കോവളം: ബാലരാമപുരത്തെ പരിപാടിയിൽ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്ന ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെപോയ ബൈക്ക് യാത്രക്കാരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വള്ളക്കടവ് സ്വദേശിയും ഫെയ്സ് ചാനൽ നടത്തുന്നയാളുമായ നാദിർഷാ(29), അഷ്‌ക്കർ(28) എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

ഞായറാഴ്ച വൈകീട്ട് 6.10-ഓടെയായിരുന്നു. സംഭവം. ബാലരാമപുരത്തെ എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കൽ സയൻസിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു ഉപരാഷ്ട്രപതി. വഞ്ചിയൂരിലെ ബാറിൽനിന്ന് മദ്യപിച്ചശേഷം ബൈക്ക് യാത്രക്കാർ വിഴിഞ്ഞത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുവല്ലത്ത് നിന്ന് വാഴമുട്ടത്തും തുടർന്ന് കോവളത്തും എത്തിയ ഇവർ ,പോലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. അപ്പോൾ ഉപരാഷ്ട്രപതിയുൾപ്പെട്ട വാഹനവ്യൂഹം കോവളം ജങ്ഷനിൽനിന്ന് കടന്നുപോകുകയായിരുന്നു. 

പിൻതുടർന്നെത്തിയ പോലീസ് കാഞ്ഞിരംകുളം ഭാഗത്ത് പെട്രോൾ തീർന്ന് മുന്നോട്ടുപോകാനാവാത്ത അവസ്ഥയിൽനിന്ന യുവാക്കളെ ബൈക്കോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കൽ, പോലീസിന്റെ സുരക്ഷാവ്യൂഹം തടസ്സപ്പെടുത്തൽ എന്നിവ ചേർത്ത് പ്രതികൾക്കെതിരേ കോവളം പോലീസ് കേസെടുത്തു.