കോവളം: പതിനാറുകാരി കോവളത്തെയും വിഴിഞ്ഞത്തെയും സ്പാകളിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേസിലെ മൂന്നാം പ്രതിയായ സജിത്ത്കുമാറിന്റെ പൊഴിയൂരിലുള്ള റിസോർട്ടിൽ പ്രത്യേക അന്വേഷണസംഘം റെയ്ഡ് നടത്തി. കോവളത്തെ ഇയാളുടെ പേരിലുള്ള ആയുർ കേരള, കേരള ആയുർവേദ എന്നീ രണ്ടു സ്പാകളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഈ റിസോർട്ടിലാണ് സൂക്ഷിച്ചിരുന്നത്.

To advertise here,

സജിത്ത്കുമാറിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾ, കുട്ടിയെ ഇയാളുടെ സ്പായിലെത്തിച്ച് പീഡിപ്പിച്ചിരുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴി ലഭിച്ച തുകയുടെ കണക്കുകൾ, സ്പാകളിൽ വന്നുപോയവരുടെ വിശദാംശങ്ങൾ എന്നിവ അന്വേഷണസംഘം പരിശോധിച്ചു. ഇവയുടെ രേഖകളും ശേഖരിച്ചു.

സജിത്തിന്റെ ഉടമസ്ഥതയിലാണ് ഈ റിസോർട്ടും പ്രവർത്തിക്കുന്നത്. ഇവിടത്തെ കെയർടേക്കർ, ജീവനക്കാർ എന്നിവരെയു അന്വേഷണസംഘം ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. അടുത്തദിവസവും പരിശോധനയുണ്ടായേക്കും. 
വ്യാഴാഴ്ച തെളിവെടുപ്പ്

കോവളം: ആന്ധ്രസ്വദേശിനിയായ പതിനാറുകാരി കോവളത്തെ സ്പാകളിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിക്കും. അഞ്ചുദിവസത്തേക്കാണ് പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി) പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

കേസിലെ ഒന്നാംപ്രതിയും അട്ടക്കുളങ്ങര വനിതാജയിലിൽ കഴിയുന്ന കുട്ടിയുടെ അമ്മയുടെ ഇളയസഹോദരി, ഇവരുടെ ഭർത്താവും നെയ്യാറ്റിൻകര ജയിലിലുള്ള തെലങ്കാന സ്വദേശിയെയുമാണ് വ്യാഴാഴ്ച ഉച്ചയോടെ കോവളത്തും വിഴിഞ്ഞം ചപ്പാത്തിലുമെത്തിച്ച് തെളിവെടുക്കുക.

കഴിഞ്ഞദിവസം അന്വേഷസംഘ ഉദ്യോഗസ്ഥനും അസി. കമ്മിഷണറുമായ എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയിരുന്നു.

സ്പാകളുടെ നടത്തിപ്പുകാരും കേസിലെ മൂന്നാംപ്രതിയും ആലപ്പുഴ സ്വദേശിയുമായ സജിത്ത് കുമാർ, നാലാംപ്രതിയും പൂവാർ തിരുപുറം സ്വദേശിയുമായ നിഷാന്ത്, കോർപ്പറേഷന്റെ ഉള്ളൂർ സോണിലുള്ള പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറും അഞ്ചാംപ്രതിയുമായ അനൂരൂപ് എന്നിവരെ സ്പാകളിലെത്തിച്ച് അടുത്തദിവസങ്ങളിൽ തെളിവെടുക്കുമെന്ന് അന്വേഷണസംഘമറിയിച്ചു.

കേസിലെ ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് തമിഴ്‌നാട് വണ്ടല്ലൂർ പോലീസ്‌ നവംബർ ആദ്യവാരം തിരുവനന്തപുരത്തെത്തും. ചെങ്കൽപ്പേട്ടിലെ പോക്‌സോ കോടതിയിൽനിന്ന് പ്രൊഡക്ഷൻ വാറന്റുമായാണ്‌ വണ്ടല്ലൂർ പോലീസ് എത്തുക. തുടർന്ന് കുട്ടി നൽകിയ മൊഴിപ്രകാരമുള്ള ചെന്നൈയിലെ റിസോർട്ടിലെത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ വണ്ടല്ലൂർ ഇൻസ്‌പെക്ടർ ടി.പി. ഗൗതമി മാതൃഭൂമിയോട് പറഞ്ഞു.

പീഡനത്തിനിരയായ കുട്ടി പഠിച്ചിരുന്ന ആന്ധ്രയിലെ സ്‌കൂളിലെത്തിയ അന്വേഷണസംഘം പ്രധാന അധ്യാപകനിൽനിന്ന് കുട്ടിയുടെ വിദ്യാഭ്യാസരേഖകൾ ശേഖരിച്ചു. ഐ.ജി. നിശാന്തിനിയുടെ നിർദേശത്തെത്തുടർന്ന് വനിതാ എസ്.ഐ. ഉൾപ്പെട്ട സംഘം ബെംഗളൂരുവിലും അന്വേഷണത്തിനെത്തി.