കോഴിക്കോട്: കൂടത്തായി കേസില്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുപത്തിയൊമ്പതാം സാക്ഷി വട്ടച്ചാംകണ്ടി അയിഷ, നാല്പത്തിയൊന്നാം സാക്ഷി കക്കുഴിയില്‍ രാജന്‍ എന്നിവരുടെ വിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. ആര്‍. ശ്യാംലാല്‍ മുമ്പാകെ ചൊവ്വാഴ്ച പൂര്‍ത്തിയായി.

To advertise here,

അന്നമ്മ തോമസ് മരിച്ചപ്പോള്‍ മരണം ഹൃദയസ്തംഭനംമൂലമാണെന്നും പൊന്നാമറ്റം വീട്ടില്‍ മൂന്നുമരണം നടക്കുമെന്നും ജോളി തന്നോടുപറഞ്ഞിരുന്നതായി അയിഷ മൊഴി നല്‍കി. റോയ് തോമസിന്റെ മരണശേഷം ജോണ്‍സണ്‍, ജോളിയുടെ വീട്ടില്‍ വരുന്നത് താന്‍ കാണാറുണ്ടായിരുന്നുവെന്നും ജോളിയുടെ അയല്‍വാസികൂടിയായ അയിഷ മൊഴിനല്‍കി. റോയ് തോമസിന് താന്‍ ഏലസ്സും മറ്റും വാങ്ങിനല്‍കിയിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം അയിഷ ക്രോസ്വിസ്താരത്തില്‍ നിഷേധിച്ചു.

രണ്ടാംപ്രതി മാത്യു, മൂന്നാംപ്രതി പ്രജികുമാറിന്റെ കടയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും മഹാറാണി ജൂവലറിക്കുവേണ്ടി ആഭരണങ്ങള്‍ നിര്‍മിച്ചിരുന്നത് പ്രജികുമാറിന്റെ ഉടമസ്ഥതയിലുള്ള ദൃശ്യകല ജൂവലറി വര്‍ക്‌സില്‍ നിന്നായിരുന്നുവെന്നും താമരശ്ശേരിയിലെ ആധാരം എഴുത്തുകാരന്‍ രാജന്‍ മൊഴിനല്‍കി. എന്നാല്‍, മാത്യുവും പ്രജികുമാറും തമ്മില്‍ സാക്ഷിപറയുംപോലുള്ളൊരു അടുപ്പം ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ. എം, ഷഹീര്‍സിങ് ചൂണ്ടിക്കാട്ടി. ഒരു സാമ്പത്തികക്രമക്കേടിലുള്ള പങ്ക് പുറത്തുകൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് തന്റെ കക്ഷിക്കെതിരേ സാക്ഷിപറയാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നും ഷഹീര്‍സിങ് കോടതിയില്‍പറഞ്ഞു.

പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകന്‍ ഹിജാസ് അഹമ്മദ് ഒമ്പതാംസാക്ഷിയെ എതിര്‍വിസ്താരം ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ. സുഭാഷ് എന്നിവര്‍ ഹാജരായി.