പാലക്കാട്: മദ്യപിച്ചെത്തി എസ്എഫ്‌ഐ വിദ്യാർഥികളെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ചിറ്റിലഞ്ചേരി സ്വദേശി ഷഫാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥികളെ ഇടിവളയിട്ട് മർദിച്ചുവെന്നാണ് പരാതി.

To advertise here,

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്തവർക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു പ്രതിഷേധ മാർച്ച്. പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാൽ ബാരിക്കേഡുകൾ എത്തിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. തുടർന്ന് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് പ്രവർത്തകരെ തടഞ്ഞു. പോലീസിനെ മറികടന്ന് പ്രവർത്തകർ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഇതിനിടയിൽ പ്രവർത്തകർ മതിൽ ചാടി റെയിൽവേ സ്റ്റേഷനകത്തേക്ക് ഓടിയതോടെ പോലീസ് ലാത്തി വീശി. റെയിൽവേ സ്റ്റേഷനുമുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ചുനീക്കാൻ പോലീസ് ശ്രമിച്ചു.

എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാൾ മദ്യപിച്ചിരുന്നതായും കൈയിലിട്ടിരുന്ന ഇടിവളകൊണ്ട് മർദിച്ചതായും പ്രവർത്തകർ ആരോപണമുന്നയിക്കുകയായിരുന്നു. ആരോപണവിധേയനായ പോലീസുകാരനെ, കൈയിൽ പരുക്കുപറ്റിയെന്നു പറഞ്ഞ്, ജീപ്പിൽ സ്ഥലത്തുനിന്നുമാറ്റുകയും ചെയ്തു.

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കൾ സംയുക്തമായി ടൗൺ നോർത്ത് സ്റ്റേഷനിലെത്തി, ഡിവൈ.എസ്.പി.ക്കും എസ്.പി.ക്കും പരാതിനൽകുകയായിരുന്നു. ഇതേതുടർന്ന് നടത്തിയ രക്തപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞത്. പിന്നാലെയാണ് സസ്‌പെൻഷൻ നടപടി.