ലഖ്‌നൗ: ചോദ്യപേപ്പർ ചോർത്തി വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിക്കുകയും അശ്ലീലസന്ദേശങ്ങൾ അയക്കുകയുംചെയ്ത അധ്യാപകൻ അറസ്റ്റിൽ. ലഖ്‌നൗ സർവകലാശാലയിലെ സുവോളജി വിഭാഗം അസി. പ്രൊഫസറായ ഡോ. പരംജീത് സിങ്ങിനെയാണ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ്‌ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും മോശമായി പെരുമാറിയതിനും പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

To advertise here,

പരീക്ഷാ ചോദ്യപേപ്പർ ചോർത്തിനൽകി വിദ്യാർഥിനിയെ ചൂഷണംചെയ്യാനായിരുന്നു അധ്യാപകന്റെ ശ്രമം. രണ്ട് ചോദ്യപേപ്പറുകൾ തന്റെ പക്കലുണ്ടെന്നും തന്നെ കാണാൻ വരണമെന്നും ഇയാൾ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടിരുന്നു. പഠനകാര്യത്തിൽ ചെയ്യുന്ന സഹായത്തിന് പകരമായി ആഴ്ചയിൽ ഒരുദിവസം തന്റെയടുത്ത് വരണമെന്നും അധ്യാപകൻ പറഞ്ഞു. എന്നാൽ, വിദ്യാർഥിനി ഇതിന് വിസമ്മതിച്ചു. ഇതോടെ അധ്യാപകൻ സാമ്പത്തികസഹായം വാഗ്ദാനംചെയ്തതായും പോലീസ് പറഞ്ഞു.

ചോദ്യപേപ്പർ നൽകാമെന്നും തന്നെ കാണാൻ വരണമെന്നും അധ്യാപകൻ ആവശ്യപ്പെടുന്നതിന്റെ ഓഡിയോക്ലിപ്പ് സഹിതമാണ് വിദ്യാർഥിനി പരാതിനൽകിയത്. തുടർന്ന് സർവകലാശാല അധികൃതർ പരാതി പോലീസിന് കൈമാറുകയായിരുന്നു.