തിരുവനന്തപുരം: ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ അനാഥാലയങ്ങൾക്കുവേണ്ടി പണംപിരിക്കാനെന്ന് പറഞ്ഞെത്തിയ ആൾ വീട്ടിൽക്കയറി ഓർമക്കുറവും ശാരിരീകാസ്വസ്ഥതകളുമുള്ള 55-കാരിയെ പീഡിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് വെങ്ങാനൂർ മംഗലത്തുകോണം വാർഡിൽ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രനെ(63) തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.
ഒരാഴ്ച മുൻപാണ് സംഭവം. പണപ്പിരിവിനെത്തിയ ഇയാൾ വീട്ടിൽ പുരുഷൻമാരില്ലെന്ന് മനസ്സിലാക്കിയിരുന്നു. തുടർന്ന് വീട്ടിൽക്കയറി താൻ വൈദ്യനാണെന്ന് പരിചയപ്പെടുത്തി. പിന്നാലെ പനിയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ പരിശോധിക്കാമെന്നു പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള മകളെയും സ്ത്രീക്കൊപ്പം വിളിച്ചിരുത്തി. എന്നാൽ, പെൺകുട്ടി എഴുന്നേറ്റ് മുറിയിൽ പോയ തക്കംനോക്കി ഇയാൾ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ദൂരസ്ഥലത്ത് പോയിരുന്ന മകൻ മടങ്ങിയെത്തിയപ്പോഴാണ് പണം ചോദിച്ചെത്തിയ ആൾ വൈദ്യനെന്നു പറഞ്ഞ് തന്നെ പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തിയത്. തുടർന്ന് മകൻ തിരുവല്ലം പോലീസിൽ പരാതിനൽകുകയായിരുന്നു.
ഇയാൾ നേരത്തേയും പീഡനത്തിരയായ സ്ത്രീ താമസിക്കുന്ന മേഖലയിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലുള്ള നോട്ടീസുമായെത്തി പണംപിരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയെത്തിയ ഇയാൾ വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയായിരുന്നു സ്ത്രീയെ പീഡിപ്പിച്ചത്. ഇയാൾ നിരവധി വീടുകളിൽ ഇത്തരം പ്രവൃത്തി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം പ്രത്യേക ടീമിനെ സജ്ജമാക്കിയാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published: 22 Nov 2026, 10:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented