന്ദ്രൻ നായരെയാണ് ഒടുവിൽ പോലീസ് വലയിലാക്കിയത്.
'ഇവിടെവരെ ഒന്ന് വരാമോ?': ആ ഫോൺ കോളിൽ അവസാനിച്ച 9 വർഷത്തെ അഹങ്കാരം
ഒൻപത് വർഷമായി എത്രയോ തവണ ചോദ്യം ചെയ്യലിനായി രവീന്ദ്രൻ നായരെ പോലീസ് വിളിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇക്കഴിഞ്ഞ ഒക്ടോബർ 13-ന് ഉച്ചയോടെ എസിപി ഷാജിയുടെ ഫോൺകോൾ വന്നപ്പോഴും രവീന്ദ്രൻ നായർക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. പതിവുപോലെ ചോദ്യം ചെയ്യൽ കഴിഞ്ഞ് മടങ്ങാമെന്ന അമിതാത്മവിശ്വാസത്തിൽ കമ്മീഷണർ ഓഫീസിലെത്തിയ ഇയാളെ കാത്തിരുന്നത് കട്ടിലിലെ കേസ് ഫയലുകളുമായി എസിപി ഷാജിയായിരുന്നു.
"കൂടത്തിൽ ജയമാധവൻ വധക്കേസിൽ നിങ്ങൾക്കെതിരെ ശക്തമായ തെളിവുകളുണ്ട്. ബ്രെയിൻ മാപ്പിംഗ് റിസൾട്ടിൽ നിങ്ങളാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. അന്ന് രാത്രി തല ചുമരിൽ ഇടിച്ചും ശ്വാസം മുട്ടിച്ചുമാണ് നിങ്ങൾ അയാളെ കൊന്നത്. സജുവിന്റെ കാറിലാണ് ജയമാധവനെ ആശുപത്രിയിൽ കൊണ്ടുപോയത്. വീട്ടുജോലിക്കാരി ലീലയെയും ഓട്ടോ ഡ്രൈവർ സുമേഷിനെയും സാമ്പത്തികമായി സ്വാധീനിക്കാൻ ശ്രമിച്ചു. കേസിൽ നിങ്ങൾ ഒന്നാം പ്രതിയാണ്, നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ്."- പോലീസ് പറഞ്ഞു. ആദ്യം വ്യാജ കഥയെന്ന് പറഞ്ഞ് കൂസലില്ലാതെ നടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, "കോടതിയിൽ കൊണ്ടുപോവുകയാണ്, അവിടെനിന്ന് ജയിലിലേക്ക്" എന്ന് പോലീസ് സംഘം പറഞ്ഞതോടെ രവീന്ദ്രൻ നായർ തകർന്നുപോയി. "ഒരു വാക്ക് എന്നോട് പറയാമായിരുന്നു, അഭിഭാഷകനെ അറിയിക്കാമായിരുന്നു" എന്നായിരുന്നു രവീന്ദ്രൻ നായരുടെ മറുപടി.
'തെളിവുകളുടെ ഘോഷയാത്ര'
ഭരണം മാറിയപ്പോൾ നടന്ന സ്ഥലമാറ്റത്തിലാണ് എസിപി എം.ഐ. ഷാജി തിരുവനന്തപുരം സിറ്റി പോലീസിലെത്തുന്നത്. ഏറെ ദുരൂഹത നിറഞ്ഞ കൂടത്തിൽ കേസിന്റെ ഫയലുകൾ തുറന്നുനോക്കിയ അദ്ദേഹം അമ്പരന്നുപോയി. മുൻപുണ്ടായിരുന്ന അന്വേഷണ സംഘം കൃത്യമായി കണ്ടെത്തിവെച്ചിരുന്ന തെളിവുകൾ വൻ ശേഖരമായി മുന്നിലുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല.
അതിസമർത്ഥനായ പ്രതി പുറത്തുനിൽക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കിയ എസിപി, പുതിയ സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. "അടുത്ത നീക്കം എന്താണ്?" എന്ന കമ്മീഷണറുടെ ചോദ്യത്തിന് "രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്യണം" എന്നായിരുന്നു ഷാജിയുടെ മറുപടി. "അതിനുള്ള ധൈര്യമുണ്ടോ?" എന്ന് കമ്മീഷണർ വീണ്ടും ചോദിച്ചപ്പോൾ, വിവരങ്ങൾ ചോരാതെ അതീവ രഹസ്യമായി നീങ്ങാൻ അനുമതി ലഭിക്കുകയായിരുന്നു.
