ആര്യനാട്: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് ന്യായം എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് വിവാഹത്തട്ടിപ്പു കേസില്‍ പിടിയിലായ രേഷ്മ പോലീസിനോടു പറഞ്ഞിട്ടുള്ളത്. സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് 2017-19 കാലഘട്ടത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. 2014-ല്‍ പ്രണയിച്ചാണ് ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍, ഇയാള്‍ പിരിഞ്ഞുപോയി. പിന്നീട് പഠനം തുടര്‍ന്നു. 2022-ലാണ് സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022-ല്‍ത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സര്‍വകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലിക ജോലിക്കു വരുന്നതിനിടയില്‍ ട്രെയിനില്‍വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2023-ലാണ് പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായുള്ള വിവാഹം. വിവാഹത്തിനു മുന്‍പുതന്നെ ഇവര്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇതിലാണ് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്.

To advertise here,

എന്നാല്‍, വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തില്‍ സംശയമാരോപിച്ച് പരാതിയുമായെത്തി.

ഇതേസമയത്താണ് പാലക്കാട് സ്വദേശി വിദേശത്തുനിന്നു തിരിച്ചെത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാളും പോലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടര്‍ന്ന് കോടതി ഇടപെട്ട് മഹിളാമന്ദിരത്തിലാക്കി. ഇവിടെനിന്നു തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭര്‍ത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് പിണങ്ങി തിരികെപ്പോയി. ഇതിനു ശേഷം തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്കു തുടക്കമിട്ടത്.

 പണമായിരുന്നില്ല ലക്ഷ്യം

പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ രേഷ്മ വിവാഹത്തട്ടിപ്പുകള്‍ നടത്തിയതെന്ന് പോലീസിന്റെ പ്രാഥമികനിഗമനം. വിവാഹം കഴിച്ചവരില്‍നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വര്‍ണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരില്‍നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് ഇവര്‍ വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കല്‍ത്തന്നെയുണ്ടായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് ഒരേസമയം പല വിവാഹജീവിതങ്ങള്‍ രേഷ്മ മുന്നോട്ടുകൊണ്ടുപോയത്.

ബിഹാറില്‍ അധ്യാപികയായിരുന്ന രേഷ്മ, 2024-ല്‍ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാന്‍ നിശ്ചയിക്കുകയും ചെയ്തത്. യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാര്‍ച്ച് ഒന്നിനും വിവാഹം കഴിച്ചു. കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചു. എല്ലാവരെയും മാട്രിമോണിയല്‍ വൈബ്സൈറ്റ് വഴിയാണ് രേഷ്മ പരിചയപ്പെട്ടത്.

വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തിരിച്ച് വിദേശത്തേക്കു പോയിരുന്നു. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത് കോട്ടയം സ്വദേശിയാണ്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും അമ്പലം അടച്ചതിനാല്‍ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിന് രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.

യാത്രാവശ്യങ്ങള്‍ക്കുള്ള പണം മാത്രമാണ് ഭര്‍ത്താക്കന്മാരില്‍നിന്ന് രേഷ്മ വാങ്ങിയിരുന്നത്. ബിഹാറില്‍ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് ഇവര്‍ വാളകത്തെ വീട്ടില്‍നിന്നു പോയിരുന്നത്. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. വിവാഹങ്ങള്‍ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്‌നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മയുടെ മൊഴി. പോലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ലെങ്കിലും വിശദമായ അന്വേഷണത്തില്‍ ഇതു സത്യമാണെന്നാണു കരുതുന്നത്.

തന്നെ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ഇനിയും തട്ടിപ്പു തുടരുമെന്നും രേഷ്മതന്നെ പോലീസിനോടു പറഞ്ഞിരുന്നു.