കൊച്ചി: “ഈ ഉമ്മച്ചീടെ ഒരുകാര്യം, ഇനിയിപ്പോ ഈ പ്രായത്തിൽ പഠിച്ച് കളക്ടറാകാൻ പോവുകയാണല്ലോ...” -പഠിക്കാൻ ചേരണമെന്ന് എഴുപത്തിയൊന്നുകാരി പറഞ്ഞപ്പോൾ മക്കൾ കളിയാക്കി. കടവന്ത്ര തേൻകുടത്ത് വീട്ടിൽ റഷീദാ ഉമ്മർ അതിൽ വീണില്ല. അവർ പഠിക്കാൻ ചേർന്നു. ഒരുവർഷത്തെ ഓൺലൈൻ കോഴ്‌സ്. അതും ഹിപ്‌നോട്ടിക് കൗൺസലിങ്ങിൽ. ഉമ്മയുടെ 'ആവേശം' ഒരുമാസംകൊണ്ട് തീരുമെന്ന് കരുതിയ മക്കളെ ഞെട്ടിച്ചുകൊണ്ട് റഷീദാ ഉമ്മർ 'എ' ഗ്രേഡോടെ ജയിച്ചു. ഞായറാഴ്ച കൊച്ചിയിൽനടന്ന ചടങ്ങിൽ കോൺവൊക്കേഷൻ ഹാറ്റും ഗൗണുമൊക്കെ അണിഞ്ഞ് ഡിപ്ലോമ സർട്ടിഫിക്കറ്റുമായി നിന്ന ഉമ്മയെ മക്കൾ മൂന്നുപേരും അഭിമാനത്തോടെ കെട്ടിപ്പിടിച്ചു.

To advertise here,

മൂവാറ്റുപുഴ സ്വദേശിയായ റഷീദാ ബാനു പ്രീഡിഗ്രി വരെയായിരുന്നു പഠിച്ചത്. കെ.എം. ഉമ്മറുമായി പതിനേഴാം വയസ്സിൽ വിവാഹം. കുടുംബജീവിതമായി, മൂന്ന് മക്കളായി. ഇതിനിടെ നിത്യചൈതന്യയതിയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടയായി. അദ്ദേഹത്തെ കാണാൻ ഊട്ടി ഫേൺഹിൽസിൽ പോയി. യതിക്ക് എല്ലാ ആഴ്ചയും കത്തുകളെഴുതി. അദ്ദേഹം അതിന് മറുപടിക്കത്തുകളും അയക്കുമായിരുന്നു.

ഖുറാന് പുറമേ ഭഗവദ്ഗീതയും ബൈബിളുമെല്ലാം പല ആവർത്തി വായിച്ചു. അതിനൊപ്പം മാധവിക്കുട്ടിയുടെ ഏതാണ്ട് എല്ലാ കൃതികളും. പത്രവായനയും മുടക്കാറില്ല. ജോയിന്റ് ആർ.ടി.ഒ. ആയിരുന്ന ഭർത്താവ് കെ.എം. ഉമ്മർ രണ്ടുവർഷം മുൻപ് മരിച്ചതോടെ ജീവിതത്തിൽ ശൂന്യത അനുഭവപ്പെട്ടു. “മക്കളും കൊച്ചുമക്കളുമൊക്കെ അടുത്തുണ്ടെങ്കിലും ഒറ്റപ്പെടൽ തോന്നി. യുറ്റ്യൂബൊക്കെ കാണാൻ തുടങ്ങി”-റഷീദ പറഞ്ഞു. സ്‌ക്രോൾ ചെയ്യുന്നതിനിടെയാണ് ഡോ. ബി. ജയപ്രകാശിന്റെ പ്രഭാഷണത്തിൽ മനസ്സുടക്കിയത്. സ്ഥിരമായി ആ പ്രഭാഷണങ്ങൾ കേട്ടു.

ഒരിക്കൽ ഡോ. ജയപ്രകാശിനെ നേരിട്ടുകണ്ടു. പ്രഭാഷണങ്ങൾ കേൾക്കണം, സത്സംഗവും വേണമെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കോഴ്‌സിന് ചേരാൻ ആവശ്യപ്പെട്ടത്. അങ്ങനെ വേൾഡ് ഹ്യൂമൻ റിസോഴ്‌സസ് ഡിവലപ്‌മെന്റ് എജുക്കേഷൻ നടത്തുന്ന ഹിപ്‌നോട്ടിക് കൗൺസലിങ് കോഴ്‌സിന് ചേർന്നു.“കഴിഞ്ഞവർഷം ജനുവരി മുതൽ എല്ലാ വെള്ളിയാഴ്ചയും രാത്രി ഏഴുമുതൽ ഒൻപതരവരെ ക്ലാസുകൾ. അത് സൂം ആപ്ലിക്കേഷനിലായിരുന്നു. കൊച്ചുമകളോട് ചോദിച്ച് സൂം ഉപയോഗിക്കാൻ പഠിച്ചു” -റഷീദ പറഞ്ഞു. വെള്ളിയാഴ്ച രാത്രികളിൽ ഉമ്മ 'ബിസി' ആയതോടെ മക്കളായ സലിൽ ലാലിനും സഹർലാലിനും യൂഹാനും സംഗതി ഗൗരവമാണെന്ന് പിടികിട്ടി. “വെള്ളിയാഴ്ച രാത്രികളിൽ ഒരുപരിപാടിക്കും ഉമ്മ വരില്ല. ഞങ്ങളും ഉമ്മയെ ശല്യപ്പെടുത്താൻ പോകാറില്ല”- സഹർലാലും സഹോദരി യൂഹാനും പറഞ്ഞു.

ഡിസംബറിൽ റഷീദ രണ്ടരമണിക്കൂർ പരീക്ഷയെഴുതി. “ആദ്യം കളിയാക്കിയെങ്കിലും എന്റെ മക്കൾ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു, അതായിരുന്നു എന്റെ ശക്തിയും. പാവപ്പെട്ട സ്ത്രീകൾക്കായി ഒരു കൗൺസലിങ് സെന്റർ തുടങ്ങണം” -റഷീദ പറയുന്നു.

ഇതിനിടയിൽ പ്രീഡിഗ്രിക്കാലത്ത് നിർത്തിവെച്ച കവിതയെഴുത്തും പൊടിതട്ടിയെടുത്തു. മുപ്പതിലേറെ കവിതകളെഴുതി. ചിലതിനൊക്കെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുണ്ട്. റഷീദയുടെ “പ്രേമം മനസ്സിനെ മഥിക്കുന്ന മണ്ണാങ്കട്ട, പ്രേമം ധിഷണയെ കാർന്നുതിന്നുന്ന പെരുംതേരട്ട...” എന്ന കവിത വിനീത് ശ്രീനിവാസൻ ആലപിച്ച് റെക്കോഡിങ് പൂർത്തിയാക്കിയിരിക്കുകയാണ്. വൈകാതെ ആൽബമാക്കി പുറത്തിറക്കാനും ഉമ്മയുടെ കവിതാസമാഹരം പുസ്തകരൂപത്തിൽ ഇറക്കാനുമുള്ള ഒരുക്കത്തിലാണ് മക്കൾ.