
ബെംഗളൂരു: കര്‍ണാടകയില്‍ ഇരുപത്തേഴുകാരിയായ ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമസ്ഥയേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു മരണം. ഇവർക്കൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശി ബിബാഷാണ് മരിച്ചത്. ബിബാഷ് ഉള്‍പ്പെടെ മൂന്ന് പേരെ കനാലിലേക്ക് തള്ളിയിട്ടാണ് മൂന്നംഗ സംഘം ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമസ്ഥയേയും ബലാത്സംഗത്തിന് ഇരയാക്കിയത്.
അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ് എന്നിവര്‍ കനാലില്‍നിന്ന് നീന്തി രക്ഷപ്പെട്ടെങ്കിലും ബിബാഷ് മുങ്ങിപ്പോകുകയായിരുന്നു. തിരച്ചിലിനൊടുവില്‍ ശനിയാഴ്ച്ച രാവിലെയാണ് ബിബാഷിന്റെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് 350 കിലോമീറ്റര്‍ അകലേയുള്ള കൊപ്പലിലാണ് സംഭവം. കൊപ്പലിലെ കനാലിന് അടുത്ത് രാത്രി 11.30-ന് നക്ഷത്രനിരീക്ഷണത്തിന് എത്തിയതായിരുന്നു നാല് ടൂറിസ്റ്റുകളും ഹോം സ്റ്റേ ഉടമസ്ഥയും. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ട് പ്രത്യേക സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും കൊപ്പല്‍ പോലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി വ്യക്തമാക്കി.
അത്താഴത്തിനുശേഷം താനും നാല് അതിഥികളും തുംഗഭദ്ര ലെഫ്റ്റ് ബാങ്ക് കനാലിന് അടുത്ത് നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ പ്രതികള്‍ ബൈക്കിലെത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് 29-കാരിയായ ഹോം സ്റ്റേ ഉടമ നല്കിയ പരാതിയില്‍ പറയുന്നത്. പെട്രോള്‍ എവിടെ കിട്ടുമെന്ന് ആദ്യം അന്വേഷിച്ച അവര്‍ പിന്നീട് അവര്‍ വിനോദ സഞ്ചാരികളില്‍നിന്ന് 100 രൂപ ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അവര്‍ ബൈക്കില്‍തന്നെ രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇസ്രയേല്‍ വനിതയും ഹോംസ്റ്റേ ഉടമയും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, കവര്‍ച്ച, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: israeli tourist homestay owner gang raped while stargazing in karnatak co traveler dead
Published: 08 Mar 2025, 12:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented