കണ്ണൂര്‍: മണിചെയിന്‍ രീതിയില്‍ 53,600 അക്കൗണ്ടുകളില്‍നിന്ന് 1826 കോടി രൂപ തട്ടിയ കേസില്‍ 12 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി കണ്ണൂര്‍ സിറ്റി പോലീസിന് കൈമാറി. അനധികൃത പണമിടപാട് വിചാരണ ചെയ്യാനുള്ള തലശ്ശേരിയിലെ പ്രത്യേക കോടതിയില്‍ (അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി) കുറ്റപത്രം സമര്‍പ്പിക്കും. പണം നഷ്ടപ്പെട്ട ഒരാള്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്.

To advertise here,

ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. അദ്ദേഹം മാറിയ ശേഷം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ജയന്‍ ഡൊമിനിക്കാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയത്. ഒന്നാംപ്രതി മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കില്‍വീട്ടില്‍ നിഷാദ് (36) അടക്കം മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മറ്റുള്ളവര്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി.

നിഷാദാണ് തട്ടിപ്പിന്റെ തലച്ചോറായി പ്രവര്‍ത്തിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ചെന്നൈ വെള്ളായി പിള്ളയാര്‍ കോവിലില്‍ ലോങ് റിച്ച് ഗ്ലോബല്‍ എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ചെയ്ത ഇയാള്‍ lrtrading.biz എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങി നിക്ഷേപപദ്ധതി ആരംഭിക്കുകയായിരുന്നു. 5000, 10,000, 50,000, ഒരുലക്ഷം എന്ന തോതില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ദിവസം ഒന്നുമുതല്‍ രണ്ടു ശതമാനം വരെ പലിശ 200 ദിവസത്തേക്ക് വാഗ്ദാനം ചെയ്തു. വെബ്സൈറ്റ് മുഖേന പണം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കി. ഓരോരുത്തര്‍ക്കും പ്രത്യേക പാസ്വേഡ് നല്‍കി. വാട്സാപ്പ് മുഖേന സാധ്യതകള്‍ പ്രചരിപ്പിച്ചു. കൂടുതല്‍പ്പേരെ ചേര്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പണം കിട്ടുന്ന തരത്തിലായിരുന്നു ആസൂത്രണം. പലര്‍ക്കും പണം കിട്ടി. 25,600 അക്കൗണ്ടുകളിലായി 660 കോടി രൂപയുടെ ഇടപാടാണ് ഇങ്ങനെ നടന്നത്. 2019 ഏപ്രിലായപ്പോഴേക്കും പണം പലര്‍ക്കും കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നു.

ക്രിപ്റ്റോകറന്‍സിയും

തുടര്‍ന്ന് നിഷാദ് ക്രിപ്റ്റോകറന്‍സി ഇടപാട് തുടങ്ങി. ഇതിന് www.morriscoin.com എന്നപേരില്‍ വെബ്സൈറ്റ് തുടങ്ങി. 1500 രൂപയുടെ 10 യൂണിറ്റെടുക്കുന്നവര്‍ക്ക് ഉയര്‍ന്ന മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയായിരുന്നു വാഗ്ദാനം. ഇതിലും കുറേപ്പേര്‍ ചേര്‍ന്നു. ഇങ്ങനെയാണ് മൊത്തം അക്കൗണ്ട് 53,000 കവിഞ്ഞത്. ഇതില്‍ 30,000-ഓളം പേര്‍ക്ക് പണം തിരികെ കിട്ടിയതായി കരുതുന്നു. കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ച അന്വേഷണസംഘം 40 കോടിയിലേറെ രൂപ ഈ അക്കൗണ്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്ട് തട്ടിപ്പുകളിലുമായി സമാഹരിച്ച തുകയില്‍ 1770 കോടി രൂപ പോയ വഴി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 20 കോടിയോളം രൂപ പലര്‍ ചേര്‍ന്ന് നിക്ഷേപിച്ചിരുന്നു. നിഷാദിന്റെ അക്കൗണ്ടിലേക്ക് വന്‍ തോതില്‍ പണം വരുന്ന വിവരം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം കേരള പോലീസിന് നല്‍കിയിരുന്നു. പണം അയച്ച കുറെ അക്കൗണ്ടുകളുടെ വിവരങ്ങളും നല്‍കി. ഇതിന്റെ ചുവട് പിടിച്ചുനടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.സുമേഷ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികള്‍ ഇവര്‍

1.മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കില്‍ വീട്ടില്‍ നിഷാദ് (36), 2. കിളിയണ്ണി വീട്ടില്‍ കെ.മുഹമ്മദ് ഹാസിഫ് (36), 3. കണ്ണൂര്‍ അരോളി ആര്യാലയം മരുതിയോട്ട് വീട്ടില്‍ പി.കെ.രഞ്ജിത്ത് (49), 4. മലപ്പുറം ഊരകം നെടുപ്പറമ്പ് പറമ്പന്‍വീട്ടില്‍ അബ്ദുള്‍ കലാം(46), 5. എറണാകുളം ചിരട്ടപ്പാലം സരോജിനി റോഡില്‍ ജൂണിയര്‍ കെ.ജോഷി പി.എം. (46), 6. കൊല്ലം തിരുമല്ലവാരം അഞ്ചുകല്ലുംമൂട് സന്തോഷ് ഫെലിക്‌സ് (39), 7. കണ്ണൂര്‍ ചാലാട് തണല്‍വീടിനു സമീപം റഷീദ മന്‍സിലില്‍ പി.എം.മുഹമ്മദ് റനീഷ് (39), 8. തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം ഷമീര്‍ നാലകത്ത് (31), 9. കാസര്‍കോട് മുട്ടത്തൊടി വാട്ടര്‍ ടാങ്കിന് സമീപം പി.എം.മുഹമ്മദ് റിയാസ് (33), 10. മലപ്പുറം കാവുങ്ങല്‍ അത്തിമണ്ണില്‍ വീട്ടില്‍ എം.എം.മുഹമ്മദ് ഷെഫീഖ് (30), 11. മലപ്പുറം പുളിയമ്പറമ്പ് ചേലേടത്തില്‍ വീട്ടില്‍ സി.ഷെഫീഖ് (32), 12.കോഴിക്കോട് എലത്തൂര്‍ കാട്ടുപറമ്പത്ത് വീട്ടില്‍ പി.വസീം മുനവറലി (26). ഇതില്‍ ഒന്ന്, രണ്ട്, നാല് പ്രതികളാണ് ഒളിവിലാണ്.