കൊച്ചി: ജൂത സിനഗോഗിന് സമീപത്തെ തീവെപ്പുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായ സാഹചര്യത്തിൽ പ്രതികരണവുമായി മുൻപ് തീവെപ്പ് നടന്ന മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂം ഉടമ അജി. തന്നോട് വ്യക്തിവൈരാഗ്യമുള്ള ആരോ ആണ് അന്ന് കടയിലേക്ക് പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് കത്തിക്കാൻ ശ്രമിച്ചതെന്നാണ് കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

അന്ന് സിസിടിവി ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും പ്രതിയെ പിടികൂടാനായില്ല. പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ എബിൻ വീണ്ടും ഇത്തരമൊരു കൃത്യം കൂടി ചെയ്യില്ലായിരുന്നുവെന്നും വലിയ അപകടങ്ങൾ ഉണ്ടാകാത്തത് ഭാഗ്യമെന്ന് കരുതുകയാണെന്നും അജി പറഞ്ഞു. എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂത സിനഗോഗിന് സമീപത്തെ തീവെപ്പുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് വാദ്യംപടി കുന്നത്തുകാവലംകുഴി എബിൻ ബി. പോളി (32) നെ പോലീസ് പിടികൂടിയ വാർത്തക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അജി. ‌‌

എബിൻ ബി. പോളിനെ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് മാസങ്ങൾക്ക് മുമ്പ് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ പെട്രോൾ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് കത്തിക്കാൻ ശ്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നിലും എബിൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. മൂവാറ്റുപുഴ വാളകം മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് നൂറോനോ പള്ളിക്ക് സമീപം ഓലിക്കൽ അജി ചാക്കോയുടെ വീട്ടുമുറ്റത്ത് തന്നെയുള്ള മൈ കാർ ഷോറൂമാണ് കത്തിക്കാൻ ശ്രമിച്ചത്. വീടിനോട് ചേർന്നുള്ള അജിയുടെ തന്നെ ഉടമസ്ഥതയിലുള്ള കെയ്‌ക്ക് ഷോപ്പിന്റെ ചില്ലുവാതിൽ കത്തിയതിനെ തുടർന്ന് തകർന്നിരുന്നു. കടയുടെ കാബിനിന്റെ കുറച്ചു ഭാഗത്താണ് തീപിടിച്ചത്. പുലർച്ചെ 3.30-നും 5.30-നും ഷോറൂമിലേക്ക് പെട്രോൾ നിറച്ച കുപ്പി സിഗരറ്റ് കത്തിച്ച് തീപിടിപ്പിച്ചെറിയുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.

മൂന്ന് ബിയർ കുപ്പികളിലും ഒരു പ്ലാസ്റ്റിക് കുപ്പിയിലുമാണ് പെട്രോൾ നിറച്ചു കൊണ്ടുവന്നത്. രണ്ട് ചില്ലുകുപ്പി എറിഞ്ഞപ്പോൾത്തന്നെ പൊട്ടിപ്പോയി. മറ്റൊരു കുപ്പി പൊട്ടിയില്ല. പിന്നീട് പുലർച്ചെ വീണ്ടും ശ്രമിക്കുന്നതിനിടെ നടക്കാനിറങ്ങിയവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ എബിൻ രക്ഷപ്പെടുകയായിരുന്നു. അന്ന് പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസ് കൃത്യമായി അന്വേഷിച്ചില്ല. സിസിടിവി ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും പ്രതിയെ പിടികൂടാനായില്ല.

തിരഞ്ഞെടുപ്പ് സമയമായിരുന്നതുകൊണ്ടുതന്നെ അതിന്റെ തിരിക്കിലായിരുന്നു എല്ലാവരും. നാട്ടുകാരെല്ലാം എന്നോട് വ്യക്തിവൈരാഗ്യമുള്ള ആരോ ആണ് അന്ന് കടയിലേക്ക് പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് കത്തിക്കാൻ ശ്രമിച്ചതെന്നാണ് പറഞ്ഞത്. എന്നാൽ ഈ സംഭവം വലിയ പേടിയാണ് ഉണ്ടാക്കിയത്, അജി പറഞ്ഞു.

അതേസമയം വാർത്തയറിഞ്ഞ ഞെട്ടലിലാണ് എബിന്റെ നാട്ടുകാർ. ‘പത്രത്തിലും ചാനലുകളിലും വാർത്തകൾ വന്നപ്പോഴാണ് അവന്റെ പേര് പോലും ശരിക്ക് ഞങ്ങൾ അറിയുന്നത്. നാട്ടുകാരുമായി യാതൊരു ബന്ധവും അവനില്ല. വീട്ടിൽനിന്ന് പുറത്ത് ഇറങ്ങുകയോ മറ്റ് കൂട്ടുകെട്ടുകളോ ഇല്ല. വളരെ സാമ്പത്തികമുള്ള മാതാപിതാക്കളുടെ മകനാണ് എബിൻ. എങ്ങനെയാണ് ഇത്തരം സംഭവങ്ങളിൽ അവൻ പങ്കാളിയായതെന്ന് അറിയില്ല’, നാട്ടുകാർ പറയുന്നു.

പുണെയിൽ ഫാഷൻ ഡിസൈനിങ് പഠിച്ച എബിൻ വീടിനുള്ളിൽതന്നെ കഴിയുന്ന പ്രകൃതമായിരുന്നു. ഇപ്പോൾ കാണുന്ന വാർത്തകളിലെ ഞെട്ടലിലാണ് തങ്ങളെന്നാണ് സംഭവത്തെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത്. എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂത സിനഗോഗിന് സമീപത്തെ ബാനറുകളും  ഫ്‌ളക്സുകളും തീകൊളുത്തി നശിപ്പിക്കുകയും അത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് എബിൻ പിടിയിലാകുന്നത്. ഇതിന് പിന്നാലെ പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ റെയിഡിൽ ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു.