മംഗളൂരു: ആലപ്പുഴ കലവൂരിലെ വയോധിക സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ആലപ്പുഴ കാട്ടൂര്‍ സ്വദേശി മാത്യൂസ് (നിധിന്‍-38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവരെ മണിപ്പാല്‍ പെറംപള്ളിയില്‍നിന്നാണ് പിടികൂടിയത്.

To advertise here,

ശര്‍മിള മുന്‍പ് താമസിച്ചിരുന്ന ഉഡുപ്പിയില്‍ ഇരുവരും എത്തിയിട്ടുണ്ടെന്ന് പോലീസിന് മനസ്സിലായത് ഫോണ്‍ നിരീക്ഷണത്തിലൂടെയാണ്. വ്യാഴാഴ്ച രാവിലെയോടെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായതായി പോലീസ് മനസ്സിലാക്കി. ഉടന്‍ പോലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശര്‍മിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫോണ്‍ ഓഫായി.

ഉച്ചയോടെ മണിപ്പാലിലെ ടവര്‍ ലൊക്കേഷനില്‍ വീണ്ടും ഓണായി. ശര്‍മിള മുന്‍പ് താമസിച്ചിരുന്ന പരിചയത്തില്‍ പെറംപള്ളിയിലെ സ്ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോള്‍ പരിചയക്കാരി സ്ത്രീ ആസ്പത്രിയില്‍ പോയിരിക്കുകയായിരുന്നു. മകനായിരുന്നു വീട്ടില്‍.

സ്ത്രീയുടെ നമ്പര്‍ നേരത്തേ മനസ്സിലാക്കിയിരുന്ന പോലീസ് ശര്‍മിളയും മാത്യൂസും കൊലക്കേസ് പ്രതികളാണെന്നും എത്തിയാല്‍ തടഞ്ഞുവെയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരം മകനെ വിളിച്ചറിയിക്കുമ്പോഴേക്കും പ്രതികള്‍ മടങ്ങി. ഉടന്‍ മകനെ വിളിച്ച പോലീസ് ദമ്പതിമാരെ ഉടന്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മകന്‍ ഇവരെ വിളിച്ചു, ആസ്പത്രിയില്‍ പോയ അമ്മ ഉടന്‍ തിരിച്ചെത്തുമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മടങ്ങിവന്നപ്പോഴേക്കും പോലീസ് സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കോട്ടയത്ത് വേരുള്ള മണിപ്പാല്‍ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ തോംസണ്‍ കേരള പോലീസിനൊപ്പമുണ്ടായിരുന്നു. ഇത് സ്ഥലവും മറ്റും എളുപ്പം തിരിച്ചറിയാന്‍ സഹായിച്ചു. മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍മാരായ നിവിന്‍, മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള പോലീസ് എത്തിയത്.

ദമ്പതിമാരായപ്രതികളെ പിടികൂടിയത് മണിപ്പാലില്‍നിന്ന് 

ആലപ്പുഴ: എറണാകുളത്തുനിന്ന് ഒരുമാസം മുന്‍പു കാണാതായ വയോധികയെ അതിക്രൂരമായി കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒളിവില്‍ക്കഴിഞ്ഞ ദമ്പതിമാരായ പ്രതികളെ കര്‍ണാടകയിലെ മണിപ്പാലില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടി. കലവൂര്‍ കോര്‍ത്തുശ്ശേരിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസ് (നിധിന്‍ -35), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (38) എന്നിവരാണു പിടിയിലായത്.

എറണാകുളം കടവന്ത്ര കര്‍ഷകറോഡ് ശിവകൃപയില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹമാണ് കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഒളില്‍വില്‍പ്പോയ പ്രതികളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിരുന്നു. ഫോണ്‍ ലൊക്കേഷനടക്കം പരിശോധിച്ച് ഉഡുപ്പിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള മണിപ്പാലിലെ ശര്‍മിളയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്.

പ്രതികളുമായി അന്വേഷണസംഘം കേരളത്തിലേക്കു തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ആലപ്പുഴയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് നിര്‍ണായകമായത്. ഇതിന്റെ വിശദാംശങ്ങള്‍തേടി സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്.

ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒന്‍പതിനു പ്രതികള്‍ ഒളിവില്‍പ്പോയി.

അതിക്രൂരമായ കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. ആഭരണങ്ങള്‍ കവരുന്നതിന് ആസൂത്രിയമായി കൊല നടത്തിയെന്നാണു പ്രാഥമിക നിഗമനം.

സുഭദ്രയെ കാണാനില്ലെന്ന മകന്റെ പരാതിയിലാണ് കടവന്ത്ര പോലീസ് കേസെടുത്തത്. കൊലപാതകമാണെന്നു തെളിഞ്ഞ സാഹചര്യത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് കൊലക്കേസെടുക്കും.