തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നഗരസഭ മുൻ ചെയർമാൻ പിടിയിലായി. തൊടുപുഴ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജിനെയാണ് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് ഡിവൈഎസ്പിയുടെ പ്രത്യേക സംഘം ഇയാളെയും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്. പാതയോരത്ത് രാസലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന.

To advertise here,

പരിശോധനയ്‌ക്കെത്തിയ സമയം ഇരുവരും ലഹരി ഉപയോഗിച്ചു കഴിഞ്ഞിരുന്നതിനാൽ ഇവരുടെ കൈവശത്തുനിന്ന് നേരിട്ട് എംഡിഎംഎ കണ്ടെത്താനായില്ല. എന്നാൽ എംഡിഎംഎ സൂക്ഷിച്ചിരുന്ന കവറും ഇത് ഉപയോഗിക്കാൻ ഉപയോഗിച്ച പൈപ്പും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാസലഹരി ഉപയോഗിച്ചതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇവരെ ജാമ്യത്തിൽ വിടുമെന്ന് പോലീസ് അറിയിച്ചു.

ലഹരി ഉപയോഗത്തിന് പുറമെ സനീഷ് ജോർജിന് എംഡിഎംഎ വിൽപനയോ വ്യാപാരമോ ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പണമിടപാടുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിലിറങ്ങിയാലും ഇയാൾക്കെതിരെ തുടർ നടപടികൾ ഉണ്ടാകും.

കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലാണ് സനീഷ് ജോർജ് തൊടുപുഴ നഗരസഭാ ചെയർമാനായത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇയാൾ പാർട്ടിയിലെ പ്രശ്നങ്ങളെ തുടർന്ന് വിമതനായി മത്സരിച്ച് വിജയിക്കുകയും ഇടതുമുന്നണിയുടെ പിന്തുണയോടെ അധ്യക്ഷസ്ഥാനത്ത് എത്തുകയുമായിരുന്നു. തുടർന്ന് കൈക്കൂലി ആരോപണം ഉയർന്നതോടെ രാജിവെച്ച് പുറത്തുപോയ ഇയാൾ, നിലവിൽ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് പ്രവർത്തകനായി തുടരുകയാണ്.