മുംബൈ:  യു.ടി.എസ്. ആപ്പിലെ മാതൃകയില്‍ കൃത്രിമമായി റെയില്‍വേടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. സൂറത്ത് സ്വദേശിയായ 21-കാരനെയാണ് അന്ധേരിയില്‍ എ.സി. ലോക്കല്‍ ട്രെയിനില്‍നിന്ന് വനിതാ ടി.ടി.ഇ.മാര്‍ പിടികൂടിയത്. യു.ടി.എസ്. ആപ്പിലെ മാതൃകയില്‍ സീസണ്‍ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് കൃത്രിമമായി തയ്യാറാക്കിയാണ് ഇയാള്‍ കബളിപ്പിച്ചതെന്നും 48,000 രൂപയോളം വിലവരുന്ന 11 ടിക്കറ്റുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. 

To advertise here,

ചര്‍ച്ച്‌ഗേറ്റ്-വിരാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എ.സി. ലോക്കല്‍ ട്രെയിനില്‍ കഴിഞ്ഞദിവസം ടി.ടി.ഇ.മാര്‍ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ തട്ടിപ്പ് പിടികൂടിയത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യു.ടി.എസ്. ടിക്കറ്റാണെന്ന് പറഞ്ഞ് യുവാവ് മൊബൈല്‍ സ്‌ക്രീനില്‍ ടിക്കറ്റ് കാണിച്ചുനല്‍കി. എന്നാല്‍, ടിക്കറ്റ് കണ്ടപ്പോള്‍ അസ്വാഭാവികത തോന്നിയ ടി.ടി.ഇ. ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് അനുവദനീയമല്ലെന്നും യു.ടി.എസ്. ആപ്പില്‍ ടിക്കറ്റ് കാണിക്കമെന്നും ആവശ്യപ്പെട്ടു. ടിക്കറ്റെടുത്തത് മറ്റൊരു മൊബൈല്‍ഫോണിലാണെന്നും അത് പ്രവര്‍ത്തിക്കുന്നില്ലെന്നും ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് തന്റെ കൈയിലുള്ളതെന്നുമായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് ടി.ടി.ഇ. ടിക്കറ്റിലെ യു.ടി.എസ്. നമ്പര്‍ ശേഖരിച്ച് പരിശോധിച്ചതോടെയാണ് ഇത് യുവാവിന്റെ പേരിലുള്ള ടിക്കറ്റല്ലെന്നും മറ്റൊരാളുടെ യുടിഎസ് നമ്പറില്‍ വ്യാജമായി നിര്‍മിച്ചതാണെന്നും വ്യക്തമായത്. 

പിടിയിലായ 21-കാരന്‍ എന്‍ജിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചയാളാണെന്നാണ് വിവരം. എ.സി. ട്രെയിനില്‍ യാത്രചെയ്യാന്‍ ഉപയോഗിക്കുന്ന മൂന്നുമാസത്തേക്കുള്ള സീസണ്‍ ടിക്കറ്റാണ് ഇയാള്‍ വ്യാജമായി നിര്‍മിച്ചിരുന്നത്. മൂന്നുമാസത്തേക്ക് എ.സി. ട്രെയിനില്‍ 4800 രൂപയോളമാണ് സീസണ്‍ ടിക്കറ്റിന്റെ നിരക്ക്. ഇതുവരെ ഇത്തരത്തിലുള്ള 11 ടിക്കറ്റുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഇതില്‍ ഏഴെണ്ണം തന്റെ സുഹൃത്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയതെന്നും യൂട്യൂബില്‍നിന്നാണ് കൃത്രിമമായി ടിക്കറ്റ് നിര്‍മിക്കാനുള്ള വിവരങ്ങള്‍ യുവാവ് മനസിലാക്കിയതെന്നും അധികൃതര്‍ പറഞ്ഞു. പ്രതിയെ അന്ധേരി റെയില്‍വേപോലീസിന് കൈമാറി. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കള്‍ക്കായും അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.