കോഴിക്കോട്: ഖത്തർ കെ.എം.സി.സിയുടെ എട്ട് കോടി രൂപ കവർന്ന കേസിൽ പിടിയിലായ പ്രതി കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുറ്റസമ്മത വീഡിയോ പുറത്ത്. ഇത് സംബന്ധിച്ച് കെ.എം.സി.സി നേതാക്കളുടെ മുന്നിൽ കുറ്റം ചെയ്തുവെന്ന് സമ്മതിക്കുന്ന വീഡിയോ ആണ് പുറത്തായത്. കൊയിലാണ്ടിയിലെ പ്രാദേശിക നേതാക്കൾക്ക് മുന്നിലായിരുന്നു കുറ്റസമ്മതം.
അറബിയുടെ ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടതുകൊണ്ട് അത് തുറക്കണമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും കെ.എം.സി.സി ഓഫീസാണെന്ന് അറിയില്ലായിരുന്നുവെന്നും ബാലകൃഷ്ണൻ വീഡിയോയിൽ പറയുന്നു. ബോംബെ ഷാജി, റാഷിദ്, സ്വാലിഹ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. മോഷണത്തിനുശേഷം അവിടെനിന്ന് 50,000 രൂപയും ഇവിടെ എത്തിയശേഷം 1.50 ലക്ഷം രൂപയും നൽകിയെന്നും ബാലകൃഷ്ണൻ പറയുന്നു.
നാട്ടിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചുള്ളതടക്കം എല്ലാത്തരം വെൽഡിങ് ജോലിയും ചെയ്യും. ബോംബെ ഷാജി ഗൾഫിൽ ഒരു ജോലിയുണ്ടെന്ന് പറഞ്ഞതോടെ സമ്മതം മൂളുകയായിരുന്നു. ഗൾഫ് കാണാനുള്ള ആഗ്രഹംകൊണ്ട് പോയിപ്പോയതാണെന്നും തന്നെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാണെന്നും ബാലകൃഷ്ണൻ പറയുന്നു.
ടിക്കറ്റും വിസയുമൊക്കെ അവർ എടുത്ത് തരുമെന്ന് പറഞ്ഞപ്പോൾ പോയിപ്പോയെന്നും ബാലകൃഷ്ണൻ പറയുന്നു. പണം കിട്ടിയാൽ പത്ത് ലക്ഷം രൂപയിലധികം തരുമെന്ന് പറഞ്ഞിരുന്നു. ലോക്കർ തുറന്ന് പണം കിട്ടിയതോടെ പണവും കൊണ്ട് കൂടെയുള്ളവർ പോയെന്നും ബാലകൃഷ്ണൻ പറയുന്നു.
ബാവ എന്ന് വിളിക്കുന്ന സായിബാബയാണ് പണം തന്നതെന്നും അയാൾക്ക് തിക്കോടി കടപ്പുറത്ത് മത്സ്യബന്ധനമാണ് ജോലിയെന്നും ബാലകൃഷ്ണൻ പറയുന്നുണ്ട്.
ഖത്തർ കെ.എം.സി.സി. ഓഫീസിൽനിന്ന് 31-ലക്ഷം റിയാൽ (എട്ടുകോടിയോളം രൂപ) കവർന്നെന്ന കേസിൽ കൊയിലാണ്ടി സ്വദേശിയാ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭ മൂന്നാം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു ബാലകൃഷ്ണൻ. നിലവിൽ ബി.ജെ.പി. വിയ്യൂർ ബൂത്ത് പ്രസിഡന്റാണ്.
2025 സെപ്റ്റംബർ 18-നാണ് ഖത്തറിൽ അൽതുമാമ എന്ന സ്ഥലത്തെ കെ.എം.സി.സി.യുടെ ഓഫീസിൽ കവർച്ച നടന്നത്. ഓഫീസ് ബോയി ആയി ജോലിചെയ്തിരുന്നയാളെ കെട്ടിയിട്ടായിരുന്നു കവർച്ച. ഓഫീസിൽ സൂക്ഷിച്ച ഇത്രയുംവലിയ തുക നഷ്ടമായത് വലിയ വിവാദങ്ങൾക്കിടയാക്കുകയും പലതരത്തിലുള്ള ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു.
കവർച്ചയ്ക്ക് പിന്നിൽ കൊയിലാണ്ടി, പയ്യോളി മേഖലകളിലുള്ളവരാണെന്ന സൂചനയെത്തുടർന്ന് കെ.എം.സി.സി. ഭാരവാഹികൾ കൊയിലാണ്ടി പോലീസിൽ പരാതിനൽകുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്.
ഇൻഡസ്ട്രിയിൽ വർക്കറായ ഇയാൾ കഴിഞ്ഞവർഷമാണ് ഖത്തറിലേക്ക് പോയത്. കവർച്ച ആസൂത്രണംചെയ്ത പയ്യോളി, കൊയിലാണ്ടി മേഖലകളിലുള്ളവരാണ് ഖത്തറിലേക്ക് കൊണ്ടുപോയത്. ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുനൽകിയത് ബാലകൃഷ്ണനായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടിലേക്കുമടങ്ങുകയും ചെയ്തു.
Content Highlights: Confession video of prime accused Balakrishnan released regarding the Rs 8 crore Qatar KMCC theft., Balakrishnan claims he was duped into the heist under the pretext of opening a locker., Names of accomplices like Bombay Shaji, Rashid, and Salihi revealed in the video., Accused surrendered before the Koyilandy police, and the investigation is ongoing.
Published: 22 Oct 2026, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented