തൊടുപുഴ: കത്തിക്കരിഞ്ഞ  മൃതദേഹം. ആളെ തിരിച്ചറിയാൻപോലും കഴിയാത്തവിധം ക്രൂരത. തെളിവുകൾ മായ്ക്കാൻ പെട്രോളൊഴിച്ച് കത്തിച്ച ശരീരം. ആളാരെന്നുപോലും വ്യക്തമല്ലാതിരുന്ന പാംബ്ല കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസിന് വേണ്ടിവന്നത് മണിക്കൂറുകൾമാത്രം.

To advertise here,

പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് വേഗത്തിലെത്താൻ സഹായിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ കൊലപാതകമാണെന്ന സംശയമുയർന്നു. കത്തിച്ച പ്രദേശത്തുനിന്ന് ലഭിച്ച സൂചനകളെല്ലാം കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടിയത്. ഇതോടെ കേരളത്തിലും തമിഴ്നാട്ടിലുമായി കാണാതായവരുടെ വിവരങ്ങൾ അരിച്ചുപെറുക്കി ശേഖരിച്ചു.

ഇവരുടെ ബന്ധുക്കളിൽനിന്നുള്ള സൂചന പരിശോധിച്ചും പോലീസ് അന്വേഷണം അതിവേഗം മുന്നോട്ടുകൊണ്ടുപോയി. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുകയായിരുന്നു ആദ്യ വെല്ലുവിളി. ഇതിനിടെ തമിഴ്നാട് തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യയുടേതാണെന്ന സംശയമുയർന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തമിഴ്നാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ വട്ടവടയിലുള്ള ബന്ധുക്കളാണ് സംശയം വീട്ടുകാരെ അറിയിച്ചത്. ഇവർ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. നിത്യയുടെ ഫോൺകോളടക്കം പരിശോധിച്ചാണ് നിഷാന്തിലേക്ക് എത്തിയത്.

നിത്യയും നിഷാന്തും 2023 മുതൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. നിഷാന്തിനെ കാണാനായി വീട്ടിൽനിന്ന് കേരളത്തിലേക്കു പുറപ്പെട്ട നിത്യ ഒക്ടോബർ 12-ന് പൂപ്പാറയിലെത്തി. അവിടെനിന്ന് നിഷാന്ത് ഓട്ടോറിക്ഷയിൽ നിത്യയെ കയറ്റി രാജാക്കാട് അരവണപ്പാറയിലെ ഏലത്തോട്ടത്തിനു സമീപമെത്തിച്ചു, തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കല്ലുകൊണ്ട് മുഖത്ത് ഇടിച്ച് വികൃതമാക്കി. പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. മോഹൻദാസ് കെ.ആറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അടിമാലി സർക്കിൾ ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൽ ഖാദർ, സബ് ഇൻസ്പെക്ടർമാരായ താജുദ്ദീൻ അഹമ്മദ്, സന്തോഷ് സി.ആർ., സന്തോഷ് ബാബു, അബ്ബാസ് ടി.എം., ബാബു, ഷാജിത എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് കെ.ആർ., രതീഷ് ഇ.എസ്., ജയൻ കെ.ടി., മനോജ് കെ.ബി., രതീഷ് ബി. എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.