തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാൻഡിൽ. രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി. തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്.

To advertise here,

ജയിലിൽ നിരാഹാരം ഇരിക്കുമെന്നും ഇത് കള്ള കേസ് ആണെന്നും പോലീസ് വാഹനത്തിലിരുന്ന് രാഹുൽ വിളിച്ചുപറഞ്ഞു. അഭിഭാഷകരും പോലീസും പറഞ്ഞത് പച്ചക്കള്ളമാണെന്നും രാഹുൽ ആരോപിച്ചു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച സമയത്താണ് രാഹുൽ ഈശ്വർ ആരോപണം ഉന്നയിച്ചത്. 

രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. രാഹുലിന്റെ വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നില്ലെന്നും വാദിച്ചു. എന്നാൽ പേരുവിവരങ്ങൾ ഇല്ലായിരുന്നെങ്കിലും അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്നാണ് പോലീസ് വാദിച്ചത്. വാദങ്ങൾക്കൊടുക്കം രാഹുലിന് ജാമ്യം അനുവദിക്കാൻ കോടതി തയ്യറായില്ല.

ഞായറാഴ്ച വൈകീട്ട് രാഹുലിനെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്താണ് രാഹുലിന്റെ അറസ്റ്റ്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്.