ബെംഗളൂരു: കര്‍ണാടകയില്‍ 27-കാരിയായ ഇസ്രയേലി വിനോദസഞ്ചാരിയേയും ഹോംസ്‌റ്റേ ഉടമയേയും കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നാമനെ പിടികൂടാന്‍ ശ്രമം തുടരുന്നതായി കൊപ്പല്‍ എസ്.പി. റാം എല്‍. അര്‍സിദ്ധി അറിയിച്ചു. ഗംഗാവതി സ്വദേശികളായ സായ് ചേതന്‍, മല്ലേഷ് എന്നിവരാണ് പിടിയിലായത്. ലൈംഗിക പീഡനം, കൂട്ടബലാത്സംഗം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

To advertise here,

ബലാത്സംഗത്തിന് ഇരയായ യുവതികള്‍ സുഖം പ്രാപിച്ചുവരുന്നതായി പോലീസ് അറിയിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസ് രണ്ട് പ്രത്യേകസംഘങ്ങള്‍ അന്വേഷിച്ചുവരികയാമെന്ന് കൊപ്പല്‍ എസ്.പി. അറിയിച്ചു.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൊപ്പലിലെ കനാലിന് സമീപം വാനനിരീക്ഷണത്തിന് എത്തിയതായിരുന്നു അഞ്ചുപേരടങ്ങുന്നസംഘം. സംഘത്തിലെ പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ട ശേഷം പ്രതികള്‍ യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

അമേരിക്കക്കാരനായ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ്, ഒഡിഷയില്‍നിന്നുള്ള ബിബാഷ്, ഇസ്രയേലി യുവതി എന്നിവര്‍ ഹോംസ്‌റ്റേ ഉടമയായ യുവതിക്കൊപ്പം വാനനിരീക്ഷണത്തിന് ഇറങ്ങിയതായിരുന്നു. ബൈക്കിലെത്തിയ അക്രമികള്‍ അടുത്ത് എവിടെയാണ് പെട്രോള്‍ ലഭിക്കുക എന്ന് അന്വേഷിച്ചു. പിന്നാലെ പണം ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ സഞ്ചാരികളെ ആക്രമിക്കാന്‍ തുടങ്ങി. പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ടു. ഇസ്രയേലി യുവതിയേയും ഹോംസ്‌റ്റേ ഉടമയായ 29-കാരിയേയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് ഇവര്‍ ബൈക്കില്‍ തന്നെ കടന്നുകളഞ്ഞു എന്നുമാണ് പരാതിയിലുള്ളത്.

ഡാനിയേലിനും പങ്കജിനും നീന്തി രക്ഷപ്പെടാന്‍ സാധിച്ചു. എന്നാല്‍, ബിബാഷ് കനാലില്‍ മുങ്ങിപ്പോയി. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിബാഷിന്റെ മൃതദേഹം കണ്ടെത്തി.