ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടു പോയി. എൻഐഎ ഉദ്യോ​ഗസ്ഥരുടെ കസ്റ്റഡിയിലുള്ള റാണയെ വിമാനത്താവളത്തിൽവച്ചുതന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കോടതി നടപടികൾ തുടങ്ങിയിട്ടുണ്ട്. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങ് കോടതിയിൽ എത്തി. റാണയ്ക്ക് വേണ്ടി ഡൽഹി ലീ​ഗൽ സർവീസ് അതോറിറ്റി ഒരു അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്. പീയുഷ് സച്ചിദേവ് ആയിരിക്കും റാണയ്ക്ക് വേണ്ടി ഹാജരാകുക.

To advertise here,

ഡൽഹിയിൽ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ എൻഐഎ ആസ്ഥാനത്തെത്തിക്കുമോ ജയിലിലേക്ക് മാറ്റുമോ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരികയുള്ളൂ. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്തുന്നതടക്കമുള്ള നീക്കങ്ങളിലാണ് അന്വേഷണ സംഘമെന്നാണ് വിവരം. 

എൻഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരാണ് സംഘത്തിലുള്ളത്.  റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. 

ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിഹാർ ജയിലിലാണ് അതീവസുരക്ഷാ ക്രമീകരണങ്ങളോടെ തഹാവുർ റാണയെ നിലവിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കിൽ  മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും റാണയേയും പാർപ്പിക്കുക.