നെടുമ്പാശ്ശേരി: മിനികൂപ്പർ നരഹത്യാ കേസിൽ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ അപേക്ഷയിലാണ് കോടതി ഉത്തരവ്.

To advertise here,

കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. സുരക്ഷാഭീഷണി സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. പ്രതി ഇതുമായിബന്ധപ്പെട്ട ആശങ്കകൾ അറിയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മിനികൂപ്പർ അപകടത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരേ ജാമ്യം വേണമെന്നാവശ്യവുമായി സെഷൻസ് കോടതിയെ പ്രതിഭാഗം സമീപിക്കാനൊരുങ്ങുന്നതായാണ് വിവരം.

അതേസമയം, കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യവുമായി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഇ മെയിൽ അയച്ചു. വൈകാതെ കത്തുവഴിയും ആവശ്യം ഉന്നയിക്കും. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിർദേശിച്ചിരിക്കുന്നത്.

കേസിന്റെ തുടക്കം മുതൽക്കുതന്നെ പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഴുതടച്ച നിയമനടപടികൾ ഉണ്ടാകണമെന്ന ആവശ്യം കുടുംബം മുമ്പോട്ട് വെക്കുന്നത്. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. സുഹൈലിന്റെ മാതാവിന്റെ മൊഴികളടക്കം രേഖപ്പെടുത്തി അന്വേഷണസംഘം വൈകാതെതന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം.

അപകടത്തിൽ മരിച്ച ദേവികയുടെ വയനാട്ടിലെ വീട്ടിൽ പ്രത്യേകാന്വേഷണ സംഘം എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും പൂർണമായും നീതി കിട്ടുമെന്ന് വിശ്വാസിക്കുന്നെന്നും  ദേവികയുടെ കുടുംബം പറഞ്ഞു.

ഡി.വൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് വയനാട്ടിലുള്ള ദേവികയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം തിരികെ മടങ്ങുകയായിരുന്നു. അപകടത്തിൽ മരിച്ച ഗോപികയുടെ വീട്ടിൽ പ്രത്യേകാന്വേഷണ സംഘം നാളെ പോകുമെന്നാണ് വിവരം.

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.