പ്രിറ്റി ലിറ്റിൽ ലയേഴ്സ് (Pretty Little Liars) എന്ന പ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ കീഗൻ അലനെ ലോസ് ആഞ്ചലിസിലെ വെസ്റ്റ് ഹോളിവുഡിൽ തോക്കിൻമുനയിൽ കൊള്ളയടിച്ചു. അക്രമികൾ അദ്ദേഹത്തെ ആക്രമിച്ച് പരിക്കേൽപിച്ചു. വെസ്റ്റ് ഹോളിവുഡിലെ ലോറൽ സപ്ലൈ എന്ന കടയ്ക്ക് പുറത്തുവെച്ച് ബുധനാഴ്ച രാത്രിയാണ് 37-കാരനായ നടനുനേരെ ഈ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച രണ്ടുപേർ അദ്ദേഹത്തിന്റെ തലയിൽ അടിക്കുകയും തോക്കും കത്തിയും ചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന വാച്ച് തട്ടിയെടുക്കുകയുമായിരുന്നു.

To advertise here,

ആക്രമണത്തിന് തൊട്ടുപിന്നാലെ തലയിൽനിന്ന് രക്തം ഒലിക്കുന്ന നിലയിൽ കീഗൻ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചു. രണ്ടുപേർ ചേർന്ന് തന്റെ തലയിലടിക്കുകയും തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി വാച്ച് തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വാച്ചിനുവേണ്ടി അക്രമികൾ തന്റെ ജീവനെടുക്കാൻവരെ തുനിഞ്ഞുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം കുറിപ്പിൽ കുറിച്ചു. വെസ്റ്റ് ഹോളിവുഡ് ഇനി സുരക്ഷിതമായ ഒരു സ്ഥലമല്ലെന്ന് തനിക്കുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ നടൻ തുറന്നടിച്ചു.

"എന്റെ വാച്ചിനായി രണ്ട് യുവാക്കൾ എന്നെ തോക്കിന്റെയും കത്തിയുടെയും മുനയിൽ നിർത്തി കൊള്ളയടിച്ചു. അവർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇന്ന് ദൈവം വേണ്ടെന്ന് വെച്ചു. ഒരു വാച്ചിന് പകരമായി എന്റെ ജീവൻ." അദ്ദേഹം പറഞ്ഞു.

അക്രമികളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അദ്ദേഹം ആരാധകരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാകുമോ എന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, ലൊസാഞ്ചലസ് മേയർ കാരെൻ ബാസ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം എന്നിവരെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.

സംഭവം നടന്ന സ്ഥലത്തുവെച്ച് അഗ്നിശമനസേനയിലെ ജീവനക്കാർ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ആദ്യം ആശുപത്രിയിലേക്ക് മാറ്റിയിരുന്നില്ല. എന്നാൽ പിന്നീട് ഇൻസ്റ്റഗ്രാം കമന്റുകളിലൂടെ താൻ ആശുപത്രിയിലാണെന്നും തലയ്ക്ക് ആഘാതമേറ്റതിനെ തുടർന്ന് ബോധക്ഷയം ഉണ്ടായെന്നും നടൻ വെളിപ്പെടുത്തി. നിലവിൽ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

2010 മുതൽ 2017വരെ ഏഴ് സീസണുകളിലായി സംപ്രേഷണം ചെയ്ത 'പ്രിറ്റി ലിറ്റിൽ ലയേഴ്സ്' എന്ന പ്രശസ്തമായ കൗമാര മിസ്റ്ററി ഡ്രാമ പരമ്പരയിൽ ടോബി കവനോഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കീഗൻ അലൻ ആഗോളതലത്തിൽ പ്രശസ്തനായത്. അലിസൺ ഡി ലൊറെന്റീസ് എന്ന സുഹൃത്തിന്റെ അപ്രത്യക്ഷമാകലിനുശേഷം ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളായിരുന്നു ഈ പരമ്പരയുടെ ഇതിവൃത്തം.