ഫരീദാബാദ്: വധുവിന്റെ വീട്ടുകാർ മാരുതി ബ്രെസ്സ കാർ നൽകാത്തതിനെത്തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വരൻ. ഹരിയാണയിലെ സോനിപത്തിലാണ് സംഭവം. വരനുവേണ്ടി നേരത്തേ ബുക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് ഓറയ്ക്കു പകരം 13 ലക്ഷം രൂപയോളം വിലവരുന്ന ബ്രെസ്സ വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിക്കാതിരുന്നതോടെ വരൻ വിവാഹവേദിയിൽനിന്ന് മടങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ വധുവിന്റെ പിതാവ് സുഭാഷ് കുമാർ പോലീസിൽ പരാതിനൽകി.
ഡൽഹി പോലീസിൽ ജോലിചെയ്യുന്ന കുൽദീപും സുഭാഷിന്റെ മകൾ ഹീനയുമായുള്ള വിവാഹം നവംബർ 20-ന് സോനിപത്തിലെ മാംചന്ദ് വാടികയിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ആറുമാസംമുൻപ് ഉറപ്പിച്ചതാണ് ചടങ്ങ്. വിവാഹനിശ്ചയംമുതൽതന്നെ വരന്റെ വീട്ടുകാർ കാറും ആഭരണങ്ങളും ആവശ്യപ്പെട്ടുതുടങ്ങിയെന്നാണ് പരാതി. ഇതോടെ ഒൻപതര ലക്ഷം വിലവരുന്ന ഹ്യൂണ്ടായ് ഓറ കാർ ബുക്കുചെയ്തു. ഇതറിഞ്ഞ വരൻ വിവാഹത്തിന് ഒരുദിവസംമുൻപ് ഓറ മാറ്റി ബ്രെസ്സ വേണമെന്നാവശ്യപ്പെട്ടു.
ഇതോടെ, നേരത്തേ നടത്തിയ ബുക്കിങ് റദ്ദാക്കി ബ്രെസ്സയ്ക്കായി ശ്രമിച്ചെങ്കിലും വിവാഹത്തിന് തൊട്ടുമുൻപായതിനാൽ വാഹനം സംഘടിപ്പിക്കാനായില്ല. ഏകദേശം 13 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ട ബ്രെസ്സയുടെ വില. കാറിനുപുറമേ സ്വർണാഭരണങ്ങളും വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായാണ് പരാതി. വരന് മൂന്നുപവനോളം വരുന്ന സ്വർണമാലയും അമ്മയ്ക്ക് ആറുപവനോളം വരുന്ന കമ്മലുകളും വെള്ളി പാദസരങ്ങളും നൽകാമെന്ന് സമ്മതിച്ചിരുന്നു. വരന്റെ ജ്യേഷ്ഠനും ഭാര്യയ്ക്കും ആഭരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് അവയ്ക്കും ഓർഡർ നൽകിയിരുന്നതായി സുഭാഷ് പറയുന്നു.
വിവാഹത്തിനായി ഫർണിച്ചറുകളും മറ്റു വീട്ടുപകരണങ്ങളും ഒരുക്കിയിരുന്നു. ഫർണിച്ചറുകൾക്കുമാത്രം 1.32 ലക്ഷംരൂപ ചെലവായെന്നും പിതാവ് പറയുന്നു. വിവാഹച്ചടങ്ങുകൾക്കായി 1,200 അതിഥികൾക്കുള്ള ഭക്ഷണമടക്കം വിപുലമായ ഒരുക്കങ്ങളാണ് മാംചന്ദ് വാടികയിൽ നടത്തിയിരുന്നത്. വിവാഹത്തിനായി 30 ലക്ഷംരൂപവരെ ചെലവഴിച്ചെന്നും സുഭാഷ് പരാതിയിൽ പറയുന്നു.
എന്നാൽ, വിവാഹദിവസം വരൻ വിവാഹസംഘത്തോടൊപ്പം എത്തുന്നതിനുപകരം സാധാരണ വസ്ത്രം ധരിച്ച് അമ്മയോടൊപ്പമാണ് വേദിയിലെത്തിയത്. ഉടൻ ബ്രെസ്സ കാറിനെക്കുറിച്ചന്വേഷിച്ചു. കാറെത്തിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വരൻ വധുവിന്റെ ബന്ധുക്കളെ അസഭ്യം പറഞ്ഞതായും ഹീനയുടെ സഹോദരൻ സാഹിലുമായി തർക്കത്തിലേർപ്പെട്ടതായും സുഭാഷ് ആരോപിക്കുന്നു.
വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ബന്ധുക്കൾ പലതവണ കൈകൂപ്പി അഭ്യർഥിച്ചിട്ടും കുൽദീപും അമ്മയും വഴങ്ങിയില്ലെന്നും ഒടുവിൽ ഇരുവരും മടങ്ങിപ്പോയെന്നും പരാതിയിൽ പറയുന്നു.
വിവാഹവേഷത്തിൽ മണ്ഡപത്തിലിരുന്ന ഹീന വരനെ കാത്തിരുന്നെങ്കിലും കുൽദീപ് പിന്നീട് തിരിച്ചെത്തിയില്ല. വരന്റെ ഭാഗത്തുനിന്ന് ആകെ 30 ആളുകൾ മാത്രമാണ് എത്തിയിരുന്നതെന്നും സുഭാഷ് പറയുന്നു. വരൻ മടങ്ങിയതോടെ വധുവിന്റെ ഭാഗത്തുനിന്നെത്തിയ നിരവധി അതിഥികളും ഭക്ഷണംകഴിക്കാതെ മടങ്ങി. സാമ്പത്തിക നഷ്ടം കൂടാതെ കുടുംബത്തിന് വലിയ അപമാനവും നേരിടേണ്ടിവന്നതായി പിതാവ് പരാതിയിൽ പറയുന്നു. എം.എ., ജെ.ബി.ടി. യോഗ്യതകളുള്ളയാളാണ് വധു ഹീന.
Content Highlights: Groom Kuldeep, a Delhi Police constable, allegedly refused to marry the bride in Sonipat., The cancellation happened due to the non-fulfilment of a demand for a Maruti Brezza car worth Rs 13 lakh.
Published: 22 Nov 2026, 07:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented