പെരുമ്പാവൂർ/കാക്കനാട്: ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ പുരുഷ ജീവനക്കാർക്കു പുറമേ യുവതിയെയും നായയെ പോലെ മുട്ടിലിഴയിപ്പിച്ചു. കടലാസ് ചുരുട്ടിയെറിഞ്ഞ് നായ കടിച്ചെടുക്കും പോലെ കടിച്ചെടുക്കാൻ ആവശ്യപ്പെട്ടു.

To advertise here,

ജീവനക്കാരി വിസമ്മതിച്ചോടെ മറ്റ് ജീവനക്കാരും ഇടപെട്ട് പ്രശ്നമുണ്ടാക്കി. പെരുമ്പാവൂരിൽ താമസിക്കുന്ന ഇവർ രേഖാമൂലം പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ മുൻ മാനേജർ വടകര സ്വദേശിയായ പാറക്കണ്ടിയിൽ മനാഫിന്റെ പേരിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു.

അതേസമയം ജീവനക്കാരെ നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിടീച്ച് മുട്ടിൽ ഇഴയിപ്പിച്ചത് തൊഴിൽപീഡനമല്ലെന്ന നിലപാടിലാണ് പോലീസും ലേബർ വകുപ്പും. സ്ഥാപന ഉടമയ്ക്കെതിരേ മുൻ മാനേജർ ഒരുക്കിയെടുത്ത 'കുരുക്ക്' ആയിരുന്നു വീഡിയോ ദൃശ്യങ്ങളെന്നാണ് കണ്ടെത്തൽ. സംഭവം വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോജ് കുമാറിന്റെ റിപ്പോർട്ട്. വീഡിയോ ദൃശ്യങ്ങളിലുള്ളവരുടെ മൊഴിപ്രകാരം മാനനഷ്ടത്തിനേ കേസെടുക്കാനാകൂ എന്നാണ് പോലീസിന്റെ നിലപാട്.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

  • തൊഴിലിടത്തിൽ ജീവനക്കാരെ നായയെപ്പോലെ നടത്തിച്ച സംഭവത്തിൽ തൊഴിൽവകുപ്പ് ആകെ എടുത്തത് വീഡിയോ ദൃശ്യത്തിലുള്ള രണ്ടുപേരുടെ മാത്രം മൊഴികളാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽപീഡനമല്ലെന്ന വകുപ്പിന്റെ കണ്ടെത്തൽ. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെയോ മുൻ ഉടമയുടെയോ മൊഴിയെടുക്കാത്തതെന്ത്?
  • സ്ഥാപനത്തിൽ ക്രൂരമായ തൊഴിൽപീഡന മുറകൾ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുൻ ജീവനക്കാരൻ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് മറ്റ് ജീവനക്കാർ തൊഴിൽപീഡന പരാതി ഉന്നയിക്കാത്തത്?
  • വിറ്റ സാധനങ്ങളുടെ കമ്മിഷൻ ഉൾപ്പെടെ ഒട്ടേറെ മാസത്തെ ശമ്പളം ജീവനക്കാരിൽ പലർക്കും ലഭിച്ചില്ല. അഞ്ച് മുൻ ജീവനക്കാർ കഴിഞ്ഞ മാസം 26-ന് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. തൊഴിൽവകുപ്പിൽ പരാതിപ്പെടാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്തുകൊണ്ട് ഇക്കാര്യത്തിൽ അലംഭാവം കാണിച്ചു?

കൊച്ചിയിലെ തൊഴിൽപീഡനം വ്യക്തികൾ തമ്മിലുള്ള പ്രശ്നമെന്ന് ലേബർ ഓഫീസർ

കൊച്ചി : ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാരെ നായയെപ്പോലെ മുട്ടിലിഴയിപ്പിച്ച് പീഡിപ്പിച്ച സംഭവം സ്ഥാപന ഉടമയ്ക്കെതിരേ മുൻ മാനേജർ ഒരുക്കിയെടുത്ത ‘കുരുക്ക്’ ആയിരുന്നെന്ന് ലേബർ ഓഫീസ്. സംഭവം വ്യക്തികൾതമ്മിലുള്ള പ്രശ്നമാണെന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോജ് കുമാറിന്റെ റിപ്പോർട്ട്. വീഡിയോ ദൃശ്യങ്ങളിലുള്ളവരുടെ മൊഴിപ്രകാരം മാനനഷ്ടത്തിനേ കേസെടുക്കാനാകൂ എന്നാണ് പോലീസിന്റെ നിലപാട്.

പെരുമ്പാവൂരിലെ കെൽട്രോ എന്ന ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കളെപ്പോലെ കഴുത്തിൽ ബെൽറ്റിടീച്ച് മുട്ടിൽ ഇഴയിപ്പിച്ചതിന്റെ വീഡിയോയാണ് പ്രചരിച്ചത്. ഇതിനൊപ്പം പാത്രത്തിലെ വെള്ളത്തിൽനിന്ന് നാണയം നക്കിയെടുക്കുന്നതും പാന്റ്‌സ് ഊരിക്കുന്നതുമായ ദൃശ്യങ്ങളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോലീസും എറണാകുളം ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോജ് കുമാറും ദൃശ്യത്തിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്.

