നെന്മാറ: നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് പിടികൂടിയത് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെ. ഒന്നര ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം പോലീസ് ഭക്ഷണം എത്തിച്ചുനല്‍കി. തുടര്‍ന്നായിരുന്നു വിശദമായ ചോദ്യംചെയ്യല്‍. 

To advertise here,

ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാന്‍ മറ്റിടങ്ങളില്ലെന്നും തന്റെ വീട്ടിലേക്ക് വരുമെന്നും സഹോദരന്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലീസ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ചെന്താമരയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ മാറിയുള്ള സഹോദരന്റെ വീട്ടില്‍ മുഴുവന്‍സമയവും കാവലും നിന്നു. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയശേഷം ചെന്താമര ആദ്യം വന്നത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇത്തവണ സഹോദരന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീടായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. പോകുന്ന വഴിയില്‍ കൃത്യമായി പോലീസ് വിരിച്ച വലയില്‍ വീഴുകയും ചെയ്തു. 

ചൊവ്വാഴ്ച രാത്രി ഒന്‍പതേമുക്കാലോടെത്തന്നെ ചെന്താമരയെ വയല്‍വരമ്പില്‍നിന്ന് പിടികൂടിയതായാണ് പോലീസ് നല്‍കുന്ന സൂചന. തുടര്‍ന്ന്, ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിനായാണ് കുറച്ചുനേരത്തിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. തുടര്‍ന്നാണ് സ്വകാര്യവാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അറസ്റ്റിലായ ചെന്താമരയെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തിനുശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതിതേടുമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.