കല്പറ്റ: ഓണ്‍ലൈന്‍ പണത്തട്ടിപ്പുകേസില്‍ ബാങ്ക് അക്കൗണ്ട് എടുത്തുനല്‍കിയ വയനാട് സ്വദേശിയെ നാഗാലാന്‍ഡ് പോലീസ് അറസ്റ്റുചെയ്തു. ചെറിയ തുക കൈപ്പറ്റി മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് കൈമാറിയ മ്യൂള്‍ അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായത്. കണിയാമ്പറ്റ സ്വദേശി ഇസ്മായിലി(26)നെയാണ് നാഗാലാന്‍ഡ് കൊഹിമ സൈബര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് വാറന്റുമായെത്തി അറസ്റ്റുചെയ്ത് കൊണ്ടുപോയത്.

To advertise here,

നാഗാലാന്‍ഡ് സൈബര്‍ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ഇസ്മായിലിനും കുടുംബത്തിനും മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് മനസ്സിലായത്. ചെറിയ തുകയ്ക്കായി ഇസ്മായില്‍ പരിചയക്കാരന് ബാങ്ക് അക്കൗണ്ട് കൈമാറിയതാണ് തട്ടിപ്പില്‍പ്പെട്ടുപോകാന്‍ കാരണമായത്. കൊഹിമ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ഓണ്‍ലൈന്‍ തട്ടിപ്പുകേസിന്റെ അന്വേഷണത്തില്‍ തട്ടിപ്പുതുകയുടെ ഒരുവിഹിതം ഇസ്മായിലിന്റെ ബാങ്ക് അക്കൗണ്ടിലേക്കു വന്നതായി കണ്ടെത്തിയിരുന്നു. നാഗാലാന്‍ഡ് സ്വദേശിയുടെ 12.68 ലക്ഷംരൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം തട്ടിയെടുത്തത്. ഇതില്‍ നാലുലക്ഷംരൂപ ഇസ്മായിലിന്റെ അക്കൗണ്ടിലേക്കാണ് വന്നത്. പണം നല്‍കി ബാങ്ക് അക്കൗണ്ട് കൈക്കലാക്കിയ സംഘം തട്ടിപ്പിനായി ഇസ്മായിലിന്റെ അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നു. കണിയാമ്പറ്റ സ്വദേശിക്ക് രണ്ടുതവണ നാഗാലന്‍ഡ് സൈബര്‍ പോലീസ് നോട്ടീസും നല്‍കിയിരുന്നു.

പണം വാങ്ങി അക്കൗണ്ട് മറ്റൊരാള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ ശൃംഖലയിലൂടെ അക്കൗണ്ട് കൈമാറി തട്ടിപ്പുസംഘങ്ങളുടെ കൈകളിലെത്തുകയാണ് ചെയ്യുന്നത്. ഈ അക്കൗണ്ട് ഉപയോഗിച്ച് സംഘം തട്ടിപ്പ് നടത്തും. തട്ടിപ്പിലൂടെ കിട്ടിയ തുക അക്കൗണ്ടിലെത്തുമ്പോള്‍ അക്കൗണ്ട് എടുത്തുനല്‍കിയയാള്‍ കേസില്‍ ഉള്‍പ്പെടുകയും ചെയ്യും.

അക്കൗണ്ടിന് 5000 രൂപമുതല്‍ 10,000 രൂപവരെ
യുവാക്കളെയും വിദ്യാര്‍ഥികളെയുമൊക്കെ സ്വാധീനിച്ചാണ് പണം നല്‍കി തട്ടിപ്പുസംഘം അക്കൗണ്ട് കൈക്കലാക്കുന്നത്. 5000 രൂപമുതല്‍ 10,000 രൂപവരെയാണ് മ്യൂള്‍ അക്കൗണ്ടിന് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ട് വാങ്ങിനല്‍കാന്‍ ഇടനിലക്കാരുമുണ്ട്. പലരിലൂടെയും കൈമാറിയാണ് അക്കൗണ്ട് ഇതരസംസ്ഥാനത്തടക്കം എത്തുന്നത്. മലപ്പുറംമുതല്‍ കാസര്‍കോടുവരെയായി അഞ്ഞൂറോളംപേര്‍ ഇത്തരത്തില്‍ മ്യൂള്‍ അക്കൗണ്ട് തട്ടിപ്പില്‍ കണ്ണികളായിട്ടുണ്ടെന്നാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. മ്യൂള്‍ അക്കൗണ്ടുകള്‍ എടുത്തുനല്‍കിയ ആളുകളെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ തട്ടിപ്പുസംഘങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കേരള പോലീസ്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, ബാങ്ക് അക്കൗണ്ട് എടുത്തുനല്‍കിയവരെ പ്രതിചേര്‍ത്ത് ആദ്യംതന്നെ അറസ്റ്റിലേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. മ്യൂള്‍ അക്കൗണ്ട് തട്ടിപ്പിനുപുറമേ വ്യാജ ട്രേഡിങ്ങിലൂടെയുള്ള തട്ടിപ്പുകളും വ്യാപകമാണെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ 73 സൈബര്‍ത്തട്ടിപ്പ് പരാതികളില്‍ കേസെടുത്ത് അന്വേഷിച്ചുവരുകയാണെന്നും സൈബര്‍ പോലീസ് പറഞ്ഞു.