കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.

To advertise here,

ടെലിവിഷൻ മേഖലയിലെ ഒരു ആർട്ടിസ്റ്റ് ഹോട്ടലിൽ എത്തിയിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ലഹരിപ്പാർട്ടിക്ക് വന്നതാണോ എന്നറിയില്ല. കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നതനുസരിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മരട് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശും കൂട്ടാളി ഷിഹാസും ലഹരിപ്പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്. ഹോട്ടലിൽ വെച്ച് ഇവരെ സന്ദർശിച്ചു എന്നതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗയെയും പോലീസ് ചോദ്യം ചെയ്തത്. 

എന്നാൽ, ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും സുഹൃത്തിനെ കാണാനാണ് അന്നേ ദിവസം ഹോട്ടലില്‍ ചെന്നതെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീനാഥ് ഭാസി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

കേസിൽ, നാലുപേരെക്കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.