തൃശ്ശൂര്‍: 50 കോടി രൂപയുടെ ക്രിപ്റ്റോ തട്ടിപ്പ് നടത്തി അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് വിദേശത്തേക്കു കടന്ന വ്യക്തിക്കായി എന്‍.െഎ.എ. അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി സഹോദരനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മലപ്പുറം, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മലപ്പുറത്തെ പൂക്കോട്ടുംപാടം പോലീസ് 2020 സെപ്റ്റംബര്‍ 28-ന് കേസ് രജിസ്റ്റര്‍ ചെയ്ത് പിടികൂടാനിരുന്ന നിഷാദാണ് വിദേശത്തേക്കു കടന്നത്.

To advertise here,

ഇയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് നാടുവിട്ടത്. തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ ഇയാള്‍ക്ക് വിേദശത്തേക്ക് കടക്കാനുള്ള സഹായങ്ങള്‍ ചെയ്യാനായി ചിലര്‍ ഒത്തുേചര്‍ന്നതായി വിവരം ലഭിച്ചിരുന്നു. പ്രതിയുടെ സഹോദരനാണ് ഈ വിവരം നല്‍കിയത്. എന്നാല്‍, വിദേശത്തേക്കു കടന്ന പ്രതി പിന്നീട് സഹോദരനുമായി ബന്ധപ്പെട്ടിട്ടില്ല.

പ്രതിയെ സഹായിക്കാനായി തൃശ്ശൂരിലെ ആഡംബരഹോട്ടലില്‍ച്ചേര്‍ന്ന രഹസ്യയോഗത്തിലെ പ്രമുഖന്‍ സി.പി.എമ്മിന്റെ യുവനേതാവായിരുന്നെന്നാണ് കണ്ടെത്തിയത്. നേതാവുമായി അടുപ്പമുള്ള ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ ഇടപെട്ട് പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയും ലുക്ക് ഔട്ട് നോട്ടീസ് വൈകിപ്പിക്കുകയും ചെയ്തു.മോണ്‍സന്‍ കേസില്‍ പ്രതിക്കൂട്ടിലുള്ള വ്യക്തിയാണ് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍. ഇതിനായി ഇരുവരും വന്‍ തുക കൈപ്പറ്റിയെന്നും വിവരമുണ്ട്. ഇതിന്റെ ഇടനിലക്കാരും പണം വാങ്ങി.

ഇതിന്റെയെല്ലാം വിവരങ്ങള്‍ എന്‍.ഐ.എ. തൃശ്ശൂരിലെത്തി ശേഖരിച്ചു. കേരള പോലീസ് ഈ കേസ് ഉപേക്ഷിച്ചനിലയിലായിരുന്നു. എന്നാല്‍ തൃശ്ശൂര്‍-വിയ്യൂര്‍ മേഖലയിലുള്ള ഒരു ഹവാല ഇടപാടുകാരനുമായി നിഷാദിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. അതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.

ക്രിപ്‌റ്റോ-നിക്ഷേപത്തട്ടിപ്പില്‍ കുറച്ചുനാള്‍ മുന്‍പേ പോലീസിന്റെ പിടിയിലായ വ്യക്തിയാണ് വിയ്യൂര്‍ സ്വദേശി. ഇയാളുടെ ഹവാല ബന്ധങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് നിഷാദുമായുള്ള ബന്ധം സ്ഥിരീകരിക്കാനായത്.