
ചെന്നൈ: തേനി ആണ്ടിപ്പട്ടി തെക്കംപാട്ട ജില്ലാ ജയിലിൽനിന്ന് തടവുകാർ കൂട്ടത്തോടെ ചാടിയതിന് പിന്നാലെ ജയിലുകളിൽ നടപടികൾ കർശനമാക്കി തമിഴ്നാട് സർക്കാർ. തടവുകാർ രക്ഷപ്പെടുന്നത് തടയാൻ ആവശ്യമാണെങ്കിൽ തോക്ക് ഉപയോഗിക്കാൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയതായി പോലീസ് അറിയിച്ചു.
ജയിൽ ചാട്ടങ്ങൾ പോലുള്ള അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കുന്നതിന് സാഹചര്യം അനുസരിച്ച് തോക്ക് ഉപയോഗിക്കാൻ ഗാർഡുകളെ അനുവദിച്ചുകൊണ്ട് ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് ഉത്തരവ് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച രാത്രി തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടതിനെ തുടർന്ന് തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
തേനി സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ 125 ജയിലുകളിലെയും വാച്ച് ടവറുകളിൽ നിരീക്ഷണത്തിനായി സായുധ കാവൽക്കാരെ വിന്യസിക്കുന്നത് ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചാൽ വെടിവെക്കാനാണ് നിർദേശം. തേനി ജയിലിൽനിന്ന് രക്ഷപ്പെട്ട 17 പേരിൽ 15 പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. 13 പേരെ ചൊവ്വാഴ്ചയും ഇന്ന് രണ്ടുപേരെയുമാണ് പിടികൂടിയത്. ഇനി രണ്ടുപേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. നാടകീയമായി ആസൂത്രണം ചെയ്തായിരുന്നു ജയിൽച്ചാട്ടം. ഒരു തടവുകാരന് അപസ്മാരംവന്നതായി അഭിനയിച്ച് ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. അപസ്മാരം അഭിനയിച്ചയാളെ ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ തടവുപുള്ളികൾ മദൻ മോഹൻ എന്ന ജയിലുദ്യോഗസ്ഥനെ ആക്രമിച്ച് സ്വർണമാല തട്ടിയെടുത്തു. തുടർന്ന് തങ്കപാണ്ടി എന്ന ജയിൽ ജീവനക്കാരനെ അടിച്ചുവീഴ്ത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.
Content Highlights: Tamil Nadu government authorizes prison guards to use firearms to prevent jailbreaks., Order issued by Prison DGP Sandeep Rai Rathore following a mass escape in Theni., 17 prisoners escaped from Theni sub-jail, out of which 15 have been recaptured., Armed guards deployed in watchtowers across 125 state prisons.
Published: 28 Oct 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented