നെടുമ്പാശ്ശേരി: മലയാള ചലച്ചിത്രസംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ പീഡനക്കേസ്. യുവനടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ മൊഴി രേഖപ്പെടുത്തി. നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളില്‍വെച്ച് പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

To advertise here,

കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി പോലീസ് ഒമര്‍ ലുലുവിനെ ചോദ്യംചെയ്യും.

ആരോപണം വ്യക്തിവിരോധംമൂലം -ഒമര്‍ ലുലു

ആരോപണം വ്യക്തിവിരോധംമൂലമാണെന്ന് ഒമര്‍ ലുലു. നടിയുമായി അടുത്തസൗഹൃദം ഉണ്ടായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധമാണ് പരാതിക്കു പിന്നില്‍. ആറുമാസമായി ഞങ്ങള്‍ തമ്മില്‍ ബന്ധമില്ല. പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി രംഗത്തുവന്നത് -ഒമര്‍ ലുലു പറഞ്ഞു.