
കോഴിക്കോട്: റെയിൽപ്പാത നാലുവരിയായി ഇരട്ടിപ്പിക്കുന്ന പദ്ധതിയിൽ കേരളമില്ല. രാജ്യത്തെ ഏറ്റവുംതിരക്കേറിയ സെക്‌ഷനുകളെയാണ് നിലവിൽ കേന്ദ്രസർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11,000 കിലോമീറ്റർ റെയിൽപ്പാത നാലുവരിയാക്കാനുള്ള പ്രവൃത്തിയുമായാണ് റെയിൽവേ മുന്നോട്ടുപോകുന്നത്. പകുതിയോളംദൂരത്തിൽ പദ്ധതിക്ക് അനുമതി നൽകുകയോ, നിർമാണം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. ബാക്കി ഡി.പി.ആർ. ഘട്ടത്തിലാണ്.
ഡൽഹി-മുംബൈ (1384 കി.മി.), ഡൽഹി-ഹൗറ (പശ്ചിമ ബംഗാൾ 1529 കി.മി.), ഹൗറ-ചെന്നൈ (1653 കി.മി.), ഡൽഹി-ചെന്നൈ (2174 കി.മി.), ചെന്നൈ-മുംബൈ (1289 കി.മി.) തുടങ്ങിയ പ്രധാന പാതകളാണ് പദ്ധതിയിൽ ഇപ്പോൾ ഉൾപ്പെട്ടിട്ടുള്ളത്. ചെന്നൈ-നാഗ്പുർ (1089 കി.മി.), മുംബൈ-നാഗ്പുർ (835 കി.മി.), ഡൽഹി-നാഗ്പുർ (1092 കി.മി.), ഹൗറ-നാഗ്പുർ (1127 കി.മി.), ഡൽഹി-ഗുവാഹാട്ടി (1964 കി.മി.) പാതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേയുടെ 41 ശതമാനം ഗതാഗതവും നടക്കുന്ന പാതകളാണിവ.
ഡൽഹി-ഹൗറ പാതയിൽ പ്രതിദിനം 120 യാത്രാവണ്ടികളും 100 ചരക്കു വണ്ടികളും സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. മുംബൈ പാതയിൽ ഇത് യഥാക്രമം തൊണ്ണൂറും എൺപത്തഞ്ചുമാണ്. അതേസമയം കേരളത്തിലെ തൃശ്ശൂർ-എറണാകുളം പാതയിൽ പ്രതിദിനം 100 യാത്രാവണ്ടികളുണ്ട്. കണ്ണൂർ-ഷൊർണൂർ പാതയിലിത് അറുപതിനടുത്താണ്. എറണാകുളം-തിരുവനന്തപുരം പാതയിൽ 64 വണ്ടികളാണ് ദിവസവും ഓടുന്നത്. ഇതിനിടയിൽ ഹ്രസ്വദൂരംമാത്രം ഓടുന്ന ലോക്കൽ തീവണ്ടികളും മെമുവുമുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോടു നിന്ന് സർവീസ് തുടങ്ങുന്ന വണ്ടികൾ വേറേയും. ചരക്ക് വണ്ടികളും ധാരാളം. പാത ഇരട്ടിപ്പിക്കാതെ പുതിയ സർവീസുകൾ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് റെയിൽവേ. മൂന്നാംപാത പദ്ധതിയും എങ്ങുമെത്തിയില്ല.
Published: 05 Sept 2026, 04:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented