പെരിന്തല്‍മണ്ണ: സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേര്‍ കൂടി അറസ്റ്റിലായി. കൊലക്കേസ് പ്രതി ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരടങ്ങുന്ന സംഘമാണു പിടിയിലായത്.

To advertise here,

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന മൂരിയാട് പവിത്രത്തില്‍ വിപിന്‍ (36), താമരശ്ശേരി അടിവാരം ആലംപടി ഷിഹാബുദീന്‍ (28), താമരശ്ശേരി അടിവാരം പുത്തന്‍വീട്ടില്‍ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു (28), തൃശ്ശൂര്‍ മണ്ണൂത്തി കോട്ടിയാട്ടില്‍ സലീഷ് (35), തൃശ്ശൂര്‍ കിഴക്കേകോട്ട കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന്‍രാജ് എന്ന അപ്പു (37), തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുന്‍ (28), പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷ് (46), തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ (31) എന്നിവരെയാണ് കണ്ണൂര്‍, തൃശ്ശൂര്‍, താമരശ്ശേരി ഭാഗങ്ങളില്‍നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. അഞ്ച് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്.

1.7 കിലോ സ്വര്‍ണവും 500 ഗ്രാം സ്വര്‍ണം വിറ്റതിന്റെ 35 ലക്ഷം രൂപയും ഒളിപ്പിച്ച സ്ഥലം പ്രതികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളുമായി സ്ഥലത്തെത്തി പോലീസ് വൈകാതെ ഇവ കണ്ടെടുക്കും. ഇനിയും സ്വര്‍ണം കണ്ടെടുക്കാനുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവര്‍ച്ച നടന്നത്. കുറ്റകൃത്യത്തിനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം പാലക്കാട്, തൃശ്ശൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശികളായ ശ്രീരജ് വീട്ടില്‍ നിജില്‍ രാജ് (35), കൂത്തുപറമ്പ് ആശാരിക്കണ്ടിയില്‍ പ്രഭിന്‍ലാല്‍ (29), തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി കളിയങ്ങര സജിത്ത് കുമാര്‍ (39), എളവള്ളി സ്വദേശി കോരാംവീട്ടില്‍ നിഖില്‍ (29) എന്നിവര്‍ വെള്ളിയാഴ്ച തൃശ്ശൂരില്‍ പിടിയിലായിരുന്നു. ഇവരെ പെരിന്തല്‍മണ്ണയിലെത്തിച്ച് പ്രത്യേക അന്വേഷണസംഘം കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കണ്ണൂര്‍, തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ആസൂത്രണം നടത്തിയവരെക്കുറിച്ചും വിവരം ലഭിക്കുന്നത്.

പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ എ. ദീപകുമാര്‍, സുമേഷ് സുധാകരന്‍, പി. സംഗീത്, സി.വി. ബിജു, എസ്.ഐ. എന്‍. റിഷാദലി എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞാണ് കവര്‍ച്ച ആസൂത്രണംചെയ്തവരടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തല്‍മണ്ണ ഊട്ടിറോഡിലെ ജൂവലറി അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്ന ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും കാറില്‍ എത്തിയ ഒമ്പതു പേരടങ്ങുന്ന സംഘം ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു. പട്ടാമ്പി റോഡില്‍വെച്ച് കാര്‍ കുറുകെയിട്ട് ഇടിച്ചുവീഴ്ത്തുകയും മറിഞ്ഞുവീണ ഇരുവരുടെയും കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം കൈവശമുണ്ടായിരുന്ന മൂന്നരക്കിലോഗ്രാമോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നാണ് കാറില്‍ രക്ഷപ്പെട്ടത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജു, പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, പോത്തുകല്‍ ഇന്‍സ്‌പെക്ടര്‍ എ. ദീപകുമാര്‍, കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ പി. സംഗീത്, പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ സി.വി. ബിജു, പെരിന്തല്‍മണ്ണ എസ്.ഐമാരായ എന്‍. റിഷാദലി, ഷാഹുല്‍ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസും മലപ്പുറം ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ വിപിന്‍, ഷിഹാബുദീന്‍, അനസ്, അനന്തു എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ സലീഷ്, മിഥുന്‍രാജ്, അര്‍ജുന്‍, സതീഷ്, ലിസണ്‍ എന്നിവരെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

പരസ്പരം പേരുപോലുമറിയാതെയുള്ള ഓപ്പറേഷന്‍ എല്ലാം കിറുകൃത്യം; ചതിച്ചത് കാറും മദ്യപാനവും

പെരിന്തല്‍മണ്ണ: എല്ലാം കിറുകൃത്യമായി െപ്രാഫഷണല്‍ രീതിയില്‍ നടന്നെങ്കിലും പെരിന്തല്‍മണ്ണ കവര്‍ച്ചാസംഘത്തിന് പദ്ധതി പാളിയത് കാറിലും സ്വര്‍ണം മാറ്റിയശേഷം നടന്ന അലസമായ മദ്യപാനത്തിലും. കവര്‍ച്ച നടത്തിയശേഷം ചെര്‍പ്പുളശ്ശേരിയില്‍ എത്തിയ സംഘം രണ്ടായി പിരിയുകയായിരുന്നു. സ്വര്‍ണം സുരക്ഷിതമായി കാറില്‍ കൊണ്ടുപോതോടെ മറ്റൊരു കാറില്‍ തൃശ്ശൂരിലേക്ക് നീങ്ങിയ സംഘം ഇനി ഭയപ്പെടാനില്ലെന്ന നിരീക്ഷണത്തില്‍ മദ്യപാനത്തിലേക്ക് തിരിയുകയായിരുന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയതും ആത്മവിശ്വാസമായി. പക്ഷേ വെളുത്ത കാര്‍ ഒന്നുപോലും വിടാതെ പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു.

മദ്യലഹരിയില്‍ ഇവര്‍ പോലീസിന് മുന്നില്‍ അകപ്പെടുകയായിരുന്നു. 21-ന് ഉച്ചയോടെ അജിത്ത്, നിജില്‍ രാജ്, പ്രഭിന്‍ ലാല്‍, മനു, സലീഷ്, ഫര്‍ഹാന്‍, സജിത്ത്, നിഖില്‍, വൈശാഖ് എന്നിവര്‍ വെള്ളനിറത്തിലുള്ള കാറില്‍ തൃശ്ശൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ഏഴു മണിയോടെയാണ് പെരിന്തല്‍മണ്ണയില്‍ എത്തിയത്. ജങ്ഷന് സമീപം കോടതിയില്‍പ്പോകുന്ന വഴിയില്‍ ഇവര്‍ വാഹനം ഒതുക്കി കാത്തുനിന്നു. 8.30-ന് ജൂവലറി അടച്ച് രണ്ടു ബാഗുകളില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്കുപോകുകയായിരുന്ന ഷാനവാസ്, യൂസഫ് എന്നിവരെ അവരുടെ വീടിനുസമീപം വെച്ച് ഇടിച്ചുവീഴ്ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം സ്വര്‍ണ്ണമടങ്ങിയ രണ്ടു ബാഗുകളും കവര്‍ച്ചചെയ്ത് പെരിന്തല്‍മണ്ണയില്‍നിന്ന് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു.

കാറില്‍ രക്ഷപ്പെട്ട ഒന്‍പതുപേരും ചെര്‍പ്പുളശ്ശേരിക്കടുത്ത് ഒരു സ്ഥലത്തെത്തി നിര്‍ത്തി. അജിത്, സലീഷ്, മനു, ഫര്‍ഹാന്‍ എന്നിവര്‍ സ്വര്‍ണ്ണം അടങ്ങിയ ബാഗുകളുമായി വാഹനം മാറി. രണ്ടാമത്തെ കാറിലുള്ള അഞ്ച് പേരോടും അമല നഗറിലുള്ള റൂമിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അര്‍ജുന്‍ ഓടിച്ചുവന്ന കാറില്‍ സ്വര്‍ണവുമായി ആദ്യസംഘം പോയി. തൃശ്ശൂര്‍ ഭാഗത്തേക്ക് വന്ന കാറിലുണ്ടായിരുന്ന നിജില്‍ രാജ്, പ്രബിന്‍ ലാല്‍, സജിത്ത്, നിഖില്‍ എന്നിവരെ സംശയത്തെതുടര്‍ന്ന് വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വൈശാഖ് രക്ഷപ്പെട്ടു.

സ്വര്‍ണ്ണവുമായി രക്ഷപ്പെട്ട അജിത്ത്, സലീഷ്, ഫര്‍ഹാന്‍, മനു എന്നിവര്‍ സലീഷിന്റെ ബന്ധുകൂടിയായ അപ്പു എന്ന് വിളിക്കുന്ന മിഥുന്‍ എന്നയാളുടെ ജൂബിലി മിഷനു സമീപമുള്ള വീട്ടിലേക്കു നേരത്തേ നിശ്ചയിച്ചപ്രകാരം എത്തി. മിഥുനും, സലീഷും സ്വര്‍ണ്ണം ഉരുക്കി ബാറുകളാക്കുന്നതിനും വില്പന നടത്തുന്നതിനും ഇരുവരുടെയും സുഹൃത്തായ തൃശ്ശൂര്‍ പട്ടിക്കാടിനടുത്ത് വീടുള്ള സതീഷിനെ കണ്ടു.

ഇതില്‍ 500 ഗ്രാം വരുന്ന ഒരുബാര്‍ സ്വര്‍ണമാണ് 35 ലക്ഷം രൂപയ്ക്ക് വിറ്റത്. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ച സലീഷ് ജാമ്യപേപ്പര്‍ പീച്ചി പോലീസ്സ്റ്റേഷനില്‍ ഏല്പിക്കാന്‍ എത്തിയപ്പോള്‍ സംശയംതോന്നിയ പീച്ചി പോലീസ് പെരിന്തല്‍മണ്ണ പോലീസിനെ അറിയിക്കുകയായിരുന്നു. പീച്ചിയിലെത്തിയ പെരിന്തല്‍മണ്ണ പോലീസ് സലീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്.

ആദ്യം പിടിയിലായവര്‍ക്ക് പോലും സ്വര്‍ണവുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ അറിയില്ലായിരുന്നു. ജാമ്യപേപ്പറുമായി പോലീസ്സ്റ്റേഷനിലെത്തിയ സലീഷിനെ പിടിച്ചതാണ് സ്വര്‍ണത്തിലേക്ക് വഴിതുറന്നത്.