പ്രതിയെ കുടുക്കിയ 'ബ്രെയിൻ മാപ്പിംഗ്'
2025-ൽ മൂന്ന് തവണ ബെംഗളൂരുവിൽ എത്തിച്ച് നടത്തിയ ബ്രെയിൻ മാപ്പിംഗ് പരിശോധനയുടെ ഫലം 2026 ജനുവരിയിലാണ് പുറത്തുവന്നത്. കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കുറ്റം തെളിയിക്കാൻ ബ്രെയിൻ മാപ്പിംഗ് നടത്തിയത് ഈ കേസിലാണ്. തലച്ചോറിലെ പ്രതികരണങ്ങൾ അപഗ്രഥിക്കുന്ന ഈ പരിശോധനയിൽ രണ്ട് ചോദ്യങ്ങളാണ് പ്രതിയെ കൃത്യമായി കുടുക്കിയത്:
"ജയമാധവൻ നായർ മരിക്കുമ്പോൾ നിങ്ങൾ അടുത്തുണ്ടായിരുന്നോ?", "സജുവിനെ അറിയാമോ?" എന്നീ രണ്ടു ചോദ്യങ്ങൾക്കും "ഇല്ല" എന്നായിരുന്നു രവീന്ദ്രൻ നായരുടെ മറുപടി. എന്നാൽ ബ്രെയിൻ മാപ്പിംഗിൽ ഇത് നുണയാണെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും തെളിഞ്ഞു. എന്നിട്ടും മാസങ്ങളോളം ഇയാളെ അറസ്റ്റ് ചെയ്യാൻ മുൻ ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല.
വഞ്ചിയൂർ കോടതിയിലെ ജോലിയും ക്രൈം പുസ്തകങ്ങളും
കൂടത്തിൽ തറവാട്ടിലെ ഏഴ് മരണങ്ങളിലും രവീന്ദ്രൻ നായർക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്. ആ കുടുംബത്തിന്റെ കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അയാൾ കരുക്കൾ നീക്കിയത്. ഇതിനായി ഇറിഗേഷൻ വകുപ്പിലെയും പോലീസിലെയും ജോലികൾ ഉപേക്ഷിച്ച്, വഞ്ചിയൂർ കോടതിയിൽ രേഖകളുടെ ചുമതലയുള്ള വിഭാഗത്തിൽ ജോലി നേടി. അവിടെനിന്ന് കേസ് രേഖകൾ പഠിച്ചെടുത്തു. വീട് പരിശോധിച്ച പോലീസിന് ക്രൈം പുസ്തകങ്ങളുടെ വൻ ശേഖരമാണ് ലഭിച്ചത്.
ഏഴ് ദുരൂഹ മരണങ്ങൾ
2017 ഏപ്രിലിലാണ് അവിവാഹിതനായ ജയമാധവൻ നായർ മരിച്ചത്. വിശാലമായ വളപ്പിനുള്ളിലെ പഴയ കെട്ടിടത്തിൽ ഇയാൾ ഒറ്റയ്ക്കു കഴിയുകയായിരുന്നു. വീട്ടിൽവെച്ച് കട്ടിലിൽനിന്ന് താഴെ വീണ് പരിക്കേൽക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച രവീന്ദ്രൻ നായർ മൊഴി നൽകിയിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്. പതിനഞ്ച് വർഷങ്ങൾക്കിടെ ഏഴ് ദുരൂഹ മരണങ്ങളായിരുന്നു ഈ വീട്ടിൽ വെച്ച് സംഭവിച്ചത്.
Content Highlights: Ravindran Nair delayed arrest raises suspicions despite scientific evidence like brain mapping., Accused allegedly spent over 1.5 crore rupees to bribe witnesses and cover up the murder., Maid received a house and land worth 25 lakh rupees to stay silent., Investigation intensifies to bring back Saju, who allegedly helped transport the victim.
Published: 17 Oct 2026, 07:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented