കൊച്ചി: ഡാൻസാഫിന്റെ പിടിയിലായ റിൻസി മുംതാസ് സിനിമാ മേഖലയിലെ കൂടുതൽ പേരുമായി അടുപ്പം സൂക്ഷിച്ചിരുന്നയാളെന്ന് വിവരം. സിനിമാ താരങ്ങളും അണിയറപ്രവർത്തകരുമായുള്ള നിരന്തരം ഫോൺ സംഭാഷങ്ങളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിൻസി വളരെ അടുപ്പം പുലർത്തിയിരുന്നതായാണ് സൂചന.
പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽ ഡാൻസാഫ് പരിശോധനക്കെത്തിയപ്പോൾ ലക്ഷ്യം റിൻസി ആയിരുന്നില്ല. റിൻസിയുടെ ആൺസുഹൃത്ത് യാസർ അറഫാത്തിനെയായിരുന്നു ഡാൻസാഫ് ലക്ഷ്യമിട്ടത്. എന്നാൽ, യാസർ അറഫാത്തിനുവേണ്ടി വിരിച്ച വലയിൽ റിൻസിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്ലാറ്റിൽ റിൻസിയും ഉണ്ടായിരുന്നു. തുടർന്ന് സംഘം റിൻസിയേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. റിൻസിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി ഇടപാടുകൾ നടത്തിയതിന്റെ വിരങ്ങൾ ഇവരുടെ ഫോണിൽ സൂക്ഷിച്ചിരുന്നതായാണ് വിവരം.
സിനിമാ മേഖലയിൽ ഇവർ ഡ്രഗ് ലേഡി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനെക്കുറിച്ചും പോലീസ് വിശദമായി പരിശോധിച്ചുവരുന്നുണ്ട്. എവിടെനിന്ന് ലഹരി വരുന്നു, ആർക്കൊക്കെ ഇവ നൽകുന്നു, എങ്ങനെയൊക്കെയാണ് പണമിടപാട് തുടങ്ങിയ കാര്യങ്ങളിലടക്കം പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യും.
സോഷ്യൽ മീഡിയയിൽ സജീവമാണ് റിൻസി മുംതാസ്. സിനിമാ മേഖലയിൽ സുപരിചിതയുമാണ്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിൻസി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാർക്ക് ലഹരിമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേർന്നായിരുന്നു ലഹരി ഇടപാട്. പാലച്ചുവടിൽ റിൻസിയുടെ പേരിൽ വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ലഹരിവിൽപന. ഇവിടെ നിരന്തരം സന്ദർശകർ എത്തിയിരുന്നെന്ന വിവരത്തെത്തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധിച്ചത്. കേരളത്തിൽ തന്നെയുള്ള ഒരാൾ എംഡിഎംഎ നൽകുന്നതായാണ് പ്രതികൾ നൽകിയ വിവരം. ഇയാളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിറ്റി പോലീസ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 20.55 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. കോഴിക്കോട് ഫാറൂഖ് സ്വദേശിയാണ് റിൻസി മുംതാസ്, കല്ലായി കണ്ണഞ്ചേരി സ്വദേശിയാണ് യാസർ അറാഫത്ത്.
Content Highlights: Kochi in a drug case rincy mumthas
Published: 13 Jul 2025, 01:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented