കൊച്ചി: കൊച്ചിയിൽ സൈബർ തട്ടിപ്പിലൂടെ വീണ്ടും പണം കവർന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി നൽകിയ വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ച കളമശ്ശേരി സ്വദേശിയായ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടപ്പെട്ടു. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് 90,000 രൂപയാണ് മുളവുകാട് സ്വദേശിനിയിൽ നിന്നും തട്ടിയെടുത്തത്.
ഡോക്ടറുടെ പരാതിയിൽ കളമശ്ശേരി പോലീസ് കേസെടുത്തു. ഡേറ്റിങ് ആപ്പ് വഴിയാണ് 47-കാരനായ ഡോക്ടർ പാലക്കാട്ടുകാരിയായ ’ഗൗതമി നായർ’ എന്ന പേരിലുള്ള 33-കാരിയെ പരിചയപ്പെട്ടത്. തുടർന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ കമ്പനിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്ലാറ്റ്ഫോം ഡോക്ടർക്ക് പരിചയപ്പെടുത്തി. 2025 ഒക്ടോബർ 16 മുതൽ ഡിസംബർ 31 വരെ വിവിധ തവണകളായി സ്വന്തം അക്കൗണ്ടിൽ നിന്നും ഡോക്ടറുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തു. മൂന്നു മാസത്തിനിടെ 1.57 കോടി രൂപ ഇങ്ങനെ നൽകി.
നിക്ഷേപിച്ച തുകയും അതിനുള്ള ലാഭവിഹിതവും ഡോളർ കണക്കിൽ വ്യാജ ആപ്ലിക്കേഷനിൽ കാണിച്ചാണ് ഡോക്ടറെ വിശ്വസിപ്പിച്ചത്. എന്നാൽ, പണമോ ലാഭവിഹിതമോ തിരികെ നൽകാതെ വന്നതോടെയാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തത്. തുടർന്ന് കളമശ്ശേരി പോലീസ് കേസെടുത്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡേറ്റിങ് ആപ്പ് വഴിയുള്ള ആശയവിനിമയത്തിന്റെ വിവരങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ ഡോക്ടർ പോലീസിന് കൈമാറി.
അതിനിടെ ഓൺലൈൻ ഫോറെക്സ് ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് രായമംഗലം സ്വദേശിയിൽനിന്ന് 2.11 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ റൂറൽ സൈബർ ക്രൈം പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 9 മുതൽ നവംബർ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പ്രതികൾ ട്രേഡിങ് നടത്താൻ പ്രേരിപ്പിക്കുകയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കുകയുമായിരുന്നു. പരാതിക്കാരൻ പല ഘട്ടങ്ങളിലായി പണം കൈമാറി. നിക്ഷേപവും ലാഭവും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതായി വ്യക്തമായത്.
മുളവുകാട് സ്വദേശിനി 36-കാരിയെ പുതുതലമുറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ നടക്കുന്നില്ലെന്നും നിലവിലുള്ള മറ്റൊരു ക്രെഡിറ്റ് കാർഡ് വഴി ആക്ടിവേഷൻ നടത്താമെന്നും വിശ്വസിപ്പിച്ച് ഒ.ടി.പി. തരപ്പെടുത്തുകയായിരുന്നു. 89,904 രൂപയാണ് നഷ്ടപ്പെട്ടത്. കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു.
വാട്‌സാപ്പ് ചെലാൻ തട്ടിപ്പിൽ പരാതിപ്രവാഹം
കാക്കനാട്: ''സാറേ, പിഴയടച്ചതാണ്. 500 രൂപയുടെ പിഴയ്ക്ക് 1,000 രൂപയിലേറെ ഈടാക്കി. പണമടച്ചിട്ടും മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ നോക്കുമ്പോൾ പിഴ ബാക്കിയെന്നാണ് കാണിക്കുന്നത്. പണം പോയോ? ഇനി വീണ്ടും അടയ്ക്കണോ?''
ആർ.ടി.ഒ. ഓഫീസുകളിലെത്തുന്ന വാഹന ഉടമകളുടെ ചോദ്യം കേട്ട് ഉദ്യോഗസ്ഥരും കുഴങ്ങുകയാണ്. പിഴയടയ്ക്കാൻ വാട്സാപ്പ് വഴി തട്ടിപ്പുകാർ അയക്കുന്ന വ്യാജ ലിങ്കിൽ കയറി പണം നഷ്ടപ്പെട്ടവരുടെ പരാതികൾ പെരുകുകയാണ്. പരാതിക്കാരെ സൈബർ പോലീസിലേക്ക് പറഞ്ഞയയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ലാത്ത അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്.
നിയമലംഘനവും വാഹനത്തിന്റെ വിവരങ്ങളും പിഴത്തുകയും കൃത്യമായി ഉൾപ്പെടുത്തി വാട്സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളാണ് പലരെയും കുരുക്കുന്നത്. ഔദ്യോഗിക സംവിധാനത്തിൽനിന്നുള്ള അറിയിപ്പാണെന്ന് കരുതി ലിങ്കിൽ കയറി പണമടയ്ക്കുന്നതോടെ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തും. ചിലപ്പോൾ ഈ ലിങ്കിൽ കയറുന്നയാളുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്യപ്പെടുകയും ബാങ്കിലെ മുഴുവൻ തുകയും നഷ്ടമാവുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ജില്ലയിൽ മാത്രം പത്തോളം പേരുടെ അക്കൗണ്ടുകൾ ഇപ്രകാരം ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം.
ഗൂഗിളിൽ 'പരിവാഹൻ ഇ-ചലാൻ' എന്ന് തിരയുമ്പോൾ ഔദ്യോഗിക വെബ്സൈറ്റിനൊപ്പം സമാന പേരിലുള്ള സ്വകാര്യ സൈറ്റുകളും സ്പോൺസേഡ് ലിങ്കുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ കയറി പണമടയ്ക്കുന്നവരിൽനിന്ന് സർക്കാർ ചുമത്തിയ 500 രൂപയുടെ പിഴയ്ക്ക് പകരം 1,000 മുതൽ 2,000 രൂപ വരെയാണ് സർവീസ് ചാർജ് എന്ന പേരിൽ ഈടാക്കുന്നത്. അടയ്ക്കുന്ന പണമെല്ലാം നഷ്ടപ്പെടും. സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിൽ പിഴ ബാക്കി നിൽക്കുകയും ചെയ്യും.
ഉദ്യോഗസ്ഥർക്കും ചെലാൻ കെണി
തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ അനുഭവം. ഉദ്യോഗസ്ഥരുടെ വ്യക്തിഗത ഫോണുകളിലേക്കും പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങളെത്തുന്നുണ്ട്. വിഷയത്തിൽ ഗതാഗത കമ്മിഷണർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
Content Highlights: A 47-year-old doctor from Kalamassery lost Rs 1.57 crore through a fake trading platform introduced via a dating app., Scammers used a fake app showing profits in dollars to deceive the victim between October and December 2025., A Mulavukad native also lost Rs 90,000 in a credit card activation scam., Kochi and rural cyber police have registered cases and are investigating multiple online financial frauds.
Published: 18 Nov 2026, 09:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented