ന്യഡൽഹി: തിഹാർ ജയിലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക്ക്, ഡൽഹി കോടതിയെ സമീപിച്ചു. ജയിലിലെ ഭക്ഷണം അമിതമായി എരിവുള്ളതും എണ്ണയിൽ വറുത്തതും കൊഴുപ്പുള്ളതുമാണെന്നും, അതിനാൽ താൻ ദീർഘകാലമായി നിരാഹാര സമരത്തിലാണെന്നും ഹർജിയിൽ വാൻഡൈക്ക് അവകാശപ്പെടുന്നു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകുകയും കൂലിപ്പടയാളിയായി പ്രവർത്തിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് എൻ.ഐ.എ വാൻഡൈക്കിനെ അറസ്റ്റ് ചെയ്തത്.
ജയിലിലെ ഭക്ഷണം തന്റെ ശീലങ്ങൾക്ക് അനുയോജ്യമല്ലാത്തതും ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാചക ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കാൻ വാൻഡൈക്ക് അനുമതി തേടിയത്. മേയ് 6 മുതൽ നിരാഹാര സമരത്തിലാണെന്നും ജയിൽ ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ സോയാ മിൽക്ക് പോലുള്ളവ മാത്രമാണ് ഇപ്പോൾ കഴിക്കുന്നതെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഏകദേശം 14 കിലോയോളം ഭാരം കുറഞ്ഞതായും പോഷകാഹാരക്കുറവ് മൂലം ശാരീരികക്ഷമതയിലും പ്രതിരോധശേഷിയിലും വലിയ കുറവ് അനുഭവപ്പെടുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.
മനുഷ്വത്വപരമായ പരിഗണന നൽകി, കുടുംബത്തിന്റെ ചെലവിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. ഇതിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും പാത്രങ്ങളും പാചക ഉപകരണങ്ങളും കുടുംബം നൽകാൻ തയ്യാറാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കോഴിയിറച്ചി, മാട്ടിറച്ചി, മത്സ്യം, ചെമ്മീൻ, പാസ്ത, നൂഡിൽസ്, അരി, ഉരുളക്കിഴങ്ങ്, സവാള, പയർവർഗങ്ങൾ, ബ്രെഡ്, വെണ്ണ, ഒലിവ് ഓയിൽ, ടോൺഡ് മിൽക്ക്, സോയ പാൽ, കുപ്പി വെള്ളം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളുടെ പട്ടിക ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻഡക്ഷൻ കുക്കർ, പാചക പാത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വിഷയത്തിൽ മറുപടി നൽകുന്നില്ലെന്ന് എൻ.ഐ.എ കോടതിയെ അറിയിച്ചു. തുടർന്ന്, ഹർജിയിൽ മറുപടി നൽകാൻ തിഹാർ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു. ജൂലൈ 21-നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. മിസോറാം അതിർത്തി വഴി മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുവെന്നാരോപിച്ച് ആറ് യുക്രൈൻ പൗരന്മാർക്കൊപ്പം മാർച്ച് 13-നാണ് വാൻഡൈക്കിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
Published: 10 Jul 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented