പന്തീരാങ്കാവ്: കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ കേസിലെ മുഖ്യകണ്ണിയായ നൈജീരിയൻ വനിതയെ പഞ്ചാബിലെ ജലന്ധറിലുള്ള ‘ആഫ്രിക്കൻ േകാളനി’യിൽനിന്ന് േകരള പോലീസ് പിടികൂടി. മേയ് ഒമ്പതിന് പന്തീരാങ്കാവിൽനിന്ന് ഒരുകിലോഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇബെ പീസ് ചിനാസെ (38) എന്ന നൈജീരിയക്കാരി പിടിയിലായത്. പഞ്ചാബ് പോലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്ത അവരെ ജലന്ധർ കോടതിയിൽ ഹാജരാക്കിയശേഷം നാട്ടിലെത്തിച്ച് കണ്ണൂർ ജയിലിലേക്കുമാറ്റി. ഇതോടെ കേസിൽ അറസ്റ്റിലായാവരുടെ എണ്ണം ഏഴായി.

To advertise here,

ആദ്യം അറസ്റ്റിലായ മലപ്പുറം പള്ളിക്കൽ മുഹമ്മദ് ഹർഷലാൽ (25), രാമനാട്ടുകര ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി കുറിയേടംഅമ്പായത്തിങ്ങൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

പിടിക്കപ്പെടാതിരിക്കാൻ നൈജീരിയൻ നമ്പറുകളും വ്യാജ മൊബൈൽ കണക്‌ഷനുകളും ഉപയോഗിച്ചായിരുന്നു ഇടപാടുകൾ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ജലന്ധറിൽ ആഫ്രിക്കൻ സ്വദേശികൾ കൂട്ടത്തോെട താമസിച്ചിരുന്ന കോളനിയിലേക്കെത്തിച്ചത്. യുവതിയും രണ്ടു മക്കളും ജനുവരി മുതൽ ഇവിടെ ഫ്ലാറ്റിൽ താമസിച്ചു വരുകയായിരുന്നു.

വലിയ അളവിൽ മയക്കുമരുന്നുമായി പിടിയിലായതിനെത്തുടർന്ന് ഭർത്താവ് ബെംഗളൂരു ജയിലിലാണ്. ഭർത്താവ് ജയിലിലായതോടെയാണ് ഇബെ പീസ് ചിനാസെ പഞ്ചാബിലേക്കു മാറിയത്. വിസയും പാസ്പോർട്ടുമില്ലാതെ അഞ്ചുവർഷമായി ഇന്ത്യയിൽ താമസിച്ച് വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കണ്ണികളെല്ലാം അറത്ത് പോലീസ് 

ഒറ്റ ഫോൺനന്പർ കേന്ദ്രീകരിച്ചുതുടങ്ങിയ അന്വേഷണത്തിനൊടുവിൽ പന്തീരാങ്കാവ് മയക്കുമരുന്ന് കേസിലെ കണ്ണികളെയെല്ലാം കുരുക്കി പോലീസ്.

മേയ് ഒൻപതിന് പുലർച്ചെ ഒരുമണിയോടെയാണ്‌ ഒരുകിലോഗ്രാമിലധികം എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായത്. എന്നാൽ, അന്വേഷണം അവസാനിച്ചില്ല. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓരോ മയക്കുമരുന്ന് കേസിലും വേരുകൾ പിഴുതെടുക്കണമെന്ന പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നിലപാടാണ് പഴുതടച്ചുള്ള തുടരന്വേഷണത്തിന് േപ്രരണയായത്. നോയിഡയിൽവെച്ച് ഒരുയുവതി ഉൾപ്പെടെ രണ്ടുപേർകൂടി പിടിയിലായതായിരുന്നു കേസിലെ രണ്ടാംഘട്ടം. ഇതോടെ പ്രധാന കണ്ണിയായ നൈജീരിയൻ യുവതിയിലേക്കുള്ള വഴിതെളിഞ്ഞു. അവർ ഉപയോഗിച്ചിരുന്ന ഫോണുകളിൽനിന്നുള്ള വിദേശ ഫോൺനമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ, മൊഴികൾ എന്നിവയിൽനിന്നുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു. സൈബർ പരിശോധനയിലൂടെ പഞ്ചാബിലെ ജലന്ധറിലാണ് കേസിലെ പ്രധാനകണ്ണിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. അപ്പോഴും പ്രതി ആണോ പെണ്ണോ എന്നുപോലും പോലീസിന് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പന്തീരാങ്കാവ് എസ്.ഐ. അർജുൻ അജിത്തിന്റെ നേതൃത്വത്തിൽ പഞ്ചാബിലേക്കുപോയ ആറംഗ പോലീസ് സംഘത്തിൽ രണ്ട് വനിതകളെക്കൂടി ഉൾപ്പെടുത്തി. സുബിഷ് വേങ്ങേരി, അനൂജ് വളയനാട്, ഇ.വി. അതുൽ, പി.കെ. അപർണ, എൻ.വി. സനില എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

പഞ്ചാബ് പോലീസും കോടതിയും വലിയ സഹകരണം നൽകിയെന്ന് പന്തീരാങ്കാവ് എസ്.ഐ. അർജുൻ അജിത്ത് പറഞ്ഞു. പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ. നിധിൻ, നല്ലളം ഇൻസ്പെക്ടർ ആർ.സി. ബിജു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വംനൽകുന്നത്.

പഴയ കാറുകൾ വാങ്ങി ഇടപാട്

കേരളത്തിലെ വിവിധസ്ഥലങ്ങളിൽ വ്യാവസായിക തോതിൽ ലഹരികൈമാറ്റം നടത്തിയതിന്റെ രേഖകളും വാട്സാപ്പ് സന്ദേശങ്ങളും കോടികളുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യം പിടിയിലായ മൂന്നുപേർചേർന്നാണ് യുവതിയിൽനിന്ന്‌ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ഇവർ പഴയകാറുകൾ വാങ്ങി യുവതി പറയുന്ന കേന്ദ്രത്തിൽ എത്തിച്ച് നിർത്തിയിടും. തുടർന്ന് കാറിൽ യുവതിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ചുവെക്കും. അതിനുശേഷമാണ് ഇവ കാറിൽ കടത്തുന്നത്. ഡൽഹി, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ വലിയ അളവിൽ ലഹരിവസ്തുക്കൾ കേരളത്തിലെത്തിച്ച് പായ്ക്കറ്റുകളാക്കി മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു രീതി.