വടകര: വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് പിടിയിലായ അനസിൻ്റെയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്‌മലിൻ്റെയും അടുത്ത കൂട്ടാളിയാണ്.

To advertise here,

മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനായ ഇയാളാണ് കേസുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണെന്നു പറയുന്നു. കേസിലെ പ്രധാനിയായ വയനാട് സ്വദേശി ഷിൻ്റോ ഷിജുവും ആയുള്ള ഇടപാട് നടത്തിയതും ഫിറോസാണ്. ഇയാളെ മുൻപ് മൊടക്കല്ലൂരിലെ ലോഡ്‌ജിൽ വച്ച്‌ യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്സൈസ് സംഘം പിടികൂടിയിരുന്നു.

അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം ഇടപാട് നടത്താൻ ഇറങ്ങിയപ്പോഴാണ് ഇന്നലെ പേരാമ്പ്രയിൽനിന്ന് പിടികൂടിയത്. റൂറൽ എസ്‌പിയുടെ ഡാൻസാഫ് സംഘം പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡിൽ എത്തിയെന്ന വിവരം ലഭിച്ചതോടെ സംഘം ഫിറോസിനെ പിടികൂടുകയായിരുന്നു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.എം. അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി പ്രതിയെ വടകര പൊലീസിന് കൈമാറി.