കോവളം: കോവളത്തെ സ്പാകളിൽ ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിക്ക് ക്രൂരപീഡനം േനരിട്ട സംഭവത്തിൽ സൂത്രധാരനും റാക്കറ്റിലെ കണ്ണിയുമായ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. കോർപ്പറേഷന്റെ ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ പൂവാർ ബണ്ട് റോഡ് അരുമാനൂർ നായനാർക്ഷേത്രത്തിനു സമീപം മകം വീട്ടിൽ അനുരൂപ്(37) ആണ് അറസ്റ്റിലായത്. സ്പാ ഇയാളുടെ ബിനാമിയാണ് നടത്തിയിരുന്നതെന്നും കണ്ടെത്തി.
അനുരൂപുമായി സംസാരിച്ച ശേഷമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചതെന്നാണ് വിവരം. അറസ്റ്റിനുപിന്നാലെ അഞ്ചാംപ്രതിയായ അനുരൂപിനെ കോർപ്പറേഷൻ സെക്രട്ടറി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
അറസ്റ്റിലായ അനുരൂപ് രണ്ട് സ്പാകളുടെകൂടി ഉടമയാണെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ മുൻപ് അറസ്റ്റിലായ നിഷാന്തിന്റെ പേരിലാണ് സ്പായുടെ വാടകക്കരാർ. മൂന്നുമാസം മുൻപ് തുടങ്ങിയെന്നാണ് അനുരൂപിന്റെ മൊഴി. എന്നാൽ, ഇയാൾക്ക് ഏറെനാൾ മുൻപേ നിഷാന്തുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. സ്പായിലെ വരുമാനം മുഴുവൻ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം കോവളത്തെ സ്പാ ഉടമകളായ പൂവാർ തിരുപുറം സാഫല്യം വീട്ടിൽ നിഷാന്ത്(46), ആലപ്പുഴ നൂറനാട് നടുവിൽ മുറി നയനാ വീട്ടിൽ സജിത്ത് കുമാർ(47), പതിനാറുകാരിയുടെ ഇളയമ്മയും ഭർത്താവും ഉൾപ്പെട്ട നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ഇവരിൽ കോവളം ആവാടുതുറ മായക്കുന്നിനു സമീപം കുന്നുകുഴി സ്വദേശിയുടെ രണ്ടുനിലക്കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു നിഷാന്ത് ബിനാമിയായി ഡ്രീംസ് എന്ന സ്പാ നടത്തിവന്നത്. കോവളത്തുള്ള ആയുർ കേരള, ചപ്പാത്തിലുള്ള കേരള ആയുർവേദ, ഡാലിയ എന്നിവയുടെ നടത്തിപ്പ് സജിത്ത് കുമാറിനാണ്.
അമ്പലത്തറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് സജിത്ത് വാടകയ്ക്കെടുത്ത് നടത്തുന്നത്. ഈ സ്പാകളിലാണ് കുട്ടിയെ എത്തിച്ച് പീഡനം നടത്തിയതെന്നും പോലീസ് പറഞ്ഞു.
എസ്.ഐ.ടി. അന്വേഷണം വ്യാപിക്കുന്നു
16കാരി പീഡനത്തിനിരയായ സംഭവത്തിൽ കോവളം മേഖലയിൽ പ്രവർത്തിക്കുന്ന 60ലധികം സ്പാകളിൽ എസ്.ഐ.ടി. പരിശോധന നടത്തി. ആവശ്യമായ രേഖകളും നിയമപരമായ മാനദണ്ഡങ്ങളും പാലിക്കാത്ത 16 സ്പാകൾ പൂട്ടിയെന്ന് കോവളം സി.ഐ. വി.എം. ശ്രീകുമാർ പറഞ്ഞു. ഇനിയുമേറെ പരിശോധിക്കാനുണ്ട്. കുട്ടിയെ പീഡിപ്പിച്ചുവെന്നുപറയുന്ന സ്പാകളിൽ പുറത്തും റിസപ്ഷനുകളിലും സി.സി.ടി.വി.കളില്ലെന്നു കണ്ടെത്തിയിരുന്നു. അതേസമയം ഇവയുടെ സമീപത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ദേഹത്ത് പൊള്ളലേൽപ്പിച്ചു; തിരിച്ചറിയൽ പരേഡ് നടത്തും
: കഴിഞ്ഞ മൂന്നരമാസത്തെ സ്പാ സന്ദർശകപ്പട്ടിക പോലീസ് തയ്യാറാക്കുന്നുണ്ട്. പെൺകുട്ടിയുമായി പട്ടികയിലുള്ളവരുടെ തിരിച്ചറിയൽ പരേഡും ഉണ്ടാകും. പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരേ പോക്സോ ചുമത്തും. ബാങ്ക് ഇടപാടുകളും ഇടപാടുകാരെ എത്തിച്ച ഓട്ടോഡ്രൈവർമാരുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്.
അച്ഛനും അമ്മയും മരിച്ചുപോയതിനെത്തുടർന്ന് ജോലിക്കെത്തിയതാണെന്നു പറഞ്ഞാണ് അമ്മയുടെ സഹോദരിയും ഇവരുടെ ആൺസുഹൃത്തും ചേർന്ന് കുട്ടിയെ ഒരു വർഷം മുൻപ് കോവളത്ത് എത്തിച്ചത്. ഒരുവർഷത്തോളം പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.
കൊടിയ പീഡനം
കോവളത്തെ സ്പായിൽ പതിനാറുകാരി നേരിട്ടത് കൊടും പീഡനം. ഒരു ദിവസം പതിനഞ്ചോളം പേരാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേൽപ്പിച്ചു. തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായി. വഴങ്ങിയില്ലെങ്കിൽ മാതൃസഹോദരി ദേഹത്ത് തീവെച്ച് പൊള്ളലേൽപ്പിക്കും. പീഡനമുറിക്ക് പുറത്ത് കാവലിന് ആളെ ഏർപ്പാടാക്കിയിരുന്നു.
ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്ത് എത്തിച്ചത്. മനുഷ്യക്കടത്തിന് കൂടി പോലീസ് കേസെടുത്തിട്ടുണ്ട്. മാതൃസഹോദരിയുടെയും ഭർത്താവിന്റെയും സി.ഡി.ആർ വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Health inspector Anurup arrested as a mastermind and benami spa owner in the Kovalam minor abuse case., SIT inspected over 60 spas in Kovalam and shut down 16 illegal units lacking proper documents., Police are preparing a visitor log for the past 3.5 months to conduct an identification parade., The 16-year-old victim was subjected to severe abuse and human trafficking by her relatives and associates.
Published: 22 Oct 2026, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented