കലവൂർ: ജോസ്‌മോൻ മകളെ കഴുത്തുഞെരിച്ചു കൊന്നെന്ന് അറിഞ്ഞപ്പോൾ ഓമനപ്പുഴ ഗ്രാമം ഞെട്ടി. ജോസ്‌മോനെക്കുറിച്ച് നാട്ടുകാർക്ക് നല്ല മതിപ്പായിരുന്നു. പ്രശ്നങ്ങൾ ഒന്നുമുണ്ടാക്കുന്ന ആളല്ല. അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തു‍ഞെരിച്ച് കൊന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്‌മോൻ പോലീസിനോടു പറഞ്ഞത്.‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.’- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലിൽ ജോസ്‌മോന്റെ കുറ്റസമ്മതം.

To advertise here,

ജാസ്മിന്റെ കൊലപാതക വാർത്തയറിഞ്ഞപ്പോൾ ആരും ആദ്യം വിശ്വസിച്ചില്ല. കാരണം, ആ വീട്ടിൽനിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭർത്താവിന്റെ വീട്ടിൽ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിൻ അവരോടും എന്നും വഴക്കുകൂടി. വഴക്കിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

അമ്മയുടെ കൺമുന്നിൽയുവതിയെ അച്ഛൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

അമ്മയുടെ കൺമുന്നിൽ വെച്ച് 28 വയസ്സുകാരിയെ അച്ഛൻ തോർത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ഓമനപ്പുഴ കുടിയാംശ്ശേരിൽ എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ജോസ്‌മോനെ (ഫ്രാൻസിസ് -52) മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ജെസിക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

ചൊവ്വാഴ്ച രാത്രി 11- ഓടെ വീട്ടിൽവെച്ച് കൊലപാതകം നടത്തിയെന്നാണ് ജോസ്‌മോൻ പോലീസിനോടു പറഞ്ഞത്. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി എയ്ഞ്ചലിന്റെ അമ്മ ജെസിയും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. കഴുത്തിലെ രണ്ടു രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ബുധനാഴ്ച രാവിലെ മകൾ മരിച്ചു കിടക്കുന്നതായി ജോസ്‌മോനും ഭാര്യയും അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവേൽ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്.

placeholder
മണ്ണഞ്ചേരി ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് ഓമനപ്പുഴ കുടിയാംശ്ശേരിൽ എയ്ഞ്ചൽ ജാസ്മിന്റെ വീട്ടിലുള്ളവരെ ചോദ്യംചെയ്യാൻ എത്തിയപ്പോൾ

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മൂന്നുവർഷം മുൻപ് വിവാഹിതയായ എയ്ഞ്ചൽ ജാസ്മിൻ, ഭർത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളുമായി വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്‌മോൻ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്കൂട്ടറെടുത്ത് എയ്ഞ്ചൽ പുറത്തുപോയി. തിരികെയെത്തിയപ്പോൾ എയ്ഞ്ചലും ജോസ്‌മോനുമായി മൽപ്പിടിത്തമുണ്ടായി. ഇതിനിടെ തറയിൽ വീണ തോർത്തുപയോഗിച്ച് ജോസ്‌മോൻ, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഇൻക്വസ്റ്റ് നടപടി നടത്തിയപ്പോൾ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പോലീസ് ജോസ്‌മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇൻസ്പെക്ടർ ടോൾസൻ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛൻ സേവ്യറിനെ എയ്ഞ്ചൽ മർദിച്ചതായും ജോസ്‌മോൻ മൊഴിൽ നൽകി. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ പോലീസ് എല്ലാവരെയും ചോദ്യംചെയ്ത ശേഷം വീടുപൂട്ടി സീൽ ചെയ്തു. സംസ്കാരം വ്യാഴാഴ്ച 12-ന് ഓമനപ്പുഴ സെയ്ന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.