സ്ഥാപനത്തിന്റെ മുൻ ഉടമയായ വയനാട് സ്വദേശി ഹുബൈലിനെ കുരുക്കാൻ മുൻ മാനേജരായ കോഴിക്കോട് വടകര പാറക്കണ്ടി വീട്ടിൽ മനാഫ് നാലുമാസംമുൻപ്‌ ഒരുക്കിയെടുത്ത വീഡിയോയാണിതെന്നാണ് മൊഴികളിൽനിന്ന് വ്യക്തമായതെന്നു പോലീസ് പറയുന്നു. ഏപ്രിൽ ഒന്നുമുതൽ ഈ സ്ഥാപനത്തിന്റെ ഉടമ തിരുവനന്തപുരം സ്വദേശിനിയാണ്.

നിത്യോപയോഗ സാധനങ്ങൾ മൊത്തവിലയ്ക്ക് വാങ്ങി വീടുകളിൽ വിൽപ്പനനടത്തുന്ന സ്ഥാപനമാണ് കെൽട്രോ. ഇത്തരത്തിലുള്ള ഡയറക്ട് മാർക്കറ്റിങ്ങിനാണ് ജീവനക്കാരെ ഉപയോഗിക്കുന്നത്. സ്ഥാപനത്തിലെ മുൻ മാനേജരായിരുന്ന മനാഫും മുൻ ഉടമയായ ഹുബൈലും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഹുബൈൽ സ്ഥലത്തില്ലാതിരുന്ന സമയത്താണ് പരിശീലനമെന്ന പേരിൽ മനാഫ് ജീവനക്കാരെ നായ്ക്കളെപ്പോലെ മുട്ടിലിഴയിപ്പിച്ചത്. ഡയറക്ട് മാർക്കറ്റിങ്ങിനു പോകുമ്പോഴുള്ള ‘ചമ്മൽ’ ഒഴിവാക്കാനുള്ള പരിശീലനം എന്നാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്.

സ്ത്രീകളെ തൊഴിൽപീഡനത്തിനിരയാക്കുന്നു എന്നു പുറത്തുവന്നാൽ സ്ഥാപനം പൂട്ടിപ്പോകും എന്ന കണക്കുകൂട്ടലിലായിരുന്നു മനാഫ്. ഇതിനാലാണ് ജീവനക്കാരിയെ കഴുത്തിൽ ബെൽറ്റിട്ട് നായയെപ്പോലെ നടത്തിച്ചത്. ജീവനക്കാരുടെ എതിർപ്പുണ്ടായതോടെ മനാഫിന് ഈ ദൃശ്യങ്ങൾ പകർത്താനായില്ല. ഈ ജീവനക്കാരി സ്ഥാപന ഉടമയായ ഹുബൈലിനോട് പരാതിപറഞ്ഞിരുന്നതായാണ് സൂചന. പിന്നീട് മറ്റൊരു ദിവസമാണ് പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിയായ ജെറിനെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചതും അത് മൊബൈലിൽ ചിത്രീകരിച്ചതും.

ജെറിന്റെ കഴുത്തിലിട്ട ബെൽറ്റിന്റെ അറ്റം പിടിച്ചിരിക്കുന്നത് മറ്റൊരു ജീവനക്കാരനായ ഹാഷിമാണ്. ഈ വീഡിയോ ചിത്രീകരിച്ചതിനുപിന്നാലെ, മൂന്നുമാസംമുൻപ്‌ മനാഫിനെ ലഹരി ഉപയോഗത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. ഈ വൈരാഗ്യത്തിലാണ് വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

പോലീസിനും തൊഴിൽവകുപ്പിനും ജെറിനും ഹാഷിമും നൽകിയ മൊഴിയിൽ തൊഴിൽപീഡനമായി തോന്നിയില്ല എന്നാണുള്ളത്. പക്ഷേ, തങ്ങളുടെ സമ്മതമില്ലാതെയാണ് വീഡിയോദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നുമുണ്ട്. ഇതാണ് മനാഫിന്റെപേരിൽ മാനനഷ്ടത്തിന് കേസെടുക്കാനേ സാധിക്കൂ എന്ന് പോലീസ് പറയുന്നത്. അതേസമയം നായയെപ്പോലെ നടക്കാൻ മനാഫ് ആവശ്യപ്പെട്ട യുവതിയെ കണ്ടെത്തി പെരുമ്പാവൂർ സിഐ ടി.എം. സൂഫി ഫോണിൽ സംസാരിച്ചു. സംഭവത്തിൽ പരാതിയുണ്ടെങ്കിൽ സ്റ്റേഷനിലെത്തി മൊഴിനൽകാവുന്നതാണെന്ന് അറിയിക്കുകയും ചെയ്തു. ഇതുപ്രകാരമാണ് യുവതി പരാതിയുമായി എത്തുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.

വിശദമായ അന്വേഷണം നടത്തും -എസ്‌പി

ആലുവ : പെരുമ്പാവൂരിൽ തൊഴിലിടത്തുവെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്‌പി ഡോ. വൈഭവ് സക്‌സേന പറഞ്ഞു. നിലവിൽ യുവതിയിൽനിന്നു ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ പരാതിക്കാരുണ്ടെങ്കിൽ കേസുകൾ രജിസ്റ്റർചെയ്ത് അന്വേഷണം ഉണ്ടാകുമെന്ന് എസ്‌പി പറഞ്ഞു.

രണ്ട് മൊഴിയിൽ കേസ് അവസാനിക്കുമോ?

കൊച്ചി/കാക്കനാട് : തൊഴിലിടത്തിൽ ജീവനക്കാരെ നായയെ പോലെ നടത്തിച്ച സംഭവത്തിൽ തൊഴിൽവകുപ്പ് ആകെ എടുത്തത് രണ്ടു മൊഴികൾ. വീഡിയോ ദൃശ്യത്തിലുള്ള രണ്ടുപേരുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊഴിൽപീഡനമല്ലെന്ന വകുപ്പിന്റെ കണ്ടെത്തൽ. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെയോ മുൻ ഉടമയുടെയോ മൊഴി ഇക്കാര്യത്തിൽ ജില്ലാ ലേബർ ഓഫീസർ എടുത്തിട്ടില്ല. സ്ഥാപനത്തിൽ ക്രൂരമായ തൊഴിൽപീഡന മുറകൾ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുൻ ജീവനക്കാരൻ രംഗത്തെത്തിയിരുന്നു. സ്ഥാപനം പൂട്ടിപ്പോകുമെന്നോ ജോലി നഷ്ടപ്പെടുമെന്നോ ഉള്ള ഭയം കാരണമാണോ ജീവനക്കാർ തൊഴിൽപീഡന പരാതി ഉന്നയിക്കാത്തത് എന്ന രീതിയുള്ള അന്വേഷണം നടന്നിട്ടില്ല. സംഭവത്തിന് സാക്ഷികളായിട്ടുള്ളവരുടെയടക്കം വിശദമായ മൊഴിയും എടുത്തിട്ടില്ല.

മുൻ ജീവനക്കാരായിരുന്നവർ 'മാതൃഭൂമി'യോട് നടത്തിയ വെളിപ്പെടുത്തൽ പ്രകാരം അതിക്രൂരമായ തൊഴിൽപീഡനമാണ് നടന്നിരിക്കുന്നത്. വിൽപ്പനയ്ക്ക് നിശ്ചയിച്ച 'ടാർഗറ്റ്' പൂർത്തിയാക്കിയില്ലെങ്കിൽ മറ്റ് ജീവനക്കാരുടെ മുന്നിൽ നിർത്തി മാനസികമായി തളർത്തുന്ന രീതിയിൽ അധിക്ഷേപിക്കുമായിരുന്നു. ജീവനക്കാരുടെ പാന്റ്‌സ് ഊരി പരസ്പരം ലൈംഗികാവയവങ്ങളിൽ പിടിക്കാൻ ആവശ്യപ്പെടുമായിരുന്നു. വായിൽ ഉപ്പ് നിറച്ച് മണിക്കൂറുകളോളം നിർത്തുമായിരുന്നു.

മാനേജർ പോസ്റ്റും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്താണ് ജീവനക്കാരെ കമ്പനിയിലേക്ക് ആകർഷിച്ചിരുന്നത്. എന്നാൽ, വിറ്റ സാധനങ്ങളുടെ കമ്മിഷൻ ഉൾപ്പെടെ ഒട്ടേറെ മാസത്തെ ശമ്പളം ജീവനക്കാരിൽ പലർക്കും ലഭിച്ചില്ല. ഇതു സംബന്ധിച്ച് അഞ്ച് മുൻ ജീവനക്കാർ കഴിഞ്ഞ മാസം 26-ന് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയിരുന്നു. തൊഴിൽവകുപ്പിൽ പരാതിപ്പെടാനാണ് പോലീസ് ആവശ്യപ്പെട്ടത്.

ക്രൂരമായ തൊഴിൽപീഡനം നടന്നെന്ന പരാതി അടിസ്ഥാനരഹിതമെന്നാണ് തൊഴിൽവകുപ്പിന്റെ നിലപാട്. തൊഴിലിടത്തിലെ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടായ പ്രശ്നത്തെ തൊഴിൽപീഡനമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ പറഞ്ഞു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു. ജോലിക്ക് കയറുന്ന സമയത്ത് യുവാക്കളുടെ ശക്തിപ്രകടനമെന്ന മട്ടിൽ അന്നത്തെ മാനേജർ എടുത്തതാണ് വീഡിയോ. അത് തൊഴിൽ പീഡനമായിട്ട് തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് യുവാക്കൾ മൊഴി നൽകിയത്. അതേസമയം സ്ഥാപനത്തിലെ മറ്റാരെങ്കിലും തൊഴിൽപീഡനം നടന്നിട്ടുണ്ടെന്ന് പരാതിപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.