കൊച്ചി: ആയുധപരിശീലനക്കേസിലെ പിടികിട്ടാപ്പുള്ളിയായ പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ.) പ്രവർത്തകൻ മൊയ്തീൻകുട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ ആയുധപരിശീലനം നടത്തിയിരുന്നതായും മാസ്റ്റർ ട്രെയിനറായിരുന്നുവെന്നുമാണ് എൻഐഎ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കായിക, യോഗാ പരിശീലനങ്ങളുടെ മറവിൽ മൊയ്തീന്റെ നേതൃത്വത്തിൽ യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിക്കാൻ പരിശീലിപ്പിച്ചതായും എൻഐഎ പറയുന്നു. മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശിയായ മൊയ്തീൻകുട്ടിയെ എൻ.ഐ.എ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
മൊയ്തീൻകുട്ടി കായിക ആയുധ പരിശീലന വിങ്ങിന്റെ കോർഡിനേറ്ററായി വർഷങ്ങളോളം പ്രവർത്തിച്ചെന്ന് എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തുടനീളം നൂറുകണക്കിന് യുവാക്കൾക്ക് പരിശീലനം ലഭിച്ചുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ദേശവിരുദ്ധപ്രവർത്തനങ്ങൾക്കുവേണ്ടി പി.എഫ്.ഐ. ഒരുക്കിയ സായുധസംഘത്തിന് ആയുധപരിശീലനം നൽകിയത് മൊയ്തീൻകുട്ടിയാണെന്നാണ് എൻ.ഐ.എ. പറയുന്നത്. കായിക, യോഗാ പരിശീലനങ്ങളുടെ മറവിൽ മൊയ്തീന്റെ നേതൃത്വത്തിൽ യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിക്കാൻ പരിശീലിപ്പിച്ചു. മൊയ്തീൻകുട്ടി നേരത്തേ കൈവെട്ട്‌ക്കേസിലും പ്രതിചേർക്കപ്പെട്ടയാളാണെന്നാണ് എൻഐഎ നൽകുന്ന വിവരം.
പിഎഫ്‌ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്‌ഐയെ നിരോധിക്കുകയുംചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്ന സമയത്ത് വളാഞ്ചേരിയിൽ ആക്രിക്കട നടത്തുകയായിരുന്നു മൊയ്തീൻകുട്ടിയെന്ന നിർണായകവിവരവും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ ഒളിവിൽപ്പോയ മൊയ്തീൻകുട്ടി പിന്നീട് വിദേശത്തേക്കു കടന്നിരുന്നു. ഇതോടെ മൊയ്തീൻകുട്ടിയെ എൻഐഎ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 3 വർഷമായി യുഎഇയിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ബുധനാഴ്ച യു.എ.ഇ.യിൽനിന്ന് എത്തിയ ഉടനെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, പറവൂർ സ്വദേശി അബ്ദുൾ വഹാബ്, പട്ടാമ്പി സ്വദേശി അബ്ദുൾ റഷീദ്, ആലങ്ങാട് സ്വദേശി മുഹമ്മദ് യാസർ അറാഫത്ത്, എടവനക്കാട് സ്വദേശി ടി.എ. അയൂബ് എന്നിവരാണ് കേസിൽ ഇനിയും പിടിയിലാകാനുള്ളത്. ഇവർക്കെതിരേ തിരച്ചിൽ നോട്ടീസ് നിലനിൽക്കുന്നുണ്ട്.
Content Highlights: pfi worker nia arrest kochi
Published: 19 Feb 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented