
കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊല കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രതി ഋതു ജയന് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും ആലുവ റൂറല്‍ എസ്.പി. വൈഭവ് സക്‌സേന പറഞ്ഞു. അഞ്ചുദിവസത്തേക്ക് ഋതുവിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പോലീസ് ശനിയാഴ്ച നല്‍കും.
കേസ് അന്വേഷണത്തിന് രൂപവത്കരിച്ച സ്‌പെഷല്‍ ടീമില്‍ മൂന്ന് ഡിവൈ.എസ്.പിമാരുണ്ട്. അന്വേഷണസംഘത്തില്‍ സയന്റിഫിക്-സൈബര്‍ വിദഗ്ധരുള്‍പ്പെടെ ആകെ 17 പേരുണ്ട്. വിശദമായി അന്വേഷിക്കും. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തും, വൈഭവ് സക്‌സേന കൂട്ടിച്ചേര്‍ത്തു. മുനമ്പം ഡിവൈ.എസ്.പിയാണ് അന്വേഷണസംഘത്തലവന്‍.
വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍നിന്ന് പുറത്തിറക്കിയപ്പോള്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അവിടെ തടിച്ചുകൂടിയവരുടെ ഇടയില്‍നിന്ന് അതിവേഗം പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. നിലവില്‍ ആലുവ സബ് ജയിലിലാണ് ഋതു ഉള്ളത്. ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനമാകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കും.
തെളിവെടുപ്പിന്റെ ഭാഗമായി കൊലപാതകങ്ങള്‍ നടന്നയിടത്തേക്ക് ഋതുവിനെ കൊണ്ടുവരും. നാട്ടുകാര്‍ ഒത്തുചേരാനും പ്രതിക്കുനേരെ ആക്രമണമുണ്ടാകാനും ഇടയുള്ളതിനാൽ കരുതലോടെയാണ് പോലീസ് നീക്കം. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും.
പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെയാണ് അയല്‍വാസിയായ ഋതു വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് ജിതിനെ വിധേയനാക്കിയിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ജിതിന്‍ ഇപ്പോഴുള്ളത്.
Content Highlights: paravoor chendamangalam triple murder case police will ensure conviction of rithu says sp
Published: 18 Jan 2025, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented