
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയുടെ വിധി വന്നെങ്കിലും വിധിയുടെ പൊരുളോ കൊലയുടെ കാരണമോ അറിയാതെ കിടപ്പിലാണ് കേഡലിന്റെ അമ്മാവന്‍ ജോസ് സുന്ദരം. ആറുമാസംമുന്‍പ് ഓര്‍മ്മ ഇടയ്ക്കിടെ വന്നുംപോയുമിരിക്കുന്ന സ്ഥിതിയിലാണ് 65 വയസ്സുകാരനായ ജോസെങ്കിലും ആ ക്രൂരതകള്‍ ഇപ്പോഴും ഓര്‍ത്തെടുക്കുന്നു അദ്ദേഹം.
'മാനസികരോഗമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല, ചിലപ്പോള്‍ അതവന്റെ അഭിനയമാകാം. എന്തിനായിരുന്നു ഈ ക്രൂരതയെന്ന ചോദ്യത്തിന് അറിയാതെ ചെയ്തുപോയെന്ന് വളരെ നോര്‍മലായാണ് കേഡല്‍ അന്ന് ഉത്തരം നല്‍കിയത്,' ജയിലില്‍വെച്ച് അവസാനമായി കേഡലിനെ കണ്ടപ്പോഴുള്ള രംഗങ്ങള്‍ ഓര്‍ത്തെടുത്ത് ജോസ് മറ്റു ചിലതുകൂടെ പറഞ്ഞു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന, കാര്യങ്ങളെല്ലാം കണ്ടറിഞ്ഞു ചെയ്തിരുന്ന കേഡലിനു മാനസികരോഗമുണ്ടെന്നു താന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ തന്നോട് വളരെ ഭവ്യതയോടെ ജയിലില്‍വെച്ച് സംസാരിക്കില്ലായിരുന്നു.
15 ലക്ഷം രൂപ പിഴത്തുകയായി കേഡല്‍ ജിന്‍സണ്‍രാജയ്ക്ക് കോടതി വിധിച്ചതും, മാതൃസഹോദരന് പിഴത്തുക നല്‍കണമെന്ന കോടതി ഉത്തരവും അറിയാതെ പരസഹായത്താല്‍ ജീവിക്കുകയാണ് ഇദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് വന്ന് 10 വര്‍ഷത്തോളമായി ചികിത്സയിലായ ജോസ് ആറുമാസമായി കിടപ്പിലാണ്. തന്റെ ചികിത്സയും മറ്റും ഏറ്റെടുക്കണമെന്ന വാക്കാലെയുള്ള ഉറപ്പിലാണ് കേഡലിന്റെ അമ്മ ജീന്‍ പദ്മത്തിന് എട്ടുവര്‍ഷം മുന്‍പ് ഇഷ്ടദാനമായി ജോസിന്റെ വീടും പറമ്പും എഴുതിനല്‍കിയത്.
ആദ്യത്തെ മാസം മാത്രമാണ് തന്നെ പദ്മവും കുടുംബവും സംരക്ഷിച്ചത്. തൊട്ടടുത്ത മാസം ജോസിനെ തേടിയെത്തിയത് കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്തയാണ്. കേഡലിന്റെ കൂട്ടക്കൊലപാതകം ജോസിന്റെ നിലനില്‍പ്പിനെത്തന്നെ അനിശ്ചിതത്വത്തിലാക്കി. ഒന്നരമാസം കഴിഞ്ഞപ്പോള്‍ ചികിത്സാച്ചെലവുകള്‍ക്കായി വീട് തിരിച്ചുകിട്ടുന്നതിന് ജോസ് കേസ് നല്‍കിയിരുന്നു. ഇന്നും ആ കേസ് നിലനില്‍ക്കുന്നുണ്ട്. ഒപ്പം പഠിച്ചതും ജോലി ചെയ്തതുമായ സുഹൃത്തുക്കളാണ് കൊലപാതകത്തിനുശേഷം ജോസിന്റെ ചികിത്സാച്ചെലവുകള്‍ നോക്കിവരുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജീവനക്കാരനായി വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നതിനാല്‍ ബാങ്ക് ബാലന്‍സുമില്ല. കുറഞ്ഞത് 5,000 രൂപയുടെ മരുന്നാണ് ഒരുമാസം വേണ്ടിവരുക. പരിപാലനത്തിനായി നില്‍ക്കുന്ന വീട്ടുജോലിക്കാരിക്കുള്ള കൂലിനല്‍കുന്നതും ജോസിന്റെ സുഹൃത്തുക്കള്‍തന്നെ. ബെയിന്‍സ് കോമ്പൗണ്ട് റെസിഡെന്‍സ് അസോസിയേഷനിലെ 117-ാം നമ്പര്‍ വീടിനോടു ചേര്‍ന്നുള്ള സുന്ദരംഭവനില്‍ ഇന്നും വാക്കിങ് സ്റ്റിക്കിന്റെയും വീല്‍ച്ചെയറിന്റെയും സഹായത്താല്‍ ജീവിക്കുകയാണ് അദ്ദേഹം.
കൊലപാതകങ്ങള്‍ സുബോധത്തോടെ... മാനസികരോഗംകൊണ്ടല്ല - മാനസികാരോഗ്യ വിദഗ്ധന്‍
തിരുവനന്തപുരം: കേഡല്‍ ജിന്‍സണ്‍രാജ നാല് കൊലപാതകങ്ങള്‍ നടത്തിയതും സുബോധത്തോടെ തന്നെയാണെന്ന് മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ജി. മോഹന്റോയ് പറഞ്ഞു. കേഡല്‍ അറസ്റ്റിലായി ആദ്യദിവസംതന്നെ ചോദ്യംചെയ്യാന്‍ പോലീസ് മോഹന്റോയിയുടെ സഹായം തേടിയിരുന്നു. ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ആസ്ട്രോ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് കേഡല്‍ പോലീസിനോടു പറഞ്ഞത്. ഇതോടെയാണ് മാനസികാരോഗ്യവിദഗ്ധന്റെ സഹായം പോലീസ് തേടിയത്.
ഓസ്ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് കേഡല്‍ ആസ്ട്രോ പ്രൊജക്ഷനെക്കുറിച്ച് വായിച്ചിട്ടുണ്ടായിരുന്നു. ഇത് കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ ഉപയോഗിക്കുകയായിരുന്നു എന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് രണ്ടുമണിക്കൂറോളം സംസാരിച്ചുകഴിഞ്ഞപ്പോള്‍ കേഡല്‍ ഡോക്ടറോടു കുറ്റസമ്മതം നടത്തി.
മാനസികരോഗം കാരണം ചെയ്യുന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് ഒരു വ്യക്തിക്കു ബോധമില്ലാത്ത അവസ്ഥയുണ്ട്. ഇതാണ് രോഗം കാരണം സംഭവിക്കുന്നതായി പരിഗണിക്കുന്നത്. മിഥ്യാധാരണകളുടെ പുറത്താണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. എന്നാല്‍ മാനസികരോഗമുള്ള ഒരാള്‍ ഒരു കുറ്റകൃത്യം ചെയ്യുകയും അതിനെക്കുറിച്ചും വരുംവരായ്കകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. കേഡലിന്റെ കാര്യത്തില്‍ ഇതാണു സംഭവിച്ചതെന്നും മോഹന്റോയി പറയുന്നു.
കൊലപാതകങ്ങളുടെ കാരണമടക്കം കേഡല്‍ ആദ്യം വെളിപ്പെടുത്തിയത് ഡോക്ടറോടാണ്. മാസങ്ങള്‍ നീണ്ട പരിശോധനയ്ക്കുശേഷമാണ് മഴു വാങ്ങിയത്. കൊലപാതകങ്ങള്‍ക്കിടയില്‍ ആഹാരം കഴിച്ചു. പ്ലാസ്റ്റിക് കവറുകള്‍ വാങ്ങി. തുടങ്ങി സുബോധത്തോടെയായിരുന്നു കേഡലിന്റെ പ്രവൃത്തികളെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. കോടതിയിലും ഇദ്ദേഹം മൊഴിനല്‍കിയിരുന്നു. കേഡല്‍ മുന്‍പ് മാനസികരോഗത്തിനു ചികിത്സ തേടിയിട്ടില്ലെന്നും പോലീസ് പരിശോധനയില്‍ കണ്ടെത്തി.
കേഡലിന് ജീവപര്യന്തം കഠിനതടവും 15 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ കോടതി ജീവപര്യന്തം കഠിനതടവിനും 15 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒന്നരവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതി പിഴ ഒടുക്കിയാല്‍ അത് കേസിലെ ഒന്നാം സാക്ഷിയും കേഡലിന്റെ മാതൃസഹോദരനുമായ ജോസ് സുന്ദരത്തിനു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിനു പുറമേ 12 ലക്ഷം രൂപയാണ് പിഴ. തെളിവ് നശിപ്പിച്ച കുറ്റത്തിന് അഞ്ചുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വീടിനു കേടുപാട് വരുത്തിയ കുറ്റത്തിന് ഏഴുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
നന്തന്‍കോട് ബെയില്‍സ് കോമ്പൗണ്ട് 117-ാം നമ്പര്‍ വീട്ടില്‍ കേഡല്‍ ജിന്‍സണ്‍ രാജ, പിതാവ് പ്രൊഫസര്‍ രാജാ തങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി ഡോ. കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്.ഡോ. ജീന്‍ പദ്മ അറേബ്യ, ബ്രൂണെ എന്നിവിടങ്ങളിലാണ് ആദ്യ കാലഘട്ടത്തില്‍ ജോലിചെയ്തിരുന്നത്. പ്രൊഫസര്‍ രാജാ തങ്കം മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളേജില്‍നിന്നു വിരമിച്ചയാളായിരുന്നു.
കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്കു പറന്ന് പോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പോലീസിന് ആദ്യം നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്. ഓസ്‌ട്രേലിയയില്‍നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനം പൂര്‍ത്തിയാക്കി 2009ലാണ് കേഡല്‍ നാട്ടിലെത്തുന്നത്. പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് പിന്നീട് കേഡല്‍ മാറ്റിപ്പറഞ്ഞു.
2017 ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ നടത്തിയ കൊലപാതകങ്ങളെല്ലാം പുറത്തറിയുന്നത്. താന്‍ വികസിപ്പിച്ച കംപ്യൂട്ടര്‍ ഗെയിം കാണിച്ചുതരാമെന്നു പറഞ്ഞ് അമ്മയെയും അച്ഛനെയും സഹോദരിയെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി പലസമയത്തായി കൊലപ്പെടുത്തി. പിന്നീട് ബന്ധുവായ ലളിതയെയും കൊലപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പേ കാഴ്ചനഷ്ടപ്പെട്ട ലളിത, ബന്ധുവായ പദ്മയുടെ വീട്ടിലാണ് താമസിച്ചുവന്നത്. മൂന്നുദിവസം മൃതദേഹത്തിനു കാവലിരുന്ന കേഡല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുകയായിരുന്നു. ലളിതയുടെ മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് കാണപ്പെട്ടിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി.
2024 നവംബര്‍ 13-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 65 ദിവസം നീണ്ടുനിന്ന വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയത്തെളിവുകള്‍ ഉള്‍പ്പെടെ 120ഓളം രേഖകളും 90ഓളം തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. മ്യൂസിയം സിഐയും ഇപ്പോള്‍ സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറുമായ ജെ.കെ. ദിനിലിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. തുടരന്വേഷണം അന്നത്തെ കന്റോണ്‍മെന്റ് എസിയും ഇപ്പോള്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുമായ കെ.ഇ. ബൈജുവിനു നല്‍കി. അദ്ദേഹമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്നത്തെ സിറ്റി പോലീസ് കമ്മിഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഐജിയുമായ സ്പര്‍ജന്‍കുമാര്‍, അന്നത്തെ ദക്ഷിണ മേഖലാ ഐജിയും ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സിഐ സുനില്‍, എസ്ഐ സന്ധ്യകുമാര്‍, സീനിയര്‍ സിപിഒമാരായ മണികണ്ഠന്‍, രാകേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: nanthancode murders kedal jenson rajas relative reacts on court ruling
Published: 14 May 2025, 10:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented