പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമരയെ (59) സാക്ഷിമൊഴികളിലെ പ്രധാനഭാഗങ്ങൾ കോടതിയിൽ വായിച്ചുകേൾപ്പിച്ചു. മൊഴികളിൽപ്പറയുന്ന കൊലക്കുറ്റമടക്കം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കോടതിക്കുമുന്നിൽ ചെന്താമര നിഷേധിച്ചു.
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നടപടി. 2025 ജനുവരി 27 -നായിരുന്നു സംഭവം. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള 81 സാക്ഷികളുടെ മൊഴിയിലെ പ്രസക്തഭാഗങ്ങളാണ് വെള്ളിയാഴ്ചരാവിലെ പാലക്കാട് ജില്ലാ അഡിഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജ് ചെന്താമരയെ വായിച്ചുകേൾപ്പിച്ചത്. സുധാകരന്റെ മകൾ അഖില, ചെന്താമര കൊടുവാൾവാങ്ങിയതായി പറയപ്പെടുന്ന കടയുടെ ഉടമ എന്നിവരടക്കമുള്ളവരുടെ മൊഴികളിലെ വിവരങ്ങൾ കോടതി വായിച്ചുകേൾപ്പിച്ചു. ആരോപണങ്ങളെക്കുറിച്ചൊന്നും തനിക്കറിവില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി.
കേസ് ഇനി ജൂൺ ഒന്നിന് പരിഗണിക്കും. തെളിവുകൾ ഹാജരാക്കുന്നതിനടക്കം പ്രതിഭാഗത്തിനുകൂടി അവസരം നൽകിയശേഷം ജൂൺ അവസാനത്തോടെ കേസിൽ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
Content Highlights: Accused Chentamara denies all charges in the 2025 Nemmara double murder case.
Published: 30 May 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented