
കോട്ടയം: ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് ജോലിക്കാരി രേവമ്മ പതിവുപോലെ ശ്രീവത്സം വീടിന്റെ ഗേറ്റിനുമുന്നിലെത്തിയത്. ഗേറ്റിന്റെ തൂണിലെ ബെല്ലടിച്ച് കാത്തുനിന്നെങ്കിലും ഏറെനേരം കഴിഞ്ഞും ഗേറ്റ് തുറന്നില്ല. തുടര്‍ന്ന് കാവല്‍ക്കാരന്‍ ബോണ്ടുരാജിനെ ഫോണില്‍വിളിച്ചു, ഇയാളെത്തി ഗേറ്റ് തുറന്നു. എന്നത്തെയുംപോലെ ജോലിക്കാരി നേരെപോയത് അടുക്കള വാതിലിലേക്ക്. അവിടെയെത്തിയപ്പോള്‍ കതകും ജനാലയും അടഞ്ഞുകിടക്കുന്നു.
മുട്ടിവിളിച്ചിട്ടും തുറക്കാതായതോടെ നേരെ പൂമുഖത്തെത്തി. അവിടെ പ്രധാനവാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. വീട്ടമ്മ ഡോ. മീരയെ വിളിച്ചുകൊണ്ട് സ്വീകരണ മുറിയിലേക്ക് കയറി. ഇടതുവശത്തെ കിടപ്പുമുറിയിലേക്ക് നോക്കിയപ്പോള്‍ വിജയകുമാര്‍ തലയിലും മുഖത്തും രക്തംവാര്‍ന്ന് കട്ടിലില്‍ കിടക്കുന്നത് കണ്ടു. ഉടനെതന്നെ വലതുവശത്തുള്ള അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പുമുറിയിലേക്ക് ചെന്ന് നോക്കുമ്പോള്‍ മീരയും തലയിലും മുഖത്തും രക്തംവാര്‍ന്ന് കട്ടിലില്‍ കിടക്കുന്നു... കിടക്കവിരി രക്തത്തില്‍ കുതിര്‍ന്നുകിടക്കുന്നു, രക്തം പുരണ്ട മഴുവും കട്ടിലില്‍ കണ്ടു. ഭയന്നുവിറച്ച് വീടിനുപുറത്തേയ്‌ക്കോടി വഴിക്കെതിര്‍വശത്തുള്ള കടയിലെത്തി വിവരം പറഞ്ഞു.
അയല്‍പക്കത്തെ രണ്ട് വീടുകളിലും സംഭവം അറിയിച്ചു. ഇവര്‍ ഉടന്‍തന്നെ വാര്‍ഡ് കൗണ്‍സിലറെയും പോലീസിനെയും വിവരമറിയിച്ചതോടെ നഗരം നടുങ്ങിയ ആ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഇന്ദ്രപ്രസ്ഥം ഉടമയും ഭാര്യയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.
കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. പ്രശാന്ത് കുമാര്‍ വിട്ടിലേയ്‌ക്കെത്തി. മറ്റ് സ്റ്റേഷനുകളില്‍നിന്ന് ഇന്‍സ്‌പെക്ടര്‍മാരും പൊടുന്നനെയെത്തി വീടിന്റെ നിയന്ത്രണമേറ്റെടുത്തു. തെളിവുസംരക്ഷിക്കുന്നതിന്റെ ഭാഗമായി വീട്ടുവളപ്പില്‍നിന്നവരെ പുറത്താക്കി. 'ക്രൈംസീന്‍ ഡു നോട്ട് ക്രോസ്' എന്നെഴുതിയ റിബണും വീടിനുചുറ്റും വലിച്ചുകെട്ടി.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, അഡീഷണല്‍ എസ്പി സഖറിയ മാത്യു, കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ക്രൈബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവരും വീട്ടിലേക്കെത്തി. ജോലിക്കാരി രേവമ്മയില്‍നിന്നും, കാവല്‍ക്കാരന്‍ ബോണ്ടുരാജില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നരയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജനാലയിലൂടെ പ്രധാന വാതിലിന്റെ മുകളിലത്തെ കുറ്റിനീക്കി വാതില്‍ തുറന്നു
കോട്ടയം: മതില്‍ ചാടിക്കടന്നാകാം കൊലപാതകി വീട്ടുവളപ്പില്‍ പ്രവേശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മതിലിനുള്ളില്‍ കടന്ന പ്രതി നേരെപോയത് വീടിന്റെ പിന്നില്‍ പണിയായുധങ്ങളും മറ്റും സൂക്ഷിക്കുന്ന വേറിട്ട മുറിയിലേക്ക്. അവിടെ സൂക്ഷിച്ചിരുന്ന മഴുവും, അമ്മിക്കല്ലുമായി പ്രധാന വാതിലിനുമുന്നിലെത്തി. അമ്മിക്കല്ല് വാതിലിന്റെ വലതുവശത്തുവെച്ചു. തുടര്‍ന്ന് വാതിലിനോട് ചേര്‍ന്ന ജനാലയുടെ കുറ്റിയുടെ ഭാഗത്ത് താഴെയായി ഡ്രില്ലര്‍ ഇപയോഗിച്ച് തുരന്നു. സ്‌ക്രൂ ഡ്രൈവര്‍ കടക്കുന്ന തരത്തിലുള്ള ദ്വാരത്തിലൂടെ കുറ്റി തട്ടിക്കളഞ്ഞ് ജനാല തുറന്നു, ജനാലയിലൂടെ പ്രധാന വാതിലിന്റെ മുകളിലത്തെ കുറ്റിനീക്കി വാതില്‍ തുറന്നു. ഇതിലൂടെയാണ് പ്രതി വീടിനുള്ളിലേക്ക് കടന്നതെന്നാണ് സാഹചര്യത്തെളിവുകളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
മഴുവുമായി അകത്തുകടന്ന പ്രതി ആദ്യം കൊലപ്പെടുത്തിയത് വിജയകുമാറിനെയെന്നാണ് സൂചന. മഴുവിന്റെ പിന്‍ഭാഗംകൊണ്ട് തലയടിച്ച് തകര്‍ക്കുകയായിരുന്നു. അടിയേറ്റപ്പോള്‍ രക്തം ഭിത്തിയില്‍ ചീറ്റിതെറിച്ചതും കാണാനുണ്ട്. രണ്ടാമതാണ് മീരയെ സമാനരീതിയില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മീരകിടന്ന കട്ടിലിലാണ് കൊലയ്ക്കുപയോഗിച്ച മഴു കിടന്നിരുന്നത്. ഇതാണ് മീരയെ രണ്ടാമത് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലെത്താന്‍ കാരണം. പ്രതി കൊണ്ടുവന്ന അമ്മിക്കല്ല് വാതിലിന് സമീപംതന്നെ കിടപ്പുണ്ടായിരുന്നു. ജനാലയിലൂടെ കതക് തുറക്കാനായതിനാലാകാം അമ്മിക്കല്ല് സംഭവശേഷം വാതിലിന് സമീപംതന്നെ കിടപ്പുണ്ടായിരുന്നു. കതക് തുറക്കാനായില്ലങ്കില്‍ കല്ലിനിടിച്ച് തുറക്കാനൊ, ശബ്ദംകേട്ട് കതകുതുറന്ന് വിജയകുമാറെത്തിയാല്‍ ആക്രമിക്കാനൊ ആകാം കല്ലും കരുതിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
Content Highlights: kottayam double murder case crime scene details
Published: 23 Apr 2025, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented