അഹമ്മദാബാദ്: ഗുജറാത്തിലെ 'ദൊലേറ സ്മാര്‍ട് സിറ്റി' പദ്ധതിയുടെ പേരില്‍ സഹോദരങ്ങളായ രണ്ടുപേര്‍ നടത്തിയത് 2700 കോടി രൂപയുടെ തട്ടിപ്പ്. രാജസ്ഥാനിലെ സികാര്‍ സ്വദേശികളായ സുഭാഷ് ബിജാറാണി, സഹോദരന്‍ രണ്‍വീര്‍ ബിജാറാണി എന്നിവരാണ് 70,000-ഓളം പേരില്‍നിന്നായി 2700-ഓളം കോടി രൂപ തട്ടിയെടുത്തത്. 

To advertise here,

'നെക്‌സ എവര്‍ഗ്രീന്‍' എന്ന പേരില്‍ കമ്പനി സ്ഥാപിച്ചാണ് സഹോദരങ്ങള്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ആസൂത്രണംചെയ്തത്. ഗുജറാത്തില്‍ പുതുതായി ആരംഭിക്കുന്ന 'ദൊലേറ സ്മാര്‍ട് സിറ്റി'യില്‍ തങ്ങള്‍ക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നും കമ്പനിയില്‍ നിക്ഷേപം നടത്തിയാല്‍ സ്മാര്‍ട് സിറ്റിയിലെ ഭൂമിയോ ഫ്‌ളാറ്റുകളോ അല്ലെങ്കില്‍ ഉയര്‍ന്ന പ്രതിഫലമോ തിരികെ ലഭിക്കുമെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം. മണിചെയിന്‍ മാതൃകയില്‍ ഒരാള്‍ക്ക് കീഴില്‍ കൂടുതല്‍പേരെ ചേര്‍ത്ത് നിക്ഷേപം നടത്തിയാല്‍ ഇതിന് വന്‍ കമ്മിഷനും കമ്പനി വാഗ്ദാനംചെയ്തിരുന്നു. 

2014-ല്‍ രണ്‍വീറാണ് ഗുജറാത്തിലെ ദൊലേറയില്‍ ആദ്യം ഭൂമി വാങ്ങുന്നത്. തുടര്‍ന്ന് റിട്ട. സൈനിക ഉദ്യോഗസ്ഥനായ സുഭാഷും 30 ലക്ഷം രൂപ മുടക്കി ഇവിടെ ഭൂമി സ്വന്തമാക്കി. 2021-ലാണ് സഹോദരങ്ങള്‍ 'നെക്‌സ എവര്‍ഗ്രീന്‍' എന്ന പേരില്‍ അഹമ്മദാബാദില്‍ കമ്പനി രജിസ്റ്റര്‍ചെയ്തത്. ഗുജറാത്തിലെ ദൊലേറയില്‍ പുതുതായി വരുന്ന 'സ്മാര്‍ട് സിറ്റി' പദ്ധതിയില്‍ തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഇവിടെ നിക്ഷേപം നടത്തിയാല്‍ ഉയര്‍ന്നവരുമാനം നേടാമെന്നുമായിരുന്നു കമ്പനിയുടെ വാഗ്ദാനം.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ഏകദേശം 70,000-ഓളം പേരാണ് ഈ വാഗ്ദാനം വിശ്വസിച്ച് കമ്പനിയില്‍ പണം നിക്ഷേപിച്ചത്. നിക്ഷേപം കണ്ടെത്താനായി വിവിധയിടങ്ങളില്‍ ഏജന്റുമാരെയും കമ്പനി നിയമിച്ചു. ഇവര്‍ക്ക് കമ്മിഷനായും കോടിക്കണക്കിന് രൂപ നല്‍കി. മാത്രമല്ല, നിക്ഷേപം നടത്തിയ ഒരാള്‍ തന്റെ കീഴില്‍ പുതിയ നിക്ഷേപകനെ കണ്ടെത്തിയാല്‍ ആദ്യം നിക്ഷേപം നടത്തിയ ആള്‍ക്ക് ലാപ്‌ടോപ്പുകള്‍, ബൈക്കുകള്‍, കാറുകള്‍ തുടങ്ങിയ ഉപഹാരങ്ങളും നല്‍കി. പുതുതായി നിക്ഷേപം നടത്തുന്നവരുടെ എണ്ണം അനുസരിച്ച് നിശ്ചിതതുക കമ്മിഷനും ഇവര്‍ക്ക് ലഭിച്ചു. അതിനാല്‍ തന്നെ ആദ്യം നിക്ഷേപം നടത്തിയവര്‍ തന്റെ കീഴില്‍ കൂടുതല്‍പേരെകൊണ്ട് കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സഹോദരങ്ങള്‍ രാജസ്ഥാനില്‍ ഹോട്ടലുകളും ഖനികളും വാങ്ങിക്കൂട്ടിയതായാണ് വിവരം. ഒട്ടേറെ ആഡംബരകാറുകളും സ്വന്തമാക്കി. ഗോവയില്‍ മാത്രം 25 റിസോര്‍ട്ടുകളും അഹമ്മദാബാദില്‍ നിരവധി ഫ്‌ളാറ്റുകളും പ്രതികള്‍ വാങ്ങിയിരുന്നു. കോടിക്കണക്കിന് രൂപ 27 ഷെല്‍ കമ്പനികള്‍ രൂപവത്കരിച്ച് ഇതിലേക്ക് മാറ്റുകയുംചെയ്തു. 

നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയതോടെ സഹോദരങ്ങളായ പ്രതികള്‍ എല്ലാ ഓഫീസുകളും പൂട്ടി മുങ്ങിയതായാണ് വിവരം. പ്രതികള്‍ക്കെതിരേ രാജസ്ഥാനിലെ ജോധ്പുര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

അതിനിടെ, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്ന സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇഡി) അന്വേഷണം ആരംഭിച്ചു. 'നെക്‌സ എവര്‍ഗ്രീനു'മായി ബന്ധപ്പെട്ട രാജസ്ഥാനിലെ ജയ്പുര്‍, സികാര്‍, ഗുജറാത്തിലെ അഹമ്മദാബാദ് തുടങ്ങിയ 25 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. 

കേന്ദ്രസര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും സംയുക്തമായി ഗുജറാത്തിലെ ദൊലേറയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് 'ദൊലേറ സ്മാര്‍ട് സിറ്റി. ഇന്ത്യയിലെ ആദ്യത്തെ 'ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട് സിറ്റി' എന്നാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഡല്‍ഹിയുടെ ഇരട്ടി വലിപ്പത്തിലാണ് ദൊലേറയില്‍ പുതിയ സ്മാര്‍ട് സിറ്റി ഉയരുന്നത്. അന്താരാഷ്ട്ര വിമാനത്താവളം, മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഓഫീസ് കെട്ടിടങ്ങള്‍, നിരവധി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ തുടങ്ങിയവ പദ്ധതിപ്രദേശത്ത് നിര്‍മിക്കും. 2042-ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.