വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ വർഷം ക്രിപ്റ്റോകറൻസിയിലെ ബിസിനസ്സ് ഇടപാടുകളിലൂടെ സമ്പാദിച്ചത് 100 കോടി ഡോളറിലധികം. 2025-ലെ അദ്ദേഹത്തിന്റെ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

To advertise here,

രണ്ടാം തവണ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന് മുമ്പായി ട്രംപ് പുറത്തിറക്കിയ ഒരു മെമെ കോയിനിൽ (meme coin) നിന്നുള്ള റോയൽറ്റിയായി മാത്രം 63.5 കോടി ഡോളർ ലഭിച്ചു.

തന്റെ മക്കളും പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫിന്റെ മക്കളും ചേർന്ന് സ്ഥാപിച്ച ക്രിപ്റ്റോകറൻസി സ്ഥാപനമായ വേൾഡ് ലിബർട്ടി ഫിനാൻഷ്യലിൽ നിന്ന് 50 കോടി ഡോളറിലധികം വരുമാനം നേടിയതായും റിപ്പോർട്ടിൽ പറയുന്നു.

ക്രിപ്റ്റോ വരുമാനത്തിന് പുറമെ, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നും ട്രംപ് വലിയ ലാഭമുണ്ടാക്കി. മാർ-എ-ലാഗോ ക്ലബ്ബിൽ നിന്ന് 7.7 കോടി ഡോളറും, ഫ്‌ളോറിഡയിലെ ഡോറലിലുള്ള ഗോൾഫ് ക്ലബ്ബിൽ നിന്ന് 12.2 കോടി ഡോളറും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ ട്രംപ് ബ്രാൻഡഡ് വാച്ചുകൾ (4.7 മില്യൺ ഡോളർ), ബൈബിളുകൾ, ഷൂസുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വിൽപനയിലൂടെയും ദശലക്ഷക്കണക്കിന് ഡോളർ ലഭിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ പ്രസിഡന്റ് പദവിയിൽ നിന്ന് അദ്ദേഹം ലാഭം നേടുന്നുവെന്ന വാദം വൈറ്റ് ഹൗസ് നിഷേധിച്ചു. ട്രംപ് തന്റെ ബിസിനസുകൾ മക്കൾ നിയന്ത്രിക്കുന്ന ഒരു ട്രസ്റ്റിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും വൈറ്റ്ഹൗസ് ആവർത്തിക്കുന്നു.

പ്രഥമ വനിത മെലാനിയ ട്രംപ് തന്റെ ഡോക്യുമെന്ററിയുടെ ലൈസൻസ് കരാറിലൂടെ 1.07 കോടി ഡോളറും, എൻഎഫ്ടികളുടെ വിൽപനയിലൂടെ 60 ലക്ഷം ഡോളറും സമ്പാദിച്ചു. വിവിധ നിയമനടപടികളിലെ ഒത്തുതീർപ്പുകളിലൂടെ ട്രംപിന് ഏകദേശം 8.65 കോടി ഡോളർ വരുമാനം ലഭിച്ചു. ഇതിൽ മെറ്റ, യൂട്യൂബ് , എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള തുകകളും ഉൾപ്പെടുന്നു

മുമ്പ് ബിറ്റ്കോയിനെ ഒരു 'തട്ടിപ്പ്' എന്ന് വിളിച്ചിരുന്ന ട്രംപ്, പിന്നീട് അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്റ്റോ തലസ്ഥാനം' ആക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.