തുവ്വൂർ: സുജിതയെ വകവരുത്താനുള്ള പദ്ധതി സംഭവത്തിന്റെ തലേന്നുതന്നെ മുഖ്യപ്രതി വിഷ്ണു സഹോദരങ്ങളോടും സുഹൃത്തിനോടും പങ്കുവെച്ചതായി സൂചന.
പിറ്റേന്നുരാവിലെ ഒൻപതിന് അനുജത്തി സ്കൂളിൽപോയശേഷം അച്ഛൻ മുത്തുവിനോടും സൂചിപ്പിച്ചു. സുജിത വീട്ടിൽവരുന്ന കാര്യം പറഞ്ഞു. വിഷ്ണു ആവശ്യപ്പെട്ടപ്രകാരം പുറത്തുപോയ മുത്തു ഉച്ചയ്ക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും കൃത്യം നടന്നിരുന്നു. 11.42-നാണ് സുജിതയുടെ ഫോണിലേക്ക് അവസാന കോൾ വന്നത്. വിഷ്ണുവിന്റേതായിരുന്നു ഇത്.

To advertise here,

പഞ്ചായത്തിൽനിന്ന് ആദ്യം സുജിതയും പിറകെ വിഷ്ണുവും ഇറങ്ങി. സഹോദരങ്ങളും സുഹൃത്തും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം സുജിതയുടെ കണ്ണിൽപ്പെടാതെ മാറിനിന്നു. സുജിതയെ മുറിയിൽ കൊണ്ടുപോയി കട്ടിലിൽ ഇരുത്തിയശേഷം വിഷ്ണു നൽകിയ സൂചന പ്രകാരം മൂന്നുപേരും എത്തി. ശ്വാസംമുട്ടിച്ചശേഷം 20 മിനിറ്റ് കെട്ടിത്തൂക്കി മരിച്ചെന്നുറപ്പിച്ചു. വിഷ്ണു ആഭരണങ്ങൾ അഴിച്ചെടുക്കാൻ തുടങ്ങി. ആഭരണം എടുക്കുന്നതെന്തിനാണെന്ന് സഹോദരങ്ങൾ ചോദിച്ചപ്പോൾ നേതാവിനെ ആഭരണം കാണിച്ചാലേ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കൂ എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി.

സുജിതയെ കട്ടിലിനടിയിലേക്ക് നീക്കിയിട്ടശേഷം കുളിച്ച വിഷ്ണു ആഭരണങ്ങളുമായി ജൂവലറിയിൽ പോയി. അവ വിറ്റശേഷം പഞ്ചായത്തിൽ പോയി ജോലിചെയ്തു.

സ്കൂൾ വിട്ടുവന്ന അനുജത്തിയെ പെട്ടെന്നുതന്നെ വീട്ടിൽനിന്ന് മാറ്റി. മൃതദേഹം സംസ്കരിക്കാൻ സൗകര്യമൊരുക്കാനായിരുന്നു ഇത്. മുത്തു മകളെ രണ്ടാനമ്മയുടെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

രാത്രി ഏഴിനും ഒൻപതിനുമിടയിൽ വീട്ടുമുറ്റത്തെ മാലിന്യക്കുഴി വലുതാക്കി സുജിതയുടെ മൃതദേഹം കുഴിച്ചുമൂടി. മെറ്റൽ കൊണ്ടുവരാനാവശ്യപ്പെട്ട് ഗുഡ്സ് ഓട്ടോ ഡ്രൈവറെ രാത്രി ഏഴിന് വിഷ്ണു വിളിച്ചിരുന്നു.

രാത്രി ഒൻപതിനുശേഷം 11.30 വരെ നാലുപേരും മറ്റു സുഹൃത്തുക്കൾക്കുമൊപ്പം തുവ്വൂർ ടൗണിലുണ്ടായിരുന്നു. സുഹൃത്തുക്കൾക്ക് വിഷ്ണു ഭക്ഷണം വാങ്ങിക്കൊടുക്കുകയുംചെയ്തു. ഫോൺവിളികൾ പരിശോധിച്ചാണ് ഇത്രയും വിവരങ്ങൾ കരുവാരക്കുണ്ട് പോലീസ് കണ്ടെത്തിയത്.

നേരത്തെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം (ഡാൻസാഫ്) വിഷ്ണുവിനെ ചോദ്യംചെയ്തെങ്കിലും തുമ്പ് കിട്ടിയിരുന്നില്ല.

സുജിത ഒളിച്ചോടിയെന്ന സംശയമായിരുന്നു അവർക്ക്. ഫോൺവിളി പരിശോധിക്കേണ്ടി വന്നതും വിഷ്ണുവുമായി എട്ടാംതീയതി മുതൽ ബന്ധപ്പെട്ട ഓരോരുത്തരേയും ചോദ്യംചെയ്യേണ്ടി വന്നതുമാണ് മൃതദേഹം കണ്ടെടുക്കൽ വൈകിപ്പിച്ചത്.