ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.

To advertise here,

ഒമ്പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ഇവര്‍ മുഖം മറച്ചിരുന്നു. കൈയില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറഞ്ഞു.

കവര്‍ച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കവര്‍ച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സോലാപുരില്‍ കാറും കവര്‍ച്ച നടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാര്